Editorial
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം പുതിയതല്ല. പക്ഷേ, പണ്ട് രാഷ്ട്രീയ വാണിഭക്കാർ ജനങ്ങളറിയാതെ തലയിൽ മുണ്ടിട്ട് അത്യപൂർവമായി പോയിരുന്ന ആ അധോലോകത്തിന്റെ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതു ബിജെപിയാണ്. ആർക്കെതിരേ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചോ അവരുമായി സന്ധി ചെയ്യുന്ന ജനപ്രതിനിധികൾ വോട്ട് ചെയ്തവരെ വഞ്ചിക്കുക മാത്രമല്ല, ജനാധിപത്യത്തെ വ്യാപാരമാക്കുകയും ചെയ്യുന്നു.
ആം ആദ്മി പാർട്ടിയിൽനിന്ന് രാജ്യസഭയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴു കുതിരകളാണ് ഏറ്റവുമൊടുവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ബിജെപി വാങ്ങിയതാണോ ഛദ്ദയും കൂട്ടരും സ്വയം വിറ്റതാണോ എന്നതിനേക്കാൾ പ്രസക്തം, ജനം ചതിക്കപ്പെട്ടു എന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. പക്ഷേ, ജനവഞ്ചനയുടെയും ജനാധിപത്യ അട്ടിമറിയുടെയും പരിധിയിൽ വരും.
രാജ്യസഭയിലെ 10 ആം ആദ്മി പാർട്ടി എംപിമാരിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നീ ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ലയനത്തെ രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു. 18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.
പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്. ബിജെപിക്ക് പഞ്ചാബ് മറ്റൊരു കേരളം പോലെയാണെന്നർഥം. തുടക്കത്തിൽ പറഞ്ഞതുപോലെ, ബിജെപിക്കും കോൺഗ്രസിനുമെതിരേ ആം ആദ്മിയെ വിജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളുടെ വിധി കുതിരക്കച്ചവടക്കാർ അട്ടിമറിച്ചിരിക്കുന്നു.
എന്തു ലാഭത്തിനുവേണ്ടിയാണ് ആം ആദ്മി എംപിമാർ ജനവിധി വിറ്റതെന്ന ചോദ്യമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ മുതൽ ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉപയോഗിച്ചുള്ള ബിജെപിയുടെ ഭീഷണിവരെ ആരോപിക്കപ്പെടുന്നുണ്ട്. രാഘവ് ഛദ്ദയാണ് കൂറുമാറ്റസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഛദ്ദയുടെ നീക്കം മണത്തറിഞ്ഞ ആം ആദ്മി പാർട്ടി അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് നീക്കുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മിത്തലിന്റെ ഉടമസ്ഥതയിൽ ഗുഡ്ഗാവിലും ജലന്ധറിലുമുള്ള 10 സ്ഥാപനങ്ങളിൽ ഏപ്രിൽ 10ന് ഇഡി പരിശോധന നടത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തി രണ്ടു വർഷത്തിനകം സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതും. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു അധികാരം പിടിച്ചത്. വിഷയം കോടതിയിൽ ചോദ്യംചെയ്യുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും നിയമമുണ്ടെങ്കിലും 1992ലെ കിഹോതോ ഹോളോഹാൻ കേസിൽ, അധ്യക്ഷന്റെ തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. കേസിന്റെ ഫലം എന്തായാലും അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് ആം ആദ്മി എംപിമാരുടെ വരവ് ഗുണകരമാകുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസിന്റെ മനസിലൊരു ലഡു പൊട്ടിയിട്ടുണ്ട്. തങ്ങളെ കൈയൊഴിഞ്ഞ് ആം ആദ്മിയെ വിജയിപ്പിച്ചവർ തിരിച്ചു ചിന്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കോൺഗ്രസ് മുക്ത ഭാരതമെന്നാൽ പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് ആം ആദ്മിക്കും തിരിച്ചറിവായി. അഴിമതിക്കെതിരേ അണ്ണാ ഹസാരെ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ജൻ ലോക്പാൽ സമരത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കേജരിവാൾ 2012ൽ രൂപീകരിച്ചതാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ബിജെപിയുടെ കോട്ടയായ ഗുജറാത്തിലേക്കും ആം ആദ്മി മത്സരത്തിനിറങ്ങിയതോടെ ഡൽഹി മദ്യനയത്തിൽ അഴിമതിയാരോപിച്ച് കേജരിവാളിനെ ബിജെപി പൂട്ടി.
കെട്ടിച്ചമച്ച കേസാണെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ എത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധതയ്ക്കും ജനാധിപത്യവത്കരണത്തിനുംവേണ്ടി പ്രസംഗിച്ച പാർട്ടി, ക്രമേണ കേജരിവാളിന്റെ ഏകാധിപത്യത്തിലായി. 2014ൽ യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചത് ആം ആദ്മി പാർട്ടിയാണ്. പക്ഷേ, അതിന്റെ വളർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീളുന്നത് ബിജെപി താത്പര്യപ്പെടുന്നില്ല.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങൽ മുന്‍പും ഉണ്ടായിരുന്നെങ്കിലും 1893 മാർച്ച് 22ന് ‘ന്യൂയോർക്ക് ടൈംസ്’, ‘നുണയും നിയമനിർമാണവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ‘കുതിരക്കച്ചവടം’ എന്ന പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഈ കച്ചവടക്കാരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടെയുണ്ട്. കോൺഗ്രസ് തന്നെയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇതിൽ ഭേദഗതി കൊണ്ടുവന്നു. അതോടെ കൂറുമാറ്റത്തിന്റെ സാധുതയ്ക്കു മൂന്നിലൊന്ന് ഭൂരിപക്ഷമെന്നത് മൂന്നിൽ രണ്ടായി. പാവം വാജ്പേയി! അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവത്കരണകാലത്ത് കുതിരച്ചന്തയിൽ മൂന്നിൽ രണ്ടൊന്നും തടസമാകില്ലെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടില്ല.
ഇങ്ങനെ സംഗ്രഹിക്കാം: ജനാധിപത്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രഥമസ്ഥാനം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജനപ്രതിനിധികൾ കൈയടക്കുകയാണ്. ആരു ജയിക്കണമെന്നല്ലാതെ ആരു ഭരിക്കണമെന്ന് ജനത്തിനു തീരുമാനിക്കാനാകാത്ത അവസ്ഥ. “ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ” എന്ന ജനാധിപത്യ സങ്കൽപ്പത്തോട് ഇതിനു ചില സാദൃശ്യങ്ങളുണ്ടെന്നതു ശരിയാണ്. അതാണ് കൂടുതൽ അപകടം.
