പത്തനംതിട്ട ജില്ലാതല മലയാള ദിന ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനം അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിക്കുന്നു.
പത്തനംതിട്ട: മലയാള ഷ സാഹിത്യത്തിലും സാംസ്കാരിക രചനകളിലും മാത്രം ഒതുങ്ങാതെ ഭരണരംഗത്തും കോടതിമുറികളിലും കൂടുതലായി ഉപയോഗിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടം, ജില്ലാ സാക്ഷരതാ മിഷന് എന്നിവയുമായി സഹകരിച്ച് കളക്ടറേറ്റ് ഗവി ഹാളില്‍ സംഘടിപ്പിച്ച മലയാള ദിന - ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണവും സവിശേഷവുമായ ഭാഷകളിലൊന്നാണ് മലയാളമെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. മലയാളം കൃത്യമായി ഉച്ചരിക്കാന്‍ പഠിക്കുന്നതിലൂടെ ലഭിക്കുന്ന നാവിന്റെ വഴക്കം മറ്റു ഭാഷകള്‍ പഠിക്കാനും സഹായകരമാകും. വള്ളത്തോള്‍, കുമാരനാശാന്, കുഞ്ഞുണ്ണി മാഷ്, ഒഎന്‍വി കുറുപ്പ് തുടങ്ങിയ മഹാരഥന്മാര് പകര്‍ന്നു നല്കിയ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പാരമ്പര്യമുള്ള ഭാഷയാണ് മലയാളമെന്നും അതിന്റെ സൗന്ദര്യവും മൂല്യവും ഭരണ നിര്‍വഹണത്തിലും പൊതുജന സേവനത്തിലും പൂര്‍ണമായി പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. ഭരണ ഭാഷാ സേവന പുരസ്കാരം ലഭിച്ചകളക്ടറേറ്റ് ക്ലാർക്ക് വീണ വി.നായര്‍ക്ക് അബിന്‍ വര്‍ക്കി എംഎല്‍എ പുരസ്കാരം സമ്മാനിച്ചു.
ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. എഡിഎം ആർ. രാജലക്ഷ്മി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.കെ.ജയകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
Tags :