തിരുവനന്തപുരം: ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. വീടുകളിൽതന്നെ മാലിന്യങ്ങളെ നാലായി തരംതിരിക്കണമെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ.
ഉറവിടത്തിൽത്തന്നെ ഖരമാലിന്യങ്ങളെ ഈർപ്പമുള്ള മാലിന്യം, വരണ്ട മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക ശ്രദ്ധവേണ്ട മാലിന്യം എന്നിങ്ങനെ നാലായി തരംതിരിക്കണം. ഈർപ്പമുള്ള മാലിന്യം കന്പോസ്റ്റിംഗ് വഴി സംസ്കരിക്കണമെന്ന് പരിപാലന ചട്ടത്തിൽ നിർദേശിക്കുന്നു.
വരണ്ട മാലിന്യങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലേക്ക് കൈമാറണം. സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകം പൊതിഞ്ഞ് കൈമാറണം. പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ അംഗീകൃത ഏജൻസികളിലൂടെ ശേഖരിക്കണമെന്നും തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ സൂചിപ്പിക്കുന്നു.
മാലിന്യ സംസ്കരണത്തിൽ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുക, തെറ്റായ റിപ്പോർട്ട് നൽകുക എന്നിവയ്ക്ക് പിഴ ഈടാക്കും. "മലിനമാക്കുന്നവർ നഷ്ടപരിഹാരം നൽകണം’ എന്ന വ്യവസ്ഥ അനുസരിച്ചാണിത്.
മലിനീകരണ നിയന്ത്രണ ബോർഡും പോലീസും നിയന്ത്രണ ഏജൻസികളും പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും.മാലിന്യം നാലായി തരംതിരിക്കാൻ വീടുകൾ, ഹോട്ടലുകൾ, കടകൾ, മാലിന്യ സംസ്കരണ ഏജൻസികൾ എന്നിവർക്ക് കർശന നിർദേശം തദ്ദേശഭരണ സ്ഥാപനം നൽകണമെന്നും മാലിന്യ സംസ്കരണത്തിന്റെ മേൽനോട്ട ചുമതല ജില്ലാ കളക്ടർമാർക്ക് കൂടിയാവുമെന്നതും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നു.
Tags : Solid Solid Waste Management Rules four categories segregated Homes