ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽനിന്ന് അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ സന്ദീപ് പഥക് എംപിക്കെതിരേ പഞ്ചാബ് പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
അഴിമതിയുമായും സ്ത്രീകൾക്കെതിരായ അതിക്രമവുമായും ബന്ധപ്പെട്ട് രണ്ടു ജില്ലകളിലായാണു ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളായതുകൊണ്ടുതന്നെ സന്ദീപിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഇന്നലെ രാവിലെ പഞ്ചാബ് പോലീസ് സംഘം ഡൽഹിയിലെ സന്ദീപിന്റെ വസതിയിലെത്തിയെന്നും ഇവർ എത്തുന്നതിനുമുന്പ് സന്ദീപ് വസതിയിൽനിന്ന് പുറത്തുകടന്നതായും റിപ്പോർട്ടുകളുണ്ട്. ഫോൺ ഓഫ് ചെയ്തു സന്ദീപ് മുങ്ങിയിരിക്കുകയാണ്. ബിജെപി നിയമസെല്ലിൽനിന്നുള്ള സഹായത്തിനായി ഇദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ, എഎപിയിൽനിന്ന് ബിജെപിയിലേക്കു കൂറുമാറിയ ഏഴ് എംപിമാരിൽ മറ്റൊരാളായ രജീന്ദർ ഗുപ്തയുടെ പഞ്ചാബിലെ ടെക്സ്റ്റൈൽ യൂണിറ്റിൽ വ്യാഴാഴ്ച പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ റെയ്ഡ് നടത്തി. പഞ്ചാബിലെ എഎപി സർക്കാരിന്റേതു പ്രതികാരനടപടിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
Tags : Sandeep Pathak BJP AAP non bailable section Case