National
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. പ്രതിപക്ഷ പാർട്ടികളെ നിഷ്പ്രഭമാക്കിക്കൊണ്ട് നടന്ന ഈ 'കാവി തരംഗം' 2026-ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറി.
ആകെയുള്ള 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് വെറും 18 സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടി എല്ലാവരെയും ഞെട്ടിച്ച ആം ആദ്മി പാർട്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ എഎപിക്ക് ലഭിച്ചത്. സൂറത്തിലെ 115 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടി.
രാജ്കോട്ട്, വഡോദര കോർപ്പറേഷനുകളിൽ 65 സീറ്റുകൾ വീതം നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. കോൺഗ്രസ് ഇവിടെയും രണ്ടക്ക സംഖ്യയിലെത്താൻ പ്രയാസപ്പെട്ടു. താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ചില ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും എഎപിക്കും നേരിയ സ്വാധീനം നിലനിർത്താൻ സാധിച്ചു.
ഗുജറാത്തിലെ ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭിനന്ദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയമെന്ന് അദ്ദേഹം കുറിച്ചു. വിജയത്തിന്റെ ആവേശത്തിൽ ഇന്ന് രാത്രി അഹമ്മദാബാദിൽ വൻ 'വിജയോത്സവം' നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ സംഘവി, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
"ഡബിൾ എൻജിൻ" ഭരണമാതൃകയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമായാണ് ഈ വിജയത്തെ ബിജെപി നേതൃത്വം വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ മുന്നേറ്റം പാർട്ടിക്കിനി കരുത്തേകും.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നിന്നുള്ള ഏഴ് രാജ്യസഭ എംപിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നതോടെ രാജ്യസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന്റെ അംഗസംഖ്യ 148 ആയി ഉയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന നിർണായക ലക്ഷ്യത്തിലേക്ക് എൻഡിഎ കൂടുതൽ അടുത്തിരിക്കുകയാണ്.
രാഘവ് ചദ്ദ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, അശോക് കുമാർ മിത്തൽ, സന്ദീപ് കുമാർ പഥക്, ഡോ. വിക്രംജിത് സിംഗ് സാഹ്നി, രാജീന്ദർ ഗുപ്ത എന്നിവരാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഏഴ് എംപിമാരുടെയും ബിജെപിയിലേക്കുള്ള ലയനത്തിന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി.
എഎപിയുടെ രാജ്യസഭാ അംഗങ്ങളിൽ മൂന്നിൽ രണ്ടിലധികം പേർ ഒരുമിച്ച് മാറിയതിനാൽ 'ഫിഫ്റ്റി-ഫിഫ്റ്റി' നിയമം അഥവാ കൂറുമാറ്റ നിരോധന നിയമത്തിലെ (പത്താം ഷെഡ്യൂൾ) വ്യവസ്ഥകൾ പ്രകാരം ഇവരുടെ എംപി സ്ഥാനം സുരക്ഷിതമായിരിക്കും.
ഈ മാറ്റത്തോടെ രാജ്യസഭയിൽ ബിജെപിയുടെ മാത്രം അംഗസംഖ്യ 113 ആയി. സഖ്യകക്ഷികളും ഏഴ് നോമിനേറ്റഡ് അംഗങ്ങളും ഉൾപ്പെടെ എൻഡിഎയുടെ ആകെ ബലം 148 ആണ്. ഈ വർഷം ഒഴിവ് വരുന്ന 30 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ 163 എന്ന 'ടു-തേർഡ് മെജോറിറ്റി' (മൂന്നിൽ രണ്ട് ഭൂരിപക്ഷം) കടക്കാൻ ബിജെപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന എംപിമാരുടെ ലയനത്തിന് രാജ്യസഭാ ചെയർമാൻ അംഗീകാരം നൽകി. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് ഏഴ് എഎപി എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്.
ഇതോടെ എന്‍ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഏഴ് പേരെ നഷ്ടപ്പെട്ടതോടെ എഎപിയുടെ സംഖ്യ മൂന്നായി ചുരുങ്ങി. എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്മാന് എഎപി നല്കിയ കത്ത് ഇതോടെ അപ്രസക്തമായി. നീക്കം തടയാനായി പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാനും സമയം തേടിയിരുന്നു.
കൂറുമാറ്റ നിരോധന നിയമം ചൂണ്ടിക്കാട്ടി ലയനം അംഗീകരിക്കരുതെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ വാദം. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയർമാന് നിവേദനം നൽകിയിരുന്നു.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ലയിച്ച ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിംഗ് രംഗത്ത്. ഇതുസംബന്ധിച്ച് അദ്ദേഹം രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് ഔദ്യോഗികമായി നിവേദനം നൽകി. എംപിമാരുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മുതിർന്ന അഭിഭാഷകനും സ്വതന്ത്ര എംപിയുമായ കപിൽ സിബലുമായി നടത്തിയ നിയമപരമായ ചർച്ചകൾക്ക് ശേഷമാണ് സഞ്ജയ് സിംഗ് പരാതി സമർപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട പാർട്ടിയെ വഞ്ചിച്ച് മറ്റൊരു പാർട്ടിയിൽ ചേരുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന് സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.
ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരുടെയും രാജ്യസഭാ അംഗത്വം ഉടനടി റദ്ദാക്കണമെന്ന് അദ്ദേഹം നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം കൂറുമാറ്റ കേസുകളിൽ സുപ്രീംകോടതിയുടെ മുൻകാല വിധികൾ തങ്ങൾക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഞാൻ പരാതി നൽകിയത്. ഈ വിഷയത്തിൽ എത്രയും വേഗം വാദം കേൾക്കണമെന്നും നീതിയുക്തമായ തീരുമാനമെടുക്കണമെന്നും ഉപരാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബിജെപിയുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ ഞങ്ങൾ നിയമപരമായി പോരാടും," സഞ്ജയ് സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നടുവൊടിച്ച ബിജെപിയുടെ "ഓപ്പറേഷൻ താമര’യ്ക്ക് ലക്ഷ്യം പലത്. പത്തു മാസം കഴിഞ്ഞു നടക്കാനുള്ള പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ആദ്യത്തേത്.
അടുത്ത വർഷം ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കേണ്ട ഉത്തർപ്രദേശാണു രണ്ടാമത്തേത്. 2027 നവംബറിലെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലും നേട്ടം കൊയ്യാൻ എഎപിയിലെ ഏഴു രാജ്യസഭാ എംപിമാരുടെ കൂറുമാറ്റം ബിജെപിക്കു തുണയായേക്കും.
പഞ്ചാബിലെയും ഡൽഹിയിലെയും ഗോവയിലെയും എഎപി എംഎൽഎമാരിൽ ചിലരെയും കൂറു മാറ്റാൻ ഓപ്പറേഷൻ താമര സജീവമാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടു നിർദേശം നൽകിയതായാണു സൂചന. രാജ്യസഭയിലെ എഎപിയുടെ 10 എംപിമാരിൽ ഏഴു പേരെ ഒറ്റയടിക്ക് ബിജെപിയിലെത്തിച്ചതിനു പിന്നാലെ ലോക്സഭയിലെ എംപിമാരെയും വലയിലാക്കാൻ നീക്കം ശക്തമാണ്.
പുതിയ കൂറുമാറ്റത്തോടെ രാജ്യസഭയിലെ ബിജെപി എംപിമാരുടെ എണ്ണം 113 ആയി. എൻഡിഎ 150ലേക്ക് അടുക്കുകയാണ്. മോദി സർക്കാരിന് ഉപരിസഭയിൽ പ്രധാന ബില്ലുകൾ പാസാക്കുന്നത് ഇത് എളുപ്പമാക്കും.
രാഷ്ട്രീയത്തിലെ ധാർമികതയെ തെല്ലും പരിഗണിക്കാതെയുള്ള ബിജെപിയുടെ മാസ്റ്റർ സ്ട്രോക്ക് ആണ് എഎപിയെ ആപ്പിലാക്കിയ എംപിമാരുടെ കൂട്ട കൂറുമാറ്റം. വളരെക്കാലമായി എഎപി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും തടയാൻ കഴിയാതെ പോയതാണു രാജ്യസഭയിലെ പാർട്ടിയുടെ പത്തിൽ ഏഴ് എംപിമാരുടെ ഒന്നിച്ചുള്ള കാലുമാറ്റം.
ഓപ്പറേഷൻ താമരയിലൂടെ എഎപിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് എഎപി പലതവണ ആരോപിച്ചിരുന്നു. കേജരിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും കേസിൽപ്പെടുത്തി ജയിലിലടച്ചത് അടക്കം ഡൽഹി ഭരണം പിടിക്കാൻ ബിജെപി സ്വീകരിച്ചതെല്ലാം വളഞ്ഞ വഴികളാണെന്നും എഎപി ചൂണ്ടിക്കാട്ടുന്നു.
ആം ആദ്മി പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിന്റെ കൂറുമാറ്റം കേജരിവാളിനെ ഞെട്ടിച്ചു. പഞ്ചാബിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ തന്ത്രങ്ങൾ മെനഞ്ഞ് വിജയിപ്പിച്ച രാഘവ് ഛദ്ദയും സന്ദീപ് പഥക്കും ബിജെപിയിലേക്കു പോയതിന്റെ ക്ഷീണം ചെറുതല്ല.
പഞ്ചാബിലെ 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ഛദ്ദയുടെ പരസ്യപ്രസ്താവന അരവിന്ദ് കേജരിവാളിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും ഉറക്കം കെടുത്തും. പഞ്ചാബിൽ ഭരണത്തിലെത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, മിക്കവാറും എല്ലാ ടിക്കറ്റുകളും നൽകിയതു ഛദ്ദയാണ്. പഞ്ചാബിലെ എല്ലാ എംഎൽഎമാരുമായും നേരിട്ടു ബന്ധവുമുണ്ട്.
അടുത്തിടെ ഇഡി നടത്തിയ റെയ്ഡുകളെത്തുടർന്ന് സമ്മർദത്തിലായ അശോക് മിത്തലിന്റെ കൂറുമാറ്റം ഫലത്തിൽ ബിജെപി വാഷിംഗ് മെഷീൻ ആരോപണം ശരിവയ്ക്കുന്നതായി. രാഷ്ട്രീയത്തിൽനിന്ന് അകന്നു നിന്നിരുന്ന ശതകോടീശ്വരനായ വ്യവസായി രജീന്ദർ ഗുപ്തയ്ക്കും ബിജെപിയിൽ ചേർന്നു സ്വന്തം ബിസിനസ് സംരക്ഷിക്കുകയാണു മുഖ്യം. കൂറുമാറ്റ നിരോധന നിയമത്തിലൂടെ അയോഗ്യരാകാതിരിക്കാൻ വേണ്ട ഏഴു പേരെ സംഘടിപ്പിച്ചതിൽ അമിത് ഷാ മുതൽ ഉന്നത ബിജെപി നേതൃത്വം പിന്നിലുണ്ടായിരുന്നു.
പ്രധാനമന്ത്രി മോദിയോട് ആരാധനയാണെന്നു പ്രഖ്യാപിച്ച് ബിജെപിയോട് അടുത്തിരുന്ന വിക്രംജിത് സാഹ്നിയും അവസരം പാത്തു കഴിയുകയായിരുന്നു. എഎപിയുടെ നിലപാടിനു വിരുദ്ധമായി അയോധ്യയിലെ രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചതു മുതൽ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും ബിജെപിയിലേക്കുള്ള വഴി തേടുകയായിരുന്നു. പാർട്ടി എതിർത്തിട്ടും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ ഹർഭജൻ പിന്തുണച്ചു.
ബിജെപിയോടു മയസമീപനം സ്വീകരിച്ചതിന്റെ പേരിൽ എഎപിയിൽനിന്ന് അകന്നിരുന്ന സ്വാതി മാലിവാളിന്റെയും ഛദ്ദയുടെയും മാറ്റം ഔപചാരികത മാത്രമായിരുന്നു.
ഛദ്ദയ്ക്കു ബിജെപിയിൽ കൂടുതൽ പ്രാമുഖ്യം കിട്ടിയതിൽ പക്ഷേ സ്വാതിക്ക് അനിഷ്ടമുണ്ടായിരുന്നു. ഒടുവിൽ ബിജെപി നേതൃത്വം ഇടപെട്ടാണു സ്വാതിയെ മയപ്പെടുത്തിയത്. ബിജെപി നേതൃത്വവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരുന്ന സ്വാതി, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്നു.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എഎപി) ഏഴ് എംപിമാർ ബിജെപിയിലേക്കു കൂറുമാറുന്നത് തടയാൻ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് സിംഗ് മൻ. പഞ്ചാബിലെ ചില എംഎൽഎമാരോടൊപ്പം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിക്കാൻ ഭഗവന്ത് സിംഗ് മൻ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരിൽ ആറ് പേരും പഞ്ചാബ് നിയമസഭയിൽനിന്നായതിനാൽ കൂറുമാറിയ അംഗങ്ങളെ തിരികെ വിളിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയോട് ആവശ്യപ്പെടും.രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ ഏഴ് രാജ്യസഭാ എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ടു ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നത്.
