Kerala
കൊച്ചി: ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്.
ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും രാജീവ് പരിഹസിച്ചു.
സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണോ യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജൻ. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ജയരാജന് പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പിണറായി വിജയനെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന് പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി.
"ഞങ്ങള്‍ എന്തിനാണ് പേടിക്കുന്നത്. ഞങ്ങളെല്ലാം അദ്ദേഹത്തെ എന്തെല്ലാം വിമര്‍ശിക്കുന്നുണ്ട്. അതെല്ലാം വന്ന് മാധ്യമങ്ങളോട് പറയാത്തത് പാര്‍ട്ടി സംഘടനാ കാര്യമായതിനാലാണ്. ഞങ്ങള്‍ക്ക് പറയേണ്ടത് പാര്‍ട്ടിയില്‍ പറയും. അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ആലോചിക്കും.
എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കും, സ്വയം വിമര്‍ശനവും ഉണ്ട്. തെറ്റ് തിരുത്തലുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി'.-ജയരാജന് പറഞ്ഞു.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായുള്ള സൗഹൃദത്തിന്റെ പേരിൽ നടി തൃഷയ്ക്ക് നേരെ വീണ്ടും അധിക്ഷേപം. മുതിർന്ന എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ അധിക്ഷേപിച്ചെത്തിയത്.
മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം. വൈകാതെ വിജയ്, തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു.
ജന നായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ആരോപണവുമായി ഉദയകുമാർ നേരത്തെയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും സംസ്ഥാനത്തിനാകെയും അപ്രഖ്യാപിത സർക്കാർ അവധി പ്രഖ്യാപിച്ചതു പോലുള്ള സാഹചര്യം തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിജയ്യെ അനുഗമിച്ച് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ റിലീസ് ദിനത്തിൽ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മുഖ്യമന്ത്രി അന്നേ ദിവസം മാറ്റിവെച്ചതായി ഉദയകുമാർ പറഞ്ഞു.
ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു. റിലീസ് ദിനം ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം പരിഹസിച്ചു.
സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഉദയകുമാർ ആരോപിച്ചു. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. വെള്ളിയാഴ്ച രാവിലെ 11ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
കേസിൽ നേരത്തെ റിബേഷിനെ പ്രതിചേർത്തിരുന്നു. രണ്ടാം പ്രതിയാണ് റിബേഷ്. ജൂലൈ 17 ന് ഇയാൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസിൽ ആരോപണ വിധേയനായിരുന്നു ഇയാൾ. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണന് കോടതിയെ സമീപിച്ചിരുന്നത്.
വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്നതാണ് റിബേഷിനെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജിതിൻ ഭാസ്കർ സ്ക്രീൻ ഷോട്ട് ആദ്യം അയച്ച് നൽകിയത് റിബേഷിനാണെന്നും, സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതത് റിബേഷാണെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും വിശദമായ ചോദ്യം ചെയ്യൽ.
Kerala
ഇരിങ്ങാലക്കുട: ആര്‍ക്കും സമീപിക്കാവുന്ന, ആരിലേക്കും ഇറങ്ങിച്ചെല്ലുന്ന ലാളിത്യത്തിന്റെ സുവിശേഷവും വിശുദ്ധിനിറഞ്ഞ ആത്മീയാചാര്യനുമായിരുന്നു മാര്‍ ജെയിംസ് പഴയാറ്റിലെന്നും അദ്ദേഹത്തിന്റെ ജീവിതമാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടൻ.
രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണ ദിവ്യബലിയിൽ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവരും പത്ത് ഫൊറോന വികാരിമാരും സന്യസ്ത സഭകളുടെ പ്രതിനിധികളായി ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ, ഡോൺബോസ്കോ റെക്ടർ ഫാ. എമ്മാനുവേൽ വട്ടക്കുന്നേൽ എന്നിവരും സഹകാര്‍മികരായിരുന്നു.
രൂപതാ ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ‘ഭീകര’ സംഘടനാ പട്ടികയിലുൾപ്പെട്ട ട്രെൻ ഡി അരഗ്വാ നേതാവിനെ കൊലപ്പെടുത്തി.
