District News
ചേര്‍ത്തല: ജനങ്ങളുടെ പൊറുതിമുട്ടിച്ച് നഗരത്തിലെ വെള്ളക്കെട്ട്. പരിഹാരം തേടി സമരവുമായി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും പ്രദേശവാസികളും തെരുവിലിറങ്ങി സമരം ചെയ്തു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി എസി കനാലടക്കം ബണ്ടിട്ടടച്ചതും ചെറുതോടുകളുടെ ഒഴുക്കുനിലച്ചതുമാണ് വെള്ളക്കെട്ടിനു കാരണമായത്. ദേശീയപാതയോടു ബന്ധപ്പെട്ട പ്രദേശങ്ങളിലടക്കം 500 ലധികം വീടുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ജനങ്ങള്‍ക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതിയായി.
ശൗചാലങ്ങളടക്കം പലയിടത്തും വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും വഴിയില്ലാതായി. സെപ്റ്റിക്ക് ടാങ്കുകള്‍ പോലും നിറഞ്ഞൊഴുകുന്നത് വലിയ ആരോഗ്യ പ്രശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് എഎസ് കനാലിന്റെ ബണ്ടുകള്‍ പൊളിച്ചു കൂടുതല്‍ കുഴലുകളിട്ടു പുനര്‍നിര്‍മിക്കാന്‍ ധാരണയായെങ്കിലും നിലവില്‍ രണ്ടുബണ്ടുകള് വഴിയാണ് ദേശീയപാതയില്‍ ഗതാഗതം നടക്കുന്നതെന്നതിനാല്‍ ഗതാഗതക്രമീകരണം പൂര്‍ത്തിയാക്കാതെ പൊളിക്കാന്കഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അഥോറിട്ടി. ഇതുമായി ബന്ധപ്പെട്ട് രാത്രി വൈകിയും ചര്‍ച്ചകള്‍ നടക്കുകയാണ്.
എഎസ് കനാലിന്റെ നീരൊഴുക്കു തടഞ്ഞു ദേശീയപാതയില്‍ ഗതാഗതത്തിനായി സ്ഥാപിച്ച ബണ്ട് പൊളിച്ചു നീരൊഴുക്കു സുഗമമാക്കുന്ന തരത്തില്‍ കൂടുതല്‍ കുഴലുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി. പ്രസാദ് എംഎല്‍എയുടെയും നഗരസഭാ ചെയര്മാന് എസ്. സോബിന്റെയും നേതൃത്വത്തില്‍ ദേശീയപാത കരാര്‍കമ്പനിയുടെ കണിച്ചുകുളങ്ങര കവലയിലുള്ള യാര്‍ഡ് ഉപരോധിച്ചു. ഉപരോധം നാലുമണിക്കൂറോളം നീണ്ടു. എഎസ് കനാലിനൊപ്പം പാതയ്ക്കടിയിലൂടെ ഒഴുകുന്ന ചെറുതോടുകളുടെ നീരൊഴുക്കും സുഗമമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വൈസ് ചെയര്‍പേഴ്സണ്‍ എന്‍.എല്‍. വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എസ്. സനീഷ്, ബീന അജി, ബി. ധന്യാമോള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
28-ാം വാര്‍ഡിലടക്കം ജനങ്ങളനുഭവിക്കുന്ന ദുരിതത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ അഖില്‍ ആഞ്ഞിലിപാലത്തിന്റെ നേതൃത്വത്തില്‍ എഎസ് കനാലില്‍ ഇറങ്ങി പ്രതിഷേധിച്ചു.
District News
പോരാമ്പ്ര: അരിക്കുളം പഞ്ചായത്തിൽ യുഡിഎഫ് പ്രവർത്തകരുകരുടെ വീടുകൾക്കു നേരെ നിരന്തരമായ ആക്രമണങ്ങൾ തുടരുന്നത് നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതായും ഇടതു പക്ഷം നടത്തുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
നിയമ സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് മേൽക്കോയ്മ നഷ്ടപ്പെടും എന്ന ഭയപ്പാടിലാണ് സിപിഎം ഇത്തരം അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കുരുടിമുക്കിലെ നടുവിലക്കണ്ടി അഷ്റഫ്, ചെറുവത്ത് മീത്തൽ ബഷീർ എന്നിവരുടെ വീടുകൾക്കു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറും മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള അക്രമണവും നടന്നത്. കുറ്റവാളികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും യുഡിഎഫ് നേതൃത്വം പോലീസിനോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്, മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, സാജിദ് നടുവണ്ണൂർ, പി.ടി. അഷ്റഫ്, എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ, ഇ.കെ. അഹമ്മദ് മൗലവി, സി. രാമദാസ്, വി.വി.എം. ബഷീർ, ശശി ഊട്ടേരി, കെ. അഷ്റഫ്, സജിത എളമ്പിലാട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. വീടുകളിൽതന്നെ മാലിന്യങ്ങളെ നാലായി തരംതിരിക്കണമെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ.
ഉറവിടത്തിൽത്തന്നെ ഖരമാലിന്യങ്ങളെ ഈർപ്പമുള്ള മാലിന്യം, വരണ്ട മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക ശ്രദ്ധവേണ്ട മാലിന്യം എന്നിങ്ങനെ നാലായി തരംതിരിക്കണം. ഈർപ്പമുള്ള മാലിന്യം കന്പോസ്റ്റിംഗ് വഴി സംസ്കരിക്കണമെന്ന് പരിപാലന ചട്ടത്തിൽ നിർദേശിക്കുന്നു.