പത്ത് രാജ്യസഭാ എംപിമാരുള്ള പാർട്ടിയുടെ മൂന്നിൽ രണ്ട് എംപിമാരും കൂറുമാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇവരാരും തന്നെ അയോഗ്യരാകില്ല. എന്നാൽ, ജനങ്ങളാൽ തെരഞ്ഞെടുത്ത നിയമസഭയുടെ പ്രതിനിധികളാണ് രാജ്യസഭാ എംപിമാർ എന്നതിനാൽ ഈ എംപിമാർ ബിജെപിയിൽ ചേരുന്നത് ജനങ്ങളുടെ തെരഞ്ഞെടുപ്പിന് അനുസൃതമല്ല എന്ന നിലപാട് രാഷ്ട്രപതിയെ അറിയിക്കാനായിരിക്കും പഞ്ചാബ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കൂറുമാറ്റ നിരോധന നിയമം ബാധകമാകുന്നില്ലെങ്കിലും രാഷ്ട്രപതിയുടെ ഇടപെടൽ വഴി കൂറുമാറ്റം തടയാൻ കഴിയാമെന്ന വിദൂര സാധ്യതയുടെ വാതിലിൽ തട്ടാനാണ് പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ശ്രമിക്കുന്നത്.
അതിനിടെ ഏഴ് എംപിമാരോടൊപ്പം പഞ്ചാബിലെ ഒരു വിഭാഗം എംഎൽഎമാരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരോടൊപ്പം ഭഗവന്ത് രാഷ്ട്രപതിയെ സന്ദർശിക്കുന്നത് രാഷ്ട്രീയ ശക്തിപ്രകടനമായും വ്യാഖ്യാനിക്കാം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ലോട്ടസ് ബിജെപി വിഭാവനം ചെയ്യുന്നുണ്ടെന്നാണ് എഎപി നേതാക്കളുടെ കുറ്റപ്പെടുത്തൽ. അതിനാൽതന്നെ ഒരു കൂട്ടം എംഎൽഎമാരോടൊപ്പം രാഷ്ട്രപതിയെ സന്ദർശിക്കുന്നതിലൂടെ പാർട്ടിയുടെ പഞ്ചാബ് ഘടകം ഒറ്റക്കെട്ട് തന്നെയായിരിക്കുമെന്ന സന്ദേശം നൽകാൻ ഭഗവന്ത് സിംഗ് മന്നിനു കഴിയും.
National
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ബിജെപി, കോൺഗ്രസ്, എഎപി പാർട്ടികളാണ് പ്രധാനമായും മത്സരിക്കുന്നത്.
അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവ ഉൾപ്പെടെ 15 കോർപറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായി 9992 സ്ഥാനാർഥികൾ മത്സരിക്കുന്നു.
4.18 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടികളെ സംബന്ധിച്ച് നിർണായകമാണ്.
2021ലെ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു. ആകെയുള്ള 8470 സീറ്റുകളിൽ 6236 എണ്ണം വിജയിച്ചത് ബിജെപിയായിരുന്നു. അന്നുണ്ടായിരുന്ന ആറ് കോർപറേഷനുകളിലും 81 മുനിസിപ്പാലിറ്റികളിലും 32 ജില്ലാ പഞ്ചായത്തുകളിലും ബിജെപി അധികാരത്തിലെത്തിയിരുന്നു. ഒന്‍പതു കോർപറേഷനുകൾ പുതുതായി രൂപവത്കരിച്ചവയാണ്.
National
ന്യൂഡൽഹി: രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പഞ്ചാബിലെ 60 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു.
അതേസമയം കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന ആശങ്ക ശക്തമായതോടെ എഎപി നേതൃത്വം അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് എഎപി കത്ത് നൽകി. പാർട്ടി എംപിയായിരിക്കെ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ ഇവർ അയോഗ്യരായെന്നാണ് എഎപിയുടെ വാദം.
National
ന്യൂഡൽഹി: രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതിനെ വിമർശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
നടന്നത് ഓപ്പറേഷൻ താമരയാണ്. ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭഗവന്ത് മാൻ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണ്. പഞ്ചാബിലെ ജനങ്ങൾ ഈ രാജ്യദ്രോഹികൾക്ക് മാപ്പുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. എഎപിക്ക് രാജ്യസഭയിൽ 10 എംപിമാരുണ്ട്. ഇതിൽ ഏഴുപേരാണ് പാർട്ടി വിട്ടത്.
നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി അകന്നിരുന്നു. പുതിയ ഉപനേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ നീക്കം. അതേസമയം അശോക മിത്തലിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞിടെ ഇഡി റെയ്ഡ് നടത്തിയിരുന്നു.
National
ന്യൂഡൽഹി: രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ പാർട്ടി വിട്ടതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് അരവിന്ദ് കേജ്രിവാൾ. പഞ്ചാബ് ജനത നൽകിയ ജനവിധിയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ സ്നേഹത്തോടെ തെരഞ്ഞെടുത്ത പ്രതിനിധികളെ വിലയ്ക്കെടുത്ത് ബിജെപി പഞ്ചാബികളെ അപമാനിക്കുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് പഞ്ചാബികളോടുള്ള ബിജെപിയുടെ വിരോധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആം ആദ്മി പാർട്ടിയെ പിളർത്താനുള്ള ബിജെപിയുടെ ആയുധമായി രാഘവ് ഛദ്ദ മാറിയെന്ന് എഎപിയുടെ പഞ്ചാബ് ഘടകം ആരോപിച്ചു. പാർട്ടിയെയും പഞ്ചാബിലെ ജനങ്ങളെയും ഛദ്ദ വഞ്ചിച്ചുവെന്നാണ് എഎപി നേതൃത്വത്തിന്റെ നിലപാട്. രാജ്യസഭയിൽ ആപ്പിന്റെ കരുത്ത് ചോർത്താനും അതുവഴി പഞ്ചാബിലെയും ഡൽഹിയിലെയും ഭരണത്തെ അസ്ഥിരപ്പെടുത്താനുമാണ് ബിജെപി നീക്കം നടത്തുന്നതെന്ന് എഎപി ആരോപിക്കുന്നു.
രാഘവ് ഛദ്ദയ്ക്ക് പുറമേ സന്ദീപ് പഥക്, അശോക് മിത്തൽ തുടങ്ങിയ പ്രമുഖ നേതാക്കളും ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയും ബാധിച്ചേക്കാം. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ പാർട്ടി തളരില്ലെന്നും ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും എഎപി നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും പാർട്ടിയുടെ യുവ എംപി രാഘവ് ഛദ്ദയും തമ്മിലുള്ള പോര് രൂക്ഷം. രാജ്യസഭയിലെ എഎപിയുടെ ഉപനേതാവ് സ്ഥാനത്തുനിന്നു നീക്കുകയും എഎപിയുടെ പേരിൽ പാർലമെന്റിൽ ഛദ്ദയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകരുതെന്നു രേഖാമൂലം അറിയിക്കുകയും ചെയ്തതോടെയാണു പ്രശ്നം വഷളായത്. തനിക്കെതിരേ പ്രചരിപ്പിക്കുന്ന മൂന്ന് ആരോപണങ്ങളും സത്യമല്ലെന്നു 37കാരനായ രാഘവ് ഛദ്ദ അവകാശപ്പെട്ടു.