വെനസ്വേലൻ മയക്കുമരുന്ന് കാർട്ടൽ തലവൻ ഹെക്ടർ റസ്തൻഫോർഡ് ഗ്വെറേറോ ഫ്ലോറസാണ് കൊല്ലപ്പെട്ടത്.
ട്രെൻ ഡി അരഗ്വാ നേതാവിനെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു.
സൈനിക നടപടിയിലൂടെയാണ് ഇയാളെ വധിച്ചതെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് ഫെഡറൽ കോടതി ്വെറേറോ ഫ്ലോറസിനെതിരേ ഗൂഢാലോചന, ഭീകരർക്ക് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെന്റ് ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പത്രപ്രസ്താവനയിൽ ആരോപിച്ചു.
വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിന്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിന്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്.
കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സിഎജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും കടം വാങ്ങിയ കിഫ്ബിയുടെ സാമ്പത്തിക ബാദ്ധ്യത ഭീമമാണ്. പ്രത്യുല്പാദനപരമല്ലാത്ത ഒരു വരുമാനവും കിട്ടാത്ത മേഖലകളിലാണ് ഒരു ആസൂത്രണവുമില്ലാതെ കോടികൾ വലിച്ചെറിഞ്ഞത്.
ലൈഫ് ഭവന പദ്ധതിയ്ക്ക് മുടക്കിയ പണത്തിന്റെ സിംഹഭാഗവും ഹഡ്കോയിൽ നിന്നുള്ള കടമാണ്. ഈ കടം അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പുതിയ വികസന പദ്ധതികൾക്കു ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കടം കിട്ടാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
Kerala
കൊല്ലം: വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്എന്‍ഡിപി യോഗം നേതാവ് വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ചതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.എ. ആബിദ് അലി. യുഡിഎഫ് അധികാരത്തിലെത്തിയതില്‍ മുഖ്യമന്ത്രി വി.ഡി. സതീശനോടൊപ്പം തന്നെ പ്രധാന്യം അര്‍ഹിക്കുന്നയാളാണ് വെളളാപ്പളളി എന്ന സമുദായ നേതാവെന്നും അങ്ങനൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതില്‍ തെറ്റൊന്നുമില്ല എന്നുമാണ് ആബിദ് അലിയുടെ പരിഹാസം.
"102 സീറ്റോടുകൂടി യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വി.ഡി. സതീശനോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു പേരാണ് വെളളാപ്പളളി നടേശന് എന്ന സമുദായ നേതാവിന്റേത്. അങ്ങനെയൊരു മഹാ മാന്ത്രികനെ ബിന്ദു കൃഷ്ണ കണ്ടതിലും കുമ്പിട്ടതിലും എനിക്ക് തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല'- ആബിദ് അലി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മന്ത്രി ബിന്ദു കൃഷ്ണ വെളളാപ്പളളി നടേശന്റെ വസതിയിലെത്തി കണ്ടത്. വെളളാപ്പളളിയുടെ മുന്നില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി നില്ക്കുന്നതും അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെളളാപ്പളളി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.
അതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ വെളളാപ്പളളിയെ കൂടെ നിര്‍ത്തിയതിന് എതിരെ കൂടിയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയതെന്നും ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
Kerala
കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. യൂത്ത് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം ജനറല്‍ സെക്രട്ടറി കപ്പശേരി കല്ലറയ്ക്കല്‍ അല്‍ അമീന് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളം റോഡിലായിരുന്നു അപകടം നടന്നത്.
എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ബൈക്ക് യൂടേണ്‍ എടുക്കവെ കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമീന് നാല് ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Kerala
കോഴിക്കോട്: മുതിർന്ന സിപിഎം നേതാവും കോഴിക്കോട് നഗരസഭാ മുൻ മേയറുമായ ടി.പി. ദാസൻ. 76 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സിപിഎം ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ.
മക്കൾ: മിലി (ആർക്കിടെക്ട്, യുഎൽസിസിഎസ്.), മിനി (എച്ച്ആർ ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ യുകെ.). മരുമക്കൾ: ബൈജു (പ്രിന്റിംഗ് പ്രസ്, വെസ്റ്റ്ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യുകെ) സംസ്കാരം പിന്നീട്.
