അറസ്റ്റിലായ പ്രതികൾ
സുല്‍ത്താന്‍ബത്തേരി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെ വില്‍പ്പനക്കായി എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 51.350 ഗ്രാം എംഡിഎംഎ യുമായി പതിനാറുകാരനടക്കം നാലുപേര്‍ പിടിയിലായിരിക്കുന്നത്.
കല്‍പ്പറ്റ മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഇവരുടെ ഒപ്പമുണ്ടായിരുന്ന 16 വയസുകാരന് പുറമെ ഗുണ്ടല്‍പേട്ടില്‍ വച്ച് ഈ സംഘത്തിന് എംഡിഎംഎ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ്. അമല്‍(33) എന്ന യുവാവിനെയുമാണ് പോലീസ് പിടികൂടിയത്.
കര്‍ണാടക ഭാഗത്തുനിന്നു വന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. ഇതോടെ യുവാക്കളെ ദേഹപരിശോധന നടത്തിയതില്‍ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
Tags : Operation Toofan arrest MDMA Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash