“തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ വീട്ടില്‍നിന്നു വലിച്ചിഴച്ചു ജയിലിലടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടിയെ അവസാനിപ്പിക്കാന്‍ പാര്‍ട്ടിയുടെ അഞ്ചു വലിയ നേതാക്കളെ ജയിലിലടച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അവര്‍ ആസൂത്രണം ചെയ്തത്. ഇപ്പോള്‍ സത്യം ജയിച്ചു.”- ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍ വിതുമ്പിക്കരഞ്ഞു കൊണ്ടാണ് ഇതു പറഞ്ഞത്. വികാരാധീനനായ അദ്ദേഹം കണ്ണീരടക്കാന്‍ പാടുപെട്ടു.
വിവാദ ഡല്‍ഹി മദ്യനയ കേസില്‍ കേജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി റോസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കിയതിന് രാഷ്ട്രീയപ്രധാന്യം ഏറെയാണ്. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ എംപിയുമായ കെ. കവിത ഉള്‍പ്പെടെ കേസിലെ മുഴുവന്‍ പ്രതികളെയും (ആകെ 23 പേര്) പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. എന്നാല്‍, കേജരിവാളിനെ അഴിമതിക്കാരാനായി ചിത്രീകരിച്ചു ടിവി ചാനലുകളില്‍ ദിവസങ്ങളോളം ചര്‍ച്ചകള്‍ നടന്നുവെന്നും രാഷ്ട്രീയമായി വളരെ ഉപദ്രവിച്ചെന്നും എഎപി നേതാക്കള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനു തിരിച്ചടി
ഒരു തെളിവുമില്ലാതെയാണ് കേജരിവാളിനെയും സിസോദിയയെയും സിബിഐ പ്രതിചേര്‍ത്തതെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ ജുഡീഷല്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്നും അഴിമതിനിയന്ത്രണ നിയമത്തിനായുള്ള പ്രത്യേക കോടതി ജഡ്ജി ജിതേന്ദര്‍ സിംഗ് പറഞ്ഞു. പ്രഥമദൃഷ്ട്യാ കേസോ ക്രിമിനല്‍ ഗൂഢാലോചനയോ സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രതിചേര്‍ക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിച്ചതായി കോടതി പറഞ്ഞു.
ഡല്‍ഹി എക്സൈസ് നയക്കേസിലെ അനുമാനപരമായ ഗൂഢാലോചനാ സിദ്ധാന്തത്തിന് അടിസ്ഥാനമോ തെളിവോ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു മുഴുവന്‍ പ്രതികളെയും പ്രത്യേക കോടതി വെറുതേ വിട്ടത്. കേന്ദ്രസര്‍ക്കാരിനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും കനത്ത തിരിച്ചടിയാണു കേജരിവാളിനെ കുറ്റവിമുക്തമാക്കിയ വിധി. വിധിക്കെതിരേ ഹൈക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്കുമെന്നു മാത്രമാണ് സിബിഐയുടെ മറുപടി.
അനുമാനങ്ങള്‍ വേണ്ട
ഡല്‍ഹി എക്സൈസ് നയരൂപീകരണത്തില്‍ വ്യാപകമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഇല്ലെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന്റെ കേസ് ജുഡീഷല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല. ആയിരത്തോളം പേജുകളുള്ള വലിയ കുറ്റപത്രത്തില്‍ ഒന്നിലധികം വീഴ്ചകളുണ്ട്. വിശ്വസനീയമായ സാക്ഷിമൊഴികളോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെന്നും കോടതി പറഞ്ഞു. ഗൂഢാലോചന കെട്ടിച്ചമയ്ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതടക്കം ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.
വ്യക്തമായ തെളിവുകളേക്കാള്‍ അനുമാനം അടിസ്ഥാനമാക്കിയുള്ളതായിരുന്നു കേസ്. പ്രതികളായ 23 പേരില്‍ ആര്‍ക്കെങ്കിലുമെതിരേ പ്രഥമദൃഷ്ട്യാ ഒരു കേസും സ്ഥാപിക്കാന്‍ കഴിയുന്നതല്ല സിബിഐയുടെ അനുമാന സിദ്ധാന്തം. വ്യക്തമായ തെളിവുകളില്ലാതെയാണു മിക്കവരെയും പ്രതിചേര്‍ത്തത്. ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ അടിത്തറയിളക്കുന്നതാണു കുറ്റപത്രത്തിലെ വൈരുധ്യങ്ങള്‍. കേസ് രേഖയില്‍ "സൗത്ത് ഗ്രൂപ്പ്' എന്ന പദം ഉപയോഗിച്ചതിനു തെളിവുകളുടെ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ലംഘനം
ഒരു പ്രതി മാപ്പുസാക്ഷിയായി മാറുന്നതിനെ തുടര്‍ന്ന് അന്വേഷണത്തിലെ വിടവുകള്‍ നികത്താനോ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താനോ അയാളുടെ മൊഴികള്‍ ഉപയോഗിക്കുന്നത് അനുചിതവും ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് കോടതി നിരീക്ഷിച്ചു. അടിസ്ഥാനപരമായ തെളിവുകളോ കാര്യങ്ങളോ പ്രസ്താവനകളോ ഇല്ലാതെ ഭരണഘടനാ പദവിയുള്ള മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് നിയമത്തില്‍ നിലനില്‍ക്കില്ല. കുറ്റവുമായി ഉപമുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകളുമില്ല.
മതിയായ അടിസ്ഥാനമില്ലാതെ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയതിന് സിബിഐ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല അന്വേഷണത്തിനു കോടതി നിര്‍ദേശിച്ചു. സിബിഐ ഹാജരാക്കിയ തെളിവുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചുവെന്നും ഈ വിഷയത്തില്‍ സത്യമാണെന്നു കരുതാവുന്ന ഒരു ആരോപണവുമില്ലെന്നുമാണ് കോടതി പറഞ്ഞത്. എക്സൈസ് നയം രൂപപ്പെടുത്തിയ രീതിയില്‍ യാതൊരു സംശയവുമില്ലെന്നും കോടതി പറഞ്ഞുവെന്ന് കേജരിവാളിന്റെ അഭിഭാഷകന് വിവേക് ജെയിന് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് ഉയിരേകും
ഇന്ത്യയിലെ ഏറ്റവും പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഇന്നലെ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് കേന്ദ്ര ഏജന്‍സികളായ സിബിഐയും ഇഡിയും ആദായനികുതി വകുപ്പുകാരും പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കുന്നുവെന്ന ആരോപണത്തിന് ഊർജം നല്‍കുന്നതാണ് കേജരിവാളിനെ കുറ്റവിമുക്തനാക്കിയ പുതിയ വിധി.
ബിജെപി സര്‍ക്കാര്‍ നിയമിച്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ പരാതിയിലാണ് 2022 ഓഗസ്റ്റില്‍ കേജരിവാളിനെതിരേ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നയരൂപീകരണ ഘട്ടത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്നും ടെന്‍ഡറിനു ശേഷം ചില മദ്യ ലൈസന്‍സികള്‍ക്കായി മനഃപൂര്‍വം പഴുതുകള്‍ സൃഷ്ടിച്ചെന്നുമായിരുന്നു സിബിഐ വാദിച്ചത്. എന്നാല്‍, എക്സൈസ് നയത്തില്‍ വ്യക്തമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിമാര്‍ക്കും രക്ഷയില്ലേ?
പൂര്‍ണമായും അടിസ്ഥാനരഹിതമെന്ന് ഇപ്പോൾ കോടതി കണ്ടെത്തിയ ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അന്നത്തെ മുഖ്യമന്ത്രി കേജരിവാള്‍ നാലു മാസത്തോളം (156 ദിവസം) ജയിലില്‍ കിടക്കേണ്ടിവന്നു. ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ ഒന്നര വര്‍ഷത്തിലേറെയാണ് (530 ദിവസം) തുറുങ്കിടലയ്ക്കപ്പെട്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ ഉന്നത ഭരണഘടനാ പദവിയിലുള്ള മുഖ്യമന്ത്രിമാരെ ജയിലിലടച്ചതിന് കേന്ദ്രസര്‍ക്കാരും സിബിഐയും ഉത്തരവാദികളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായാണ് എഎപിയുടെ ഏറ്റവും ഉന്നതരായ രണ്ടു നേതാക്കളെ തെളിവുകളൊന്നുമില്ലാതെ സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ പരാജയത്തിനും ബിജെപിയുടെ വിജയത്തിനും, മദ്യനയ കേസിലെ കേജരിവാളിന്റെയും സിസോദിയയുടെയും അറസ്റ്റും ജയില്‍വാസവും കാരണമായെന്നതിൽ സംശയമില്ല. അഴിമതിപ്പണമാണ് ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ എഎപി ചെലവഴിച്ചതെന്നും സിബിഐ ആരോപിച്ചു. സിബിഐയുടെ ഈ കേസ് വിചാരണ കോടതി ഘട്ടത്തില്‍ അവസാനിപ്പിച്ചിരിക്കുകയാണ് പ്രത്യേക കോടതിയുടെ വിധി.
രാഷ്ട്രീയ വാഷിംഗ് മെഷീന്
തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രധാന എതിരാളികളായ ആം ആദ്മി പാര്‍ട്ടിയെയും കേജരിവാളിനെയും അഴിമതിക്കാരെന്നു മുദ്രകുത്തുകയായിരുന്നു സിബിഐ കേസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തതോടെ വോട്ടര്‍മാര്‍ ന്യായമായും കേജരിവാളും കൂട്ടരും അഴിമതിക്കാരാണെന്നു വിശ്വസിച്ചിരിക്കാം.
കേജരിവാളിനെയും കൂട്ടരെയും പൂര്‍ണമായി കുറ്റവിമുക്തരാക്കുകയും സിബിഐയുടെ കേസിനെതന്നെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത ഡല്‍ഹി പ്രത്യേക കോടതിയുടെ വിധി ഇന്ത്യയില്‍ പ്രതിപക്ഷത്തിനാകെ പുതിയ ഉണര്‍വും ആവേശവും കരുത്തും പകരും.
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ പെടുത്തുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് കേജരിവാളിനെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധി. അഴിമതിക്കേസുകളില്‍പ്പെട്ട ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയോ പോലുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവര്‍ക്കെതിരായ അഴിമതിക്കേസ് ഇല്ലാതായി. ബിജെപിയുടെ വാഷിംഗ് മെഷിനില്‍ വെളുപ്പിച്ചെടുത്ത നേതാക്കളുടെ പട്ടിക വലുതാണ്. രാഷ്ട്രീയ ധാര്‍മികത ഇല്ലാതാക്കുന്ന നടപടികള്‍ ഒന്നിനു പുറകെ ഒന്നായി വരുന്നതിനിടയിലാണു പുതിയ കോടതി വിധി.
സംവിധാനം സംരക്ഷിക്കുക
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതിമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഡല്‍ഹി മദ്യനയക്കേസിലെ കോടതിയുടെ തീര്‍പ്പ്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കു തെളിവുകളില്ലെന്നു കണ്ടെത്തിയാല്‍ അതു സംവിധാനങ്ങളിലുള്ള പൊതുജനവിശ്വാസത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയതാണു ശരി. സിബിഐയുടെ കള്ളക്കളി പൊളിച്ചടുക്കിയ കോടതിക്കൊരു ബിഗ് സല്യൂട്ട്.
അധികാരത്തിനുവേണ്ടി ആരും രാജ്യത്തോടും ഭരണഘടനയോടും ഇങ്ങനെ കളിക്കരുതെന്ന കേജരിവാളിന്റെ ഇന്നലത്തെ പ്രസ്താവനയ്ക്കു വിശാലമായ അര്‍ഥതലങ്ങളുണ്ട്. സര്‍ക്കാരിലും സര്‍ക്കാരിന്റെ ഏജന്‍സികളിലുമുള്ള ജനവിശ്വാസം തകര്‍ന്നാല്‍ ജനാധിപത്യം തകരും. ഭരണഘടനയും സര്‍ക്കാര്‍ സംവിധാനങ്ങളും ജുഡീഷറിയും സംരക്ഷിക്കാന്‍ ജനം ഉണരേണ്ട സമയമായി.
ജനവിശ്വാസം പരമപ്രധാനം
"കൂട്ടിലടച്ച തത്ത' (കേജ്ഡ് പാരറ്റ്), "യജമാനന്റെ ശബ്ദം' (ഹിസ് മാസ്റ്റേഴ്സ് വോയിസ്) എന്നുമൊക്കെ സിബിഐയെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ സുപ്രീംകോടതിയാണ്. കൂട്ടിലടച്ച തത്തയെ സര്‍ക്കാര്‍ കൊല്ലരുത്. നിയമസംവിധാനത്തിലുള്ള ജനവിശ്വാസം തകരാതെ കാക്കണമെങ്കില് തത്തയെ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കണം.
Tags : parrot Don't kill CBI AAP Arvind Kejriwal