National
ലക്നോ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ പരാജയം ആണ് നേരിടാൻ പോകുന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സമാജ്വാദി പാർട്ടി വൻ വിജയം നേടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"യോഗിയുടെ സർക്കാർ പൂർണ പരാജയമാണ്. സംസ്ഥാനത്തെ എല്ലാ മേഖലകളും തകർന്നിരിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. ബിജെപി എംപിമാരും എംഎൽഎമാരും വരെ സംസ്ഥാന സർക്കാരിനെതിരാണ്.'-അഖിലേഷ് വിമർശിച്ചു.
"സംസ്ഥാനത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും സർക്കാർ മാറിയാൽ മതിയെന്നാണ് അവർ ആഗ്രഹിക്കുന്നത്. ബിജെപിക്കെതിരെ വിധിയെഴുതാൻ അവർ കാത്തിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ അവരുടെ ആഗ്രഹം സഫലമാകും.'-അഖിലേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും അതിനാണ് ഇഡിയെ ഉപയോഗപ്പെടുത്തുന്നതെന്നും ജയരാജൻ പ്രതികരിച്ചു.
കേരള ഭരണകൂടത്തിനും ഇതിൽ പങ്കുണ്ട്. പാർട്ടിയെ വേട്ടയാടലാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷത്തിന് കരുത്ത് പകരാനാണിതെന്നും ജയരാജൻ വിമർശിച്ചു. ബിജെപി - കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.
"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന് പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന് ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.
പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന് പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.
Kerala
കായംകുളം: നിരോധിത ലഹരിവസ്തുവായ കഞ്ചാവ് കൈവശം വച്ചതിനും പരസ്യമായി ഉപയോഗിച്ചതിനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കായംകുളം പണ്ടകശാല സ്വദേശി സാജിദ് (35), കുട്ടംപേരൂർ സ്വദേശി അമൽ (26), കണ്ടല്ലൂർ അനിൽ ഭവനത്തിൽ അനന്തു (25), കണ്ടല്ലൂർ വളയിൽകടവത്ത് പ്രവീൺ (28) എന്നിവരാണ് പിടിയിലായത്.
കായംകുളം സബ് ഇൻസ്പെക്ടർ സി.ജെ. സാംസണും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കായംകുളം ഓവർബ്രിഡ്ജിന് തെക്ക് ബോട്ട് ജെട്ടി ജംഗ്ഷൻ റോഡിൽ കായൽ പാർക്കിന് സമീപത്തുനിന്നാണ് സംഘം പിടിയിലാവുന്നത്. ഈ ഭാഗത്ത് സംഘം പരസ്യമായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച് പുക ശ്വസിക്കുന്നത് പെട്രോളിംഗിനിറങ്ങിയ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇവരെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബീഡികൾ കണ്ടെടുത്തത്. പ്രതികൾക്കെതിരെ നർക്കോട്ടിക്ക് ആക്ട് പ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോൽവിയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. തോൽവിയുടെ കാരണങ്ങൾ പാർട്ടി പഠിക്കുമെന്നും, പരിശോധിക്കുമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ശ്രീമതി പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത് സ്വാഗതാർഹമാണെന്നും ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിയതും സൗജന്യ ബസ് യാത്രയും സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്നും വലിയ തോൽവിയാണ് ഉണ്ടായതെന്നും മുൻ മന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചു.
പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് നല്ലതെന്ന് പറഞ്ഞ ശൈലജ, മുതിർന്ന പി ബി അംഗമാണ് പിണറായി വിജയനെന്നും തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണം മാത്രമാണെന്നും പ്രതികരിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ ബിജെപി നേതാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൻസ്വാര ജില്ലയിലാണു സംഭവം. ബിജെപി ജില്ലാ സെക്രട്ടറി അർജുൻ സിംഗ് മയിദ (47)ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച മയിദയും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായെന്നും തുടർന്ന് മയിദ വീടു വിട്ടു പോയെന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിൽ പരിക്കിന്റെ പാടുകൾ കണ്ടതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം നിയുക്ത എംഎൽഎ വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാകും എന്ന് സൂചന. ദേശീയ നേതൃത്വത്തിന്റേതാണ് നിർദേശം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള നിർണായക കോർ കമ്മിറ്റി യോഗം തുടരുകയാണ്.
സംസ്ഥാന അധ്യക്ഷനായതിനാൽ രാജീവ് ചന്ദ്രശേഖർ ആ സ്ഥാനത്തേക്ക് വരേണ്ടതില്ല, അതിനേക്കാൾ നല്ലത് വി. മുരളീധരനാണ് എന്ന നിർദേശമാണ് കേന്ദ്രത്തിനുള്ളത് എന്നാണ് സൂചന. ഇന്നോ ശനിയാഴ്ചയോ കേന്ദ്രത്തിൽ നിന്നാകും ഇതു സംബന്ധിച്ചുള്ള തീരുമാനം വാർത്താക്കുറിപ്പായോ വാർത്താ സമ്മേളനത്തിലോ പുറത്തുവരുക.
തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ എന്നിവരാണ് വിജയിച്ചത്.
National
പനാജി: ഗോവയിലെ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പ് കടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി കർണാടകയിലെ ദാണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഗോവ-കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. എന്നാൽ ഹൈക്കോടതി വിധിയെത്തുടർന്ന് ഈ ഉപതെരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുക്കെയാണ് മരണം സംഭവിക്കുന്നത്.
മരണത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ അനുശോചിച്ചു. യുവ നേതാവിന്റെ മരണം പാർട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്ടമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
Kerala
കൊച്ചി: വിവിധ മേഖലകളിലെ തൊഴിലാളികളോടും തൊഴിൽ മേഖലയുടെ സ്പന്ദനങ്ങളോടും ചേർന്നു സഞ്ചരിച്ച രാഷ്ട്രീയജീവിതമാണു വി.ഡി. സതീശന്റേത്.
മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അമരത്ത് തേരുതെളിച്ചു മുന്നേറുന്പോഴും സംസ്ഥാനത്തെ നിരവധി പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹമുണ്ട്.
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയൻ, കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ, ഫാക്ട് എംപ്ലോയീസ് കോൺഗ്രസ്, പ്രീമിയർ ടയർ വർക്കേഴ്സ് യൂണിയൻ, ടിസിസി എംപ്ലോയീസ് യൂണിയൻ, ഐആർഇ വർക്കേഴ്സ് യൂണിയൻ, ഹിൻഡാൽകോ വർക്കേഴ്സ് യൂണിയൻ, ടാറ്റ ഓയിൽ മിൽസ് വർക്കേഴ്സ് യൂണിയൻ, കാർബോറാണ്ടം യൂണിവേഴ്സൽ എംപ്ലോയീസ് യൂണിയൻ, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എംപ്ലോയീസ് കോൺഗ്രസ്, കെഎഫ്സി പ്രഫഷണൽ ഫോറം എന്നിവയുടെ പ്രസിഡന്റ് പദവിയിൽ വി.ഡി. സതീശൻ സേവനം ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ട്രേഡ് യൂണിയനുകളുടെ പ്രവർത്തനങ്ങളിൽ നേതൃപരമായ ഇടപെടലുകൾ അദ്ദേഹം നടത്തി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്. കെ.എൻ.ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്.
എന്നാല്‍ പിണറായി നയിക്കട്ടെയെന്ന് സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ടേമിൽ പിണറായി മുഖ്യമന്ത്രിയും വി.ഡി.സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു.നിലവിൽ ധർമ്മടത്തു നിന്നുള്ള എംഎൽഎയാണ് പിണറായി വിജയൻ.
അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്കുവേണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ല.
District News
ഏറ്റുമാനൂർ: സംസ്ഥാനത്തെ സർവീസ് സംഘടനാ രംഗത്തെ അതികായനാണ് കഴിഞ്ഞ ദിവസം അന്തരിച്ച എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അതിരമ്പുഴ കിടങ്ങയിൽ കളപ്പുരയ്ക്കൽ കെ.ജെ. ജോർജ്. കരുണാകരൻപിള്ള പ്രസിഡന്റും കെ.ജെ. ജോർജ് വൈസ് പ്രസിഡന്റുമായിരുന്ന കാലഘട്ടമായിരുന്നു എൻജിഒ അസോസിയേഷന്റെ പ്രതാപകാലം.
