ചേർത്തല: ചേർത്തല സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കാറും പണവും അപഹരിച്ച കേസിലെ പ്രതികൾ പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് ആശാരിപ്പറമ്പ് കുരുട് എന്ന് വിളിക്കുന്ന സതീഷ് (34), ഞാറക്കൽ കൊല്ലംവേലിക്കകത്ത് ലിംബുട്ടൻ എന്ന ജോസഫ് ലിബിൻ ഡിക്രൂസ് (30), എറണാകുളം ഉദയംപേരൂർ പാലത്തിങ്കൽ ഉണ്ണികൃഷ്ണൻ (28) എന്നിവരെയാണ് അർത്തുങ്കൽ പോലീസ് പിടികൂടിയത്.
ഫെബ്രുവരി 20 നായിരുന്നു സംഭവം. വാഹനം വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം തട്ടിയെടുക്കുകയും കാറ് അപഹരിക്കുകയും ചെയ്തതാണ് ഇവർക്കെതിരേയുള്ള പരാതി. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴു പേർക്കായി അന്വേഷണം തുടങ്ങി. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ്ഐ ഡി. സഞ്ജീവ്കുമാർ, എസ്ഐ കെ. ആർ. ബൈജു, സീനിയർ സിപി ഒമാരായ ജിതിൻ, നന്ദുലാൽ, യദു പ്രിയ, ഡി വൈഎസ്പി സ്ക്വാഡിലെ സീനിയർ സിപിഒ ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.