വരണ്ട മാലിന്യങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലേക്ക് കൈമാറണം. സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകം പൊതിഞ്ഞ് കൈമാറണം. പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ അംഗീകൃത ഏജൻസികളിലൂടെ ശേഖരിക്കണമെന്നും തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ സൂചിപ്പിക്കുന്നു.
മാലിന്യ സംസ്കരണത്തിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുക, തെറ്റായ റിപ്പോർട്ട് നൽകുക എന്നിവയ്ക്ക് പിഴ ഈടാക്കും. "മലിനമാക്കുന്നവർ നഷ്ടപരിഹാരം നൽകണം’ എന്ന വ്യവസ്ഥ അനുസരിച്ചാണിത്.
മലിനീകരണ നിയന്ത്രണ ബോർഡും പോലീസും നിയന്ത്രണ ഏജൻസികളും പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും.മാലിന്യം നാലായി തരംതിരിക്കാൻ വീടുകൾ, ഹോട്ടലുകൾ, കടകൾ, മാലിന്യ സംസ്കരണ ഏജൻസികൾ എന്നിവർക്ക് കർശന നിർദേശം തദ്ദേശഭരണ സ്ഥാപനം നൽകണമെന്നും മാലിന്യ സംസ്കരണത്തിന്റെ മേൽനോട്ട ചുമതല ജില്ലാ കളക്ടർമാർക്ക് കൂടിയാവുമെന്നതും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.
Kerala
കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാകുന്ന 178 വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറുന്നതിനു നറുക്കെടുപ്പ് നടത്തി.
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്നു ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റർ, പ്ലോട്ട് നന്പർ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണു ഗുണഭോക്താക്കൾ തെരഞ്ഞെടുത്തത്.
മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് പഞ്ചിൽ വീട്ടിൽ പി. അഷ്റഫാണ് ഒന്നാമതായി നറുക്കെടുത്തത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റർ ജെ ഇൽ ഉൾപ്പെട്ട 104-ാം നന്പർ വീടാണ് അഷ്റഫിനു നറുക്കെടുപ്പിലൂടെ ലഭിച്ചത്.
ജില്ലാ ഭരണകൂടം തയാറാക്കിയ പെട്ടിയിൽനിന്നു നറുക്കെടുത്ത് ഗുണഭോക്താക്കൾ വീടുകൾ സ്വന്തമാക്കി. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് ഗുണഭോക്താക്കൾക്ക് കൈമാറി.
കെഎസ്ഇബി, വാട്ടർ അഥോറിറ്റി, സിവിൽ സപ്ലൈസ്, നഗരസഭ മുഖേന വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, വീടിന്റെ ഉടമാവകാശ രേഖകൾ നൽകാനുള്ള നടപടികൾക്ക് 15 പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിരുന്നു.
വീടുകളുടെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ മൂന്ന് മാസത്തെ തുക സർക്കാർ അടയ്ക്കും. മൂന്നു മാസത്തിനുശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റി സ്ഥാപിക്കും. ഇതിനുള്ള സാക്ഷ്യപത്രം ഗുണഭോക്താക്കൾക്ക് നൽകി.
District News
നെയ്യാറ്റിന്‍കര : ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് മെഗാ വിപണന മേളയൊരുക്കി ആതിഥേയ വിദ്യാലയമായ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ് എസ് യൂണിറ്റ്. നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് മുതല്‍ ഏഴു വരെയാണ് കലോത്സവം.
വ്യത്യസ്ത തട്ടുകളുടെ ആകെത്തുകയാണ് മെഗാ വിപണനമേളയെന്ന് യൂണിറ്റ് പ്രതിനിധികള്‍ അറിയിച്ചു. സാന്പത്തിക പ്രതിസന്ധിയുള്ള ഒരു ഹയർസെക്കന്‍ഡറി വിദ്യാർഥിനിയുടെ സ്വന്തം വീട് എന്ന ചിരകാല സ്വപ്നസാക്ഷാത് കാരത്തോടൊപ്പം ആവുംവിധം കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കരൾത്തട്ട് വിപണന മേളയുടെ പ്രധാന ഇടമാണ്.
ആഭരണത്തട്ട്, ആരോഗ്യത്തട്ട്, വസ്ത്രത്തട്ട്, ഐസ് ക്രീം തട്ട്, പലഹാരത്തട്ട് , ഉപ്പും മുളകും തട്ട്, കുലുക്കിത്തട്ട് തുടങ്ങി നിരവധി സ്റ്റാളുകളുമായി വോളണ്ടിയര്‍മാര്‍ സഹപാഠിക്കുവേണ്ടി കരങ്ങള്‍ കോര്‍ക്കുന്നു.
സ്കൂളിന്റെ അഭ്യുദയകാംക്ഷിയും മുന്‍ പിടിഎ പ്രസിഡന്റും രക്തദാന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു ബൈജു എസ്. മണിയുടെ ഓര്‍മയ്ക്കായി തയാറാക്കിയ ബൈജു ടാക്കീസ് മറ്റൊരു സവിശേഷ ഇടമാണ്.