അപ്പുണ്ണിനായർ പ്രസിഡന്റായിരിക്കെ എൻജിഒ അസോസിയേഷനിലുണ്ടായ പിളർപ്പിൽ അപ്പുണ്ണി നായർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ എല്ലാവരുംതന്നെ കോൺഗ്രസിലെ എ വിഭാഗത്തോടൊപ്പം നിന്നപ്പോൾ കരുണാകരൻ പിള്ളയും കെ.ജെ. ജോർജും കെ. കരുണാകരനൊപ്പം നിന്നു. കെ.ജെ. ജോർജിന്റെ സംഘടനാ പാടവവും പ്രവർത്തകർക്കിടയിലെ സ്വാധീനവുമാണ് കരുണാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള എൻജിഒ അസോസിയേഷനെ സംസ്ഥാനത്തെ പ്രബല സർവീസ് സംഘടനയാക്കിയത്.
കെ. കരുണാകരനുമായി കെ.ജെ. ജോർജിന് ഏറെ അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. എൻജിഒ അസോസിയേഷന്റെ സമ്മേളനങ്ങളിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ ജോർജ് എവിടെയെന്ന് കെ. കരുണാകരൻ തിരക്കുമായിരുന്നു. കെ. കരുണാകരനുമായുള്ള അടുപ്പവും സ്വാതന്ത്ര്യവും സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കായി അദ്ദേഹം പ്രയോജനപ്പെടുത്തിയില്ല.
സർവേ വകുപ്പിൽനിന്ന് വിരമിച്ചശേഷം കെ.ജെ. ജോർജ് പ്രാദേശിക കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റും അതിരമ്പുഴ റീജണൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.കെ.ജെ. ജോർജിന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്. ഹൈക്കമാന്‍ഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മറിച്ച് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അല്ല എന്നും പി.ജെ. കുര്യന് പറഞ്ഞു.
ഹൈക്കമാന്‍ഡും എംഎല്‍എമാരും എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താന്‍ നില്ക്കും. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ല. സ്വാഗതം ചെയ്യും. തീരുമാനം എല്ലാവരും അംഗീകരിക്കും എന്നും പി ജെ കുര്യന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെയും പി.ജെ. കുര്യന് പ്രതികരിച്ചു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണം കിട്ടില്ല. ഈ ആശങ്കയാണ് ബില്‍ കൊണ്ടുവരാന്‍ കാരണം. വനിതാ സംവരണം തങ്ങള്‍ കൊണ്ടുവന്നു. യുപിഎ എതിര്‍ത്തു എന്ന് വരുത്താനാണ് എന്‍ഡിഎ ശ്രമം എന്നും കുര്യന് പറഞ്ഞു.
പ്രചാരണ വിഷയം ആക്കാന്‍ ദുരുദ്ദേശപരമായി ബില്‍ കൊണ്ടുവന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍കൊണ്ട് ഇന്ത്യ ഭരിക്കാം എന്ന ഗൂഢ ഉദ്ദേശമാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ എംപിമാരുടെ എണ്ണം കൂട്ടാനാണ് ശ്രമം എന്നും കുര്യന് പറഞ്ഞു.
National
തിരുവനന്തപുരം: മണ്ഡല പുനർനിർണയത്തിനെതിരെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസക്. മണ്ഡല പുനർനിർണയം സംബന്ധിച്ച ബിജെപി സർക്കാരിന്റെ പുതിയ നിലപാടുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന് തോമസ് തോമസ് ഐസക് പറഞ്ഞു.
ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം നൽകുന്ന ഈ പദ്ധതിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബിജെപി അടവുമാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന അപകടമാണെന്നും ഐസക് അക്കമിട്ട് നിരത്തുന്നു.