കേരളത്തിലും ആസാമിലും തെരഞ്ഞെടുപ്പു ചൂട് കൊടിമുടിയിലായപ്പോഴാണ് എഎപിയിലെ ഉൾപ്പോര് പരസ്യമായത്. രാജ്യസഭയിലെ എഎപി ഉപനേതാവ് സ്ഥാനത്തുനിന്ന് ഛദ്ദയെ പുറത്താക്കുകയും പകരം അശോക് മിത്തലിനെ നിയമിക്കുകയും ചെയ്തതിന്റെ കാരണം പാർട്ടി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പാർട്ടിയുടെ പൊതുതീരുമാനത്തിനെതിരേ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരേ നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗമാണ് ഛദ്ദ.
മുഖ്യ തെരഞ്ഞടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിൽ ഒപ്പിടാതിരുന്നതും പ്രതിപക്ഷ എംപിമാരോടൊപ്പം വാക്കൗട്ടിൽ പങ്കുചേരാതെ സീറ്റിൽ തുടർന്നതുമടക്കമുള്ള കാര്യങ്ങളാണു ഛദ്ദയ്ക്കെതിരേ അച്ചടക്കനടപടിക്കു കാരണമെന്നു ആം ആദ്മി പാർട്ടിയുടെ ഒരു നേതാവ് ദീപികയോടു പറഞ്ഞു. ബിജെപിയുമായി ചില ഒത്തുകളികൾ നടത്തുന്നതായും ആരോപണമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാതെ ബിജെപിയോടു മൃദുസമീപം സ്വീകരിച്ചത് എഎപിയുടെ നിലപാടുകൾക്കെതിരാണെന്ന് മറ്റൊരു എഎപി നേതാവ് പറഞ്ഞു. പ്രധാന ദേശീയ വിഷയങ്ങളെക്കാൾ, "സോഫ്റ്റ് പിആർ’ കാര്യങ്ങൾക്കാണു പാർലമെന്റിൽ ഛദ്ദ മുൻഗണന നൽകുന്നതെന്ന് എഎപി ഡൽഹി മേധാവി സൗരഭ് ഭരദ്വാജ് ആരോപിച്ചു. അരവിന്ദ് കേജരിവാൾ ജയിൽമോചിതനായി ഡൽഹിയിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിന് വരാതെ അമേരിക്കയിൽ തുടർന്നതും ഛദ്ദയ്ക്കു വിനയായി.
എന്നാൽ, തനിക്കെതിരേ പ്രചരിപ്പിക്കുന്ന മൂന്ന് ആരോപണങ്ങളും കള്ളമാണെന്ന് വീഡിയോ സന്ദേശങ്ങളിൽ ഛദ്ദ പറഞ്ഞു. പ്രതിപക്ഷ വാക്കൗട്ടിൽ നിന്നു ഒരു ദിവസംപോലും വിട്ടുനിന്നിട്ടില്ലെന്നും അല്ലെന്നു തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ സിസിടിവി പരിശോധിച്ചാൽ അറിയാം.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ നീക്കാനുള്ള പ്രമേയത്തിൽ ഒപ്പിടാൻ എഎപിയിലെ ഒരു നേതാവും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയുടെ 10 എംപിമാരിൽ ആറു പേരെങ്കിലും ഇംപീച്ച്മെന്റ് പ്രമേയത്തിൽ ഒപ്പിട്ടിട്ടില്ലെന്നും ഛദ്ദ പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിനെ മെഗാഫോണായി ഉപയോഗിക്കുന്ന രാഘവ് ഛദ്ദ രണ്ടു വ്യത്യസ്ത വീഡിയോകളിലായാണു പ്രതികരിച്ചത്.
കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഭയന്നാണു പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ ഛദ്ദ പാർലമെന്റിലും പുറത്തും സൗമ്യമായതെന്ന എഎപിയുടെ ആരോപണവും ഛദ്ദ നിഷേധിച്ചു. ബഹളം വയ്ക്കാനോ, നിലവിളിക്കാനോ അലറാനോ മൈക്രോഫോണുകൾ തകർക്കാനോ അസഭ്യം പറയാനോ അല്ല താൻ പാർലമെന്റിൽ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും അവർക്കുവേണ്ടി സംസാരിക്കാനുമാണെന്ന് ഛദ്ദ ന്യായീകരിച്ചു.
Kerala
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്കി.
2023 മുതല്‍ രാജ്യസഭയില്‍ എഎപി ഡെപ്യൂട്ടി ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാഘവ്. പഞ്ചാബില്‍ നിന്നുള്ള എംപിയാണ് പുതിയ ഉപനേതാവായി നിയോഗിക്കപ്പെട്ട അശോക് മിത്തല്‍. രാഘവ് ഛദ്ദ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഏതാനും കാലങ്ങളായി അകന്നുനില്‍ക്കുകയായിരുന്നു.
പുതിയ നടപടിയോടെ ഛദ്ദ എഎപി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ബിജെപിക്കെതിരെ കേജരിവാൾ കടുത്ത ആക്രമണം അഴിച്ചുവിട്ട് ജന്തര്‍മന്തറില്‍ എഎപി സംഘടിപ്പിച്ച ജന്‍സഭയിലും രാഘവ് ഛദ്ദ പങ്കെടുത്തിരുന്നില്ല.
National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമയെ മാറ്റണമെന്നും കേസ് നിഷ്പക്ഷമായ മറ്റൊരു ബെഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ള 22 പ്രതികളും ഈ ആവശ്യത്തിൽ ഒപ്പിട്ടിട്ടുണ്ട്.
നിലവിലെ ബെഞ്ചിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയ്ക്ക് പക്ഷപാതപരമായ നിലപാടാണുള്ളതെന്നും കെജ്രിവാൾ ആരോപിച്ചു.
അതിനാൽ കേസ് മറ്റൊരു 'നിഷ്പക്ഷ' ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യം. മദ്യനയക്കേസിൽ കെജ്രിവാൾ, സിസോദിയ ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചാണ് നിലവിൽ പരിഗണിക്കുന്നത്.
National
ന്യൂഡൽഹി: സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്നതിനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 'ഉഡാൻ യാത്രി കഫേകൾ' സ്ഥാപിക്കണമെന്ന് ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പാർലമെന്റിലാണ് ഇതുസംബന്ധിച്ച വിഷയം അദ്ദേഹം ഉന്നയിച്ചത്.
വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളിൽ ഈടാക്കുന്ന അമിത വില സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാനാവുന്നതിലപ്പുറമാണെന്ന് രാഘവ് ഛദ്ദ ചൂണ്ടിക്കാട്ടി. ഒരു കപ്പ് ചായക്കോ കോഫിക്കോ പോലും നൂറുകണക്കിന് രൂപ നൽകേണ്ടി വരുന്നത് ചൂഷണമാണെന്നും അദ്ദേഹം പറഞ്ഞു. 'സാധാരണക്കാരനും വിമാനയാത്ര' എന്ന പദ്ധതിയുടെ ലക്ഷ്യം വിമാനയാത്ര കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതാണെന്നും, എന്നാൽ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണ വില ഈ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
റെയിൽവേ സ്റ്റേഷനുകളിലെ 'ജൻ ആഹാർ' കേന്ദ്രങ്ങളുടെ മാതൃകയിൽ വിമാനത്താവളങ്ങളിലും ഗുണനിലവാരമുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ഔട്ട്ലെറ്റുകൾ വേണമെന്നാണ് ആവശ്യം. വ്യോമയാന മന്ത്രാലയം ഈ നിർദ്ദേശം പരിഗണിക്കണമെന്നും സ്വകാര്യ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ഇത്തരം കഫേകൾക്ക് സ്ഥലം അനുവദിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: മദ്യനയക്കേസിൽ കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഡൽഹിയിൽ മെഗാറാലിക്കൊരുങ്ങി എഎപി. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ പാർട്ടി വൻ റാലി സംഘടിപ്പിക്കും. ജനങ്ങളുടെ അനുഗ്രഹം തേടൽ എന്ന പേരിലാണ് എഎപി മെഗാറാലി സംഘടിപ്പിക്കുന്നത്. ജാഥയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 10,000 ബസ് മാർഷലുകൾ, ശുചിത്വ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരും യൂണിഫോം ധരിച്ച് റാലിയിൽ അണിനിരക്കും. ഇവർക്കായി കെജ്രിവാൾ മുൻപന്തിയിൽ നിന്ന് പോരാടുമെന്ന് പാർട്ടി അറിയിച്ചു.
കോടതി വിധിയിലൂടെ തന്റെ സത്യസന്ധത തെളിയിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട കെജ്രിവാൾ ഇനി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വരാനിരിക്കുന്ന നിയമസഭാ തിതെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം പര്യടനം നടത്തും. കോടതി വിധിക്ക് പിന്നാലെ വൈകാരികമായാണ് കെജ്രിവാൾ പ്രതികരിച്ചത്. "ഞാൻ അഴിമതിക്കാരനല്ല, കടുത്ത സത്യസന്ധനാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വെല്ലുവിളിച്ചു. ബിജെപി പത്ത് സീറ്റിലധികം നേടിയാൽ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വിധിക്ക് പിന്നാലെ 'സത്യം ജയിച്ചു' എന്ന സന്ദേശവുമായി ഡൽഹിയിലെ ഓരോ വീടുകളിലും പ്രചാരണം നടത്താനും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യോഗങ്ങൾ നടത്താനും പാർട്ടി തീരുമാനിച്ചു.മദ്യനയക്കേസിൽ കെജ്രിവാളിനും സിസോദിയയ്ക്കുമെതിരെ വ്യക്തമായ തെളിവുകളില്ലെന്നും കേവലം അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് കെട്ടിച്ചമച്ചതെന്നും നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ഡൽഹിയിലെ സിബിഐ കോടതിയുടേതായിരുന്നു നടപടി.
Leader Page
“തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വീട്ടില്‍നിന്നു വലിച്ചിഴച്ചു ജയിലിലടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടിയെ അവസാനിപ്പിക്കാന്‍ പാര്‍ട്ടിയുടെ അഞ്ചു വലിയ നേതാക്കളെ ജയിലിലടച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അവര്‍ ആസൂത്രണം ചെയ്തത്. ഇപ്പോള്‍ സത്യം ജയിച്ചു.”- ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍ വിതുമ്പിക്കരഞ്ഞു കൊണ്ടാണ് ഇതു പറഞ്ഞത്. വികാരാധീനനായ അദ്ദേഹം കണ്ണീരടക്കാന്‍ പാടുപെട്ടു.
വിവാദ ഡല്‍ഹി മദ്യനയ കേസില്‍ കേജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയതിന് രാഷ്ട്രീയപ്രധാന്യം ഏറെയാണ്. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ എംപിയുമായ കെ. കവിത ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികളെയും (ആകെ 23 പേര്) പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍, കേജരിവാളിനെ അഴിമതിക്കാരാനായി ചിത്രീകരിച്ചു ടിവി ചാനലുകളില്‍ ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നുവെന്നും രാഷ്ട്രീയമായി വളരെ ഉപദ്രവിച്ചെന്നും എഎപി നേതാക്കള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനു തിരിച്ചടി
ഒരു തെളിവുമില്ലാതെയാണ് കേജരിവാളിനെയും സിസോദിയയെയും സിബിഐ പ്രതിചേര്‍ത്തതെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ജുഡീഷല്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്നും അഴിമതിനിയന്ത്രണ നിയമത്തിനായുള്ള പ്രത്യേക കോടതി ജഡ്ജി ജിതേന്ദര്‍ സിംഗ് പറഞ്ഞു. പ്രഥമദൃഷ്ട്യാ കേസോ ക്രിമിനല്‍ ഗൂഢാലോചനയോ സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രതിചേര്‍ക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിച്ചതായി കോടതി പറഞ്ഞു.
ഡല്‍ഹി എക്സൈസ് നയക്കേസിലെ അനുമാനപരമായ ഗൂഢാലോചനാ സിദ്ധാന്തത്തിന് അടിസ്ഥാനമോ തെളിവോ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു മുഴുവന്‍ പ്രതികളെയും പ്രത്യേക കോടതി വെറുതേ വിട്ടത്. കേന്ദ്രസര്‍ക്കാരിനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും കനത്ത തിരിച്ചടിയാണു കേജരിവാളിനെ കുറ്റവിമുക്തമാക്കിയ വിധി. വിധിക്കെതിരേ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്കുമെന്നു മാത്രമാണ് സിബിഐയുടെ മറുപടി.
