കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാകുന്ന 178 വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറുന്നതിനു നറുക്കെടുപ്പ് നടത്തി.
മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്നു ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റർ, പ്ലോട്ട് നന്പർ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണു ഗുണഭോക്താക്കൾ തെരഞ്ഞെടുത്തത്.
മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് പഞ്ചിൽ വീട്ടിൽ പി. അഷ്റഫാണ് ഒന്നാമതായി നറുക്കെടുത്തത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റർ ജെ ഇൽ ഉൾപ്പെട്ട 104-ാം നന്പർ വീടാണ് അഷ്റഫിനു നറുക്കെടുപ്പിലൂടെ ലഭിച്ചത്.
ജില്ലാ ഭരണകൂടം തയാറാക്കിയ പെട്ടിയിൽനിന്നു നറുക്കെടുത്ത് ഗുണഭോക്താക്കൾ വീടുകൾ സ്വന്തമാക്കി. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം അനുവദിച്ച ഉത്തരവ് ഗുണഭോക്താക്കൾക്ക് കൈമാറി.
കെഎസ്ഇബി, വാട്ടർ അഥോറിറ്റി, സിവിൽ സപ്ലൈസ്, നഗരസഭ മുഖേന വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, വീടിന്റെ ഉടമാവകാശ രേഖകൾ നൽകാനുള്ള നടപടികൾക്ക് 15 പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിരുന്നു.
വീടുകളുടെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി, കുടിവെള്ള കണക്ഷനുകളുടെ മൂന്ന് മാസത്തെ തുക സർക്കാർ അടയ്ക്കും. മൂന്നു മാസത്തിനുശേഷം കണക്ഷനുകൾ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റി സ്ഥാപിക്കും. ഇതിനുള്ള സാക്ഷ്യപത്രം ഗുണഭോക്താക്കൾക്ക് നൽകി.
Tags : resettlement Punchirimattam disaster victims homes