നെയ്യാറ്റിന്‍കര : ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് മെഗാ വിപണന മേളയൊരുക്കി ആതിഥേയ വിദ്യാലയമായ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ് എസ് യൂണിറ്റ്. നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് മുതല്‍ ഏഴു വരെയാണ് കലോത്സവം.
വ്യത്യസ്ത തട്ടുകളുടെ ആകെത്തുകയാണ് മെഗാ വിപണനമേളയെന്ന് യൂണിറ്റ് പ്രതിനിധികള്‍ അറിയിച്ചു. സാന്പത്തിക പ്രതിസന്ധിയുള്ള ഒരു ഹയർസെക്കന്‍ഡറി വിദ്യാർഥിനിയുടെ സ്വന്തം വീട് എന്ന ചിരകാല സ്വപ്നസാക്ഷാത് കാരത്തോടൊപ്പം ആവുംവിധം കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കരൾത്തട്ട് വിപണന മേളയുടെ പ്രധാന ഇടമാണ്.
ആഭരണത്തട്ട്, ആരോഗ്യത്തട്ട്, വസ്ത്രത്തട്ട്, ഐസ് ക്രീം തട്ട്, പലഹാരത്തട്ട് , ഉപ്പും മുളകും തട്ട്, കുലുക്കിത്തട്ട് തുടങ്ങി നിരവധി സ്റ്റാളുകളുമായി വോളണ്ടിയര്‍മാര്‍ സഹപാഠിക്കുവേണ്ടി കരങ്ങള്‍ കോര്‍ക്കുന്നു.
സ്കൂളിന്റെ അഭ്യുദയകാംക്ഷിയും മുന്‍ പിടിഎ പ്രസിഡന്റും രക്തദാന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്ന സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു ബൈജു എസ്. മണിയുടെ ഓര്‍മയ്ക്കായി തയാറാക്കിയ ബൈജു ടാക്കീസ് മറ്റൊരു സവിശേഷ ഇടമാണ്.
Tags : local nattuvishesham homes