അനുമാനങ്ങള്‍ വേണ്ട
ഡല്‍ഹി എക്സൈസ് നയരൂപീകരണത്തില്‍ വ്യാപകമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഇല്ലെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന്റെ കേസ് ജുഡീഷല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല. ആയിരത്തോളം പേജുകളുള്ള വലിയ കുറ്റപത്രത്തില്‍ ഒന്നിലധികം വീഴ്ചകളുണ്ട്. വിശ്വസനീയമായ സാക്ഷിമൊഴികളോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്നും കോടതി പറഞ്ഞു. ഗൂഢാലോചന കെട്ടിച്ചമയ്ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതടക്കം ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
വ്യക്തമായ തെളിവുകളേക്കാള്‍ അനുമാനം അടിസ്ഥാനമാക്കിയുള്ളതായിരുന്നു കേസ്. പ്രതികളായ 23 പേരില്‍ ആര്‍ക്കെങ്കിലുമെതിരേ പ്രഥമദൃഷ്ട്യാ ഒരു കേസും സ്ഥാപിക്കാന്‍ കഴിയുന്നതല്ല സിബിഐയുടെ അനുമാന സിദ്ധാന്തം. വ്യക്തമായ തെളിവുകളില്ലാതെയാണു മിക്കവരെയും പ്രതിചേര്‍ത്തത്. ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ അടിത്തറയിളക്കുന്നതാണു കുറ്റപത്രത്തിലെ വൈരുധ്യങ്ങള്‍. കേസ് രേഖയില്‍ "സൗത്ത് ഗ്രൂപ്പ്' എന്ന പദം ഉപയോഗിച്ചതിനു തെളിവുകളുടെ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ലംഘനം
ഒരു പ്രതി മാപ്പുസാക്ഷിയായി മാറുന്നതിനെ തുടര്‍ന്ന് അന്വേഷണത്തിലെ വിടവുകള്‍ നികത്താനോ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താനോ അയാളുടെ മൊഴികള്‍ ഉപയോഗിക്കുന്നത് അനുചിതവും ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് കോടതി നിരീക്ഷിച്ചു. അടിസ്ഥാനപരമായ തെളിവുകളോ കാര്യങ്ങളോ പ്രസ്താവനകളോ ഇല്ലാതെ ഭരണഘടനാ പദവിയുള്ള മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് നിയമത്തില്‍ നിലനില്‍ക്കില്ല. കുറ്റവുമായി ഉപമുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകളുമില്ല.
മതിയായ അടിസ്ഥാനമില്ലാതെ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയതിന് സിബിഐ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണത്തിനു കോടതി നിര്‍ദേശിച്ചു. സിബിഐ ഹാജരാക്കിയ തെളിവുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചുവെന്നും ഈ വിഷയത്തില്‍ സത്യമാണെന്നു കരുതാവുന്ന ഒരു ആരോപണവുമില്ലെന്നുമാണ് കോടതി പറഞ്ഞത്. എക്സൈസ് നയം രൂപപ്പെടുത്തിയ രീതിയില്‍ യാതൊരു സംശയവുമില്ലെന്നും കോടതി പറഞ്ഞുവെന്ന് കേജരിവാളിന്റെ അഭിഭാഷകന് വിവേക് ജെയിന് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് ഉയിരേകും
ഇന്ത്യയിലെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഇന്നലെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് കേന്ദ്ര ഏജന്‍സികളായ സിബിഐയും ഇഡിയും ആദായനികുതി വകുപ്പുകാരും പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കുന്നുവെന്ന ആരോപണത്തിന് ഊർജം നല്‍കുന്നതാണ് കേജരിവാളിനെ കുറ്റവിമുക്തനാക്കിയ പുതിയ വിധി.
ബിജെപി സര്‍ക്കാര്‍ നിയമിച്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ പരാതിയിലാണ് 2022 ഓഗസ്റ്റില്‍ കേജരിവാളിനെതിരേ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നയരൂപീകരണ ഘട്ടത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നും ടെന്‍ഡറിനു ശേഷം ചില മദ്യ ലൈസന്‍സികള്‍ക്കായി മനഃപൂര്‍വം പഴുതുകള്‍ സൃഷ്ടിച്ചെന്നുമായിരുന്നു സിബിഐ വാദിച്ചത്. എന്നാല്‍, എക്സൈസ് നയത്തില്‍ വ്യക്തമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിമാര്‍ക്കും രക്ഷയില്ലേ?
പൂര്‍ണമായും അടിസ്ഥാനരഹിതമെന്ന് ഇപ്പോൾ കോടതി കണ്ടെത്തിയ ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അന്നത്തെ മുഖ്യമന്ത്രി കേജരിവാള്‍ നാലു മാസത്തോളം (156 ദിവസം) ജയിലില്‍ കിടക്കേണ്ടിവന്നു. ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ ഒന്നര വര്‍ഷത്തിലേറെയാണ് (530 ദിവസം) തുറുങ്കിടലയ്ക്കപ്പെട്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ ഉന്നത ഭരണഘടനാ പദവിയിലുള്ള മുഖ്യമന്ത്രിമാരെ ജയിലിലടച്ചതിന് കേന്ദ്രസര്‍ക്കാരും സിബിഐയും ഉത്തരവാദികളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായാണ് എഎപിയുടെ ഏറ്റവും ഉന്നതരായ രണ്ടു നേതാക്കളെ തെളിവുകളൊന്നുമില്ലാതെ സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ പരാജയത്തിനും ബിജെപിയുടെ വിജയത്തിനും, മദ്യനയ കേസിലെ കേജരിവാളിന്റെയും സിസോദിയയുടെയും അറസ്റ്റും ജയില്‍വാസവും കാരണമായെന്നതിൽ സംശയമില്ല. അഴിമതിപ്പണമാണ് ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി ചെലവഴിച്ചതെന്നും സിബിഐ ആരോപിച്ചു. സിബിഐയുടെ ഈ കേസ് വിചാരണ കോടതി ഘട്ടത്തില്‍ അവസാനിപ്പിച്ചിരിക്കുകയാണ് പ്രത്യേക കോടതിയുടെ വിധി.
രാഷ്ട്രീയ വാഷിംഗ് മെഷീന്
തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രധാന എതിരാളികളായ ആം ആദ്മി പാര്‍ട്ടിയെയും കേജരിവാളിനെയും അഴിമതിക്കാരെന്നു മുദ്രകുത്തുകയായിരുന്നു സിബിഐ കേസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തതോടെ വോട്ടര്‍മാര്‍ ന്യായമായും കേജരിവാളും കൂട്ടരും അഴിമതിക്കാരാണെന്നു വിശ്വസിച്ചിരിക്കാം.
കേജരിവാളിനെയും കൂട്ടരെയും പൂര്‍ണമായി കുറ്റവിമുക്തരാക്കുകയും സിബിഐയുടെ കേസിനെതന്നെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഡല്‍ഹി പ്രത്യേക കോടതിയുടെ വിധി ഇന്ത്യയില്‍ പ്രതിപക്ഷത്തിനാകെ പുതിയ ഉണര്‍വും ആവേശവും കരുത്തും പകരും.
