കൊല്ലം :സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥി സമൂഹം സജീവ പങ്കാളികളാകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
കൊല്ലം നിയോജകമണ്ഡ--ത്തിലെ പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഫോക്കസ് കൊല്ലം' മിനിസ്റ്റേഴ്സ് എക്സലെന്‍സ് അവാര്‍ഡ്-2026 വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കാന്‍ കൃത്യമായ ലക്ഷ്യബോധം അനിവാര്യമാണ്.
നാടിന്റെ സമഗ്ര വികസനത്തിനായി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വരുംതലമുറയ്ക്കായി മികച്ച തൊഴില്‍ സാധ്യതകളും സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃത്യമായ ലക്ഷ്യം എപ്പോഴും മുന്നില്‍ മനസില്‍ കുറിച്ചിട്ടായിരിക്കണം വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവിയിലേക്ക് മുന്നേറേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാനും അവര്‍ക്ക് പരമാവധി പിന്തുണ നല്‍കാനും സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 അല്ലെങ്കില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയവര്‍, ഡിഗ്രി, പിജി, മറ്റ് പ്രഫഷണല്‍ പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ എന്നിവരെയാണ് ആദരിച്ചത്.
ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രമ്യാ ഹരിദാസ് എംഎല്‍എ വിശിഷ്ടാതിഥിയായി.മേയര്‍ എന്‍.കെ. ഹഫീസ്, കളക്ടര്‍ ആനി ജൂല തോമസ്, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Students must unite against drugs