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ പെടുത്തുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കേജരിവാളിനെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധി. അഴിമതിക്കേസുകളില്‍പ്പെട്ട ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയോ പോലുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവര്‍ക്കെതിരായ അഴിമതിക്കേസ് ഇല്ലാതായി. ബിജെപിയുടെ വാഷിംഗ് മെഷിനില്‍ വെളുപ്പിച്ചെടുത്ത നേതാക്കളുടെ പട്ടിക വലുതാണ്. രാഷ്ട്രീയ ധാര്‍മികത ഇല്ലാതാക്കുന്ന നടപടികള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നതിനിടയിലാണു പുതിയ കോടതി വിധി.
National
വാരാണസി: ഉത്തർപ്രദേശിലെ മണികർണിക ഘട്ടിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ എട്ട് പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗും കോൺഗ്രസ് നേതാവ് പപ്പു യാദവും ഉൾപ്പെടുന്നു. ഹൈന്ദവർ പരിപാവനമായി കരുതുന്ന ശ്മശാനമാണ് മണികർണിക ഘട്ട്.
തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും എഐ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, ഘട്ടിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അധികൃതരുടെ ഭീഷണിയെ ഭയക്കുന്നില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു. അഹില്യാബായ് ഹോൾക്കറുടെ നൂറ്റാണ്ട് പഴക്കമുള്ള പ്രതിമ നശിപ്പിച്ചെന്ന് ആരോപിച്ചും പ്രതിഷേധങ്ങൾ നടന്നെങ്കിലും ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.
മണികർണിക ഘട്ടിലെ പുനരുദ്ധാരണ-സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കന്പനിയുടെ ഉടമസ്ഥനും ഓൺലൈൻ പ്രചാരണങ്ങൾക്കെതിരേ പരാതി നൽകിയിരുന്നു.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഒറ്റയ്ക്ക് മത്സരിക്കാൻ സംസ്ഥാനനേതൃത്വത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാൾ അനുമതി നൽകി.
ഇന്ത്യാ സഖ്യത്തിൽനിന്ന് പിൻമാറിയശേഷം, മറ്റുപാർട്ടികളുമായി സഹകരിച്ചുള്ള തെരഞ്ഞെടുപ്പുസഖ്യങ്ങൾ വേണ്ടെന്നാണ് എഎപി നയം.
ചർച്ചകൾക്കായി എഎപി സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തി കേജരിവാളിനെ കണ്ടത്. തദ്ദേശതെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ ജനപ്രതിനിധികളെയും കേജരിവാൾ അഭിനന്ദിച്ചു.
National
പനാജി: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ഗോവയിൽ ആം ആദ്മി പാർട്ടിയെ ഉപേക്ഷിച്ച് മുൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ പ്രമുഖനേതാക്കൾ.
മുൻ സംസ്ഥാന അധ്യക്ഷൻ അമിത് പലേകർ, അധ്യക്ഷന്റെ ചുമതലവഹിക്കുന്ന ശ്രീകൃഷ്ണ പരാബ്, യുവജനവിഭാഗം നേതാവ് രോഹൻ നായിക്, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ചേതൻ കാമത്ത്, സർഫറാസ് എന്നിവരാണ് രാജിവച്ചത്.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണു രാജിക്കു കാരണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷനെ പാർട്ടി നേതൃത്വം നീക്കിയിരുന്നു. 42 സീറ്റുകളിലാണ് തെരഞ്ഞെടുപ്പിൽ എഎപി മത്സരിച്ചത്. വിജയിച്ചതാകട്ടെ ഒരു സീറ്റിൽ മാത്രം.
National
ന്യൂഡൽഹി: ഛഠ് പൂജ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നോർത്തേണ്‍ ഡൽഹിയിലെ വസുദേവ് ഘട്ട് സന്ദർശിക്കാനിരിക്കെ മോദിക്കായി അധികൃതർ വ്യാജ യമുനാ ഘട്ട് നിർമിച്ചെന്ന് ആം ആദ്മി പാർട്ടി (എഎപി).
മറ്റുള്ള വിശ്വാസികൾ മലിനമായ നദിയിൽ നിൽക്കേണ്ടിവരുന്പോൾ പ്രധാനമന്ത്രിക്കായി മാത്രം ഫിൽറ്റേർഡ് (ശുദ്ധീകരിച്ച) വെള്ളമുപയോഗിച്ച് വ്യാജ യമുനാഘട്ട് നിർമിച്ചെന്നും എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ഡൽഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിലെ പൈപ്പ് ലൈനിൽനിന്നാണു ഘട്ടിലേക്കുള്ള വെള്ളം എടുത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി ഇന്നു വരാനിരിക്കുന്ന ഘട്ടിനു സമീപത്തുനിന്നെടുത്ത വീഡിയോ സൗരഭ് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. യമുനാ നദിയുടെ വെള്ളം കലരാത്തവണ്ണം നദിയുടെ സമീപം മതിൽക്കെട്ടു നിർമിച്ചാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന കുളമുണ്ടാക്കിയതെന്ന് വീഡിയോയിൽ കാണാം.
പൊതുജനങ്ങളെ കബളിപ്പിക്കാനും ബിഹാറിൽനിന്നും പൂർവാഞ്ചലിൽനിന്നും ഛഠ് പൂജയ്ക്കായി ഡൽഹിയിലെത്തിയ ഭക്തരെ കബളിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
എന്നാൽ എഎപിയുടെ ആരോപണങ്ങൾ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ തള്ളി. ഡൽഹിയിലെയും മുഴുവൻ രാജ്യത്തിലെയും ജനങ്ങൾ ആം ആദ്മി പാർട്ടി നേതൃത്വത്തിന്റെ ലജ്ജാകരമായ രാഷ്ട്രീയനിരാശ കണ്ടെന്നും ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമായാണെന്നും വീരേന്ദ്ര ആരോപിച്ചു.
National
ന്യൂഡൽഹി: കേരളം കൂടാതെ ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നേട്ടം. പഞ്ചാബിലെയും ഗുജറാത്തിലെയും സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. ഗുജറാത്തിലെ മറ്റൊരു സീറ്റിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.
ഗുജറാത്തിലെ വിസവദാർ മണ്ഡലത്തിൽ എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ 17,554 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. എഎപി അംഗ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കാദി സീറ്റിൽ ബിജെപിയിലെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസ് രണ്ടാമതെത്തി. ബിജെപി എംഎൽഎയായിരുന്ന കാർസൻ സോളങ്കിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപിയിലെ സഞ്ജീവ് അറോറ നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്. ബിജെപി മൂന്നാമതും അകാലി ദൾ നാലാമതുമായി. എഎപി എംഎൽഎ ഗുർപ്രീത് ബാസി ഗോഗിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയാണ് രണ്ടാമതെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കാളിഗഞ്ച് എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്റെ മകളാണ് മുപ്പത്തിയെട്ടുകാരിയും ഐടി പ്രഫഷണലുമായ ആലിഫ.