നിലവിലുള്ള സീറ്റ് അനുപാതം 1971-ലെ ജനസംഖ്യാടിസ്ഥാനത്തിലാണ്. ഇത് ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. എന്നാൽ ഭാവിയിൽ ഇത് വെറും ഭൂരിപക്ഷം മതിയാകുന്ന രീതിയിലേക്ക് മാറ്റാനാണ് ബിജെപി നീക്കം. നമ്മുടെ സംസ്ഥാനങ്ങളുടെ ഭാവി ബിജെപിയുടെ ദയാദാക്ഷണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2011-ലെ സെൻസസ് മാനദണ്ഡമാക്കിയാൽ തുല്യ വോട്ടർമാരുടെ എണ്ണമനുസരിച്ചുള്ള പ്രാതിനിധ്യ വ്യവസ്ഥ ആകെ തകിടം മറിയും. ബിജെപി തന്നെയാണ് ഇപ്പോൾ ഊരാക്കുടുക്കിൽ പെട്ടിരിക്കുന്നതെന്നും ഐസക് നിരീക്ഷിച്ചു. വനിതാ സംവരണത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധത വെറും നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2023-ൽ പാസ്സാക്കിയ ബില്ല് നോട്ടിഫൈ ചെയ്യാൻ പോലും സർക്കാർ മറന്നുപോയി. ഇന്നലെ രാത്രിയാണ് ഇത് നോട്ടിഫൈ ചെയ്തത്. നിലവിലുള്ള 543 അംഗ സഭയിൽ മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാൻ ആരും എതിരല്ലെന്നും മറ്റു കാര്യങ്ങൾ പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നുമാണ് പ്രതിപക്ഷ നിലപാട്.
ബിജെപിയുടെ ലക്ഷ്യം വനിതാ സംവരണം അല്ല, മറിച്ച് 2029-ൽ വിജയം ഉറപ്പിക്കുക എന്നതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ഇഷ്ടമില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ഡീലിമിറ്റേഷൻ കമ്മീഷനെക്കൊണ്ട് മണ്ഡല അതിർത്തികൾ തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതിക്കുകയുമാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കോട്ടയം: ചങ്ങനാശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആർഎസ്എസ് നേതാവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ലഹരി സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് പിടിയിലായത്.
തെരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു ചങ്ങനാശേരി നഗരമധ്യത്തിൽ പ്രതികൾ അക്രമം നടത്തിയത്. ബൈക്കിലെത്തിയ ഇവർ പടക്കം എറിഞ്ഞും വടിവാൾ വീശിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.
അക്രമത്തിനിടെ ആർഎസ്എസ് പ്രാദേശിക നേതാവായ ആർ. കൃഷ്ണരാജിനെ പ്രതികൾ വെട്ടി പരിക്കേൽപ്പിച്ചു. കൃഷ്ണരാജിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും പ്രതികൾ ലഹരിക്ക് അടിമപ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ക്രമസമാധാനനില ഉറപ്പാക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. . ഇന്നു പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്.
മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്സഭയിലെത്തിയത്. ആദ്യം ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയിലും നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷന്‍ അയച്ചതെന്ന വ്യാജേന, പ്രതിപക്ഷ നേതാവിന്റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ അടക്കമുള്ള കോൺഗ്രസ് എംപിമാർക്ക് ടിക്കറ്റ് നൽകരുതെന്ന് കാണിച്ചു കത്ത് നൽകിയെന്നാണ് വ്യാജ പ്രചാരണം നക്കുന്നതെന്ന് സതീശൻ പരാതിയിൽ പറയുന്നു. കത്തിലെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയ്ക്ക് രണ്ടക്ക സംഖ്യയിൽ എംഎൽഎമാരെ ലഭിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. എൽഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷത്തിമില്ലാത്ത തൂക്ക് സഭയായിരിക്കും വരികയെന്നും സുരേഷ് പറഞ്ഞു. എൻഡിഎ നിർണായക ശക്തിയാകുമെന്നും സുരേഷ് അവകാശപ്പെട്ടു.
ഇടതുപക്ഷവും വലതുപക്ഷവും വർഗീയവാദ പക്ഷമായി മാറി. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ് ഇരുമുന്നണികളുമെന്ന് സുരേഷ് ആരോപിച്ചു.
വികസനമാണ് എൻഡിഎയുടെ മുദ്രാവാക്യം. 50 % ലേറെ മണ്ഡലങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും പ്രാമുഖ്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കും. നേമത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. അപരനെ ഇറക്കാൻ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു.
പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശിവൻകുട്ടി ഇടപെട്ടു. തിരുവനന്തപുരം നഗരത്തിൽ സർക്കാർ കുടിവെള്ളം മുട്ടിക്കുന്നു. ബിജെപി കൗൺസിലർമാർ ജയിച്ച വാർഡുകളിൽ കുടിവെള്ളം മുടക്കുന്നു. സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗൂഢശ്രമം നടക്കുന്നു.
ബിജെപിയെ കരിവാരിത്തേക്കുന്നതിനുള്ള ശ്രമമാണിത്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. വിഷയത്തിൽ അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. അങ്ങേയറ്റം നീചവും ദൗർഭാഗ്യകരവുമായ സംഭവമാണിത്. ഇതിൽനിന്ന് ശിവൻകുട്ടി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നൂറിനു മുകളിൽ സീറ്റ് പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ആരെന്നത് തെരെഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുക. യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവെന്ന നിലയിൽ തനിക്കും വി.ഡി. സതീശനും വ്യത്യസ്ത ശൈലിയായിരുന്നു. കെ.സി. വേണുഗോപാലുമായും സതീശനുമായും അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ സർക്കാരിന് വീട് നിർമാണം പൂർത്തിയാക്കാനായില്ല. കോൺഗ്രസ് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാർ അഴിമതികൾ പുറത്തു കൊണ്ടു വന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Kerala
കൊല്ലം: രാഹുല്‍ ഗാന്ധി ശരിയായ രാഷ്ട്രീയ നിലപാടില്ലാത്ത കോണ്‍ഗ്രസ് നേതാവാണെന്ന് മുതിർന്ന സിപിഎം നേതാവ് എ. വിജയരാഘവന്. ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുന്നത് ഇടതുപക്ഷം കൂടി പിന്തുണയ്ക്കുന്ന ഇന്ത്യ സഖ്യം ഉള്ളതുകൊണ്ടാണെന്നും ഇക്കാര്യം മറന്ന് കേരളത്തിലെത്തി ഇടതുപക്ഷ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിക്കുന്നത് രാഹുലിന് രാഷ്ട്രീയ നിലപാട് ഇല്ലാത്തതുകൊണ്ടാണെന്നും വിജയരാഘവന് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്. നടപ്പാക്കാനുള്ളതല്ല, വഞ്ചിക്കാനുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും എ വിജയരാഘവന് പറഞ്ഞു.
ജനങ്ങളെ പറ്റിക്കുകയും വഞ്ചിക്കുകയുമാണ് യുഡിഎഫ് അജണ്ട. 600 രൂപ ക്ഷേമ പെന്ഷന് 18 മാസം നല്‍കാത്തവരാണ് മാസം 3,000 നല്‍കുമെന്ന് പറയുന്നത്. പിണറായി വിജയനെ ജയിലിലടക്കാത്തതിലാണ് രാഹുല്‍ ഗാന്ധിയുടെ വിഷമം.
ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്രിവാളിനെ ജയിലിലടപ്പിച്ചിട്ടും രാഹുലിനും കോണ്‍ഗ്രസിനും തൃപ്തിയായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെല്ലാം ബിജെപിയിലെത്തിയെന്നും എ. വിജയരാഘവന് പറഞ്ഞു.
Kerala
ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി എംഎൽഎ. സതീശന് എത്രയും വേഗം വനവാസത്തിന് പോകണമെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും മണി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും വ്യത്യസ്തരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ സൗജന്യ വാഗ്ദാനം നടപ്പാക്കാനാവില്ല. നെഹ്റു കുടുംബത്തില്‍ ജനിച്ച പാരമ്പര്യം മാത്രമാണ് രാഹുൽ ഗാന്ധിയുടെ കൈമുതല്‍.
സോഷ്യലിസം നടപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഇപ്പോള്‍ രാജ്യം എവിടെ എത്തിയെന്ന് ചിന്തിക്കണമെന്നും മണി പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് കുതിക്കുകയാണ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എം.എം. മണിയേയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ ഞാൻ അറിയിച്ചിരുന്നു. സ്വയം പിന്മാറിയതാണ്. ജില്ലാ കമ്മറ്റി നല്കിയ പട്ടികയില്‍ പേരുണ്ടായിരുന്നു. പാര്‍ട്ടി നല്‍കേണ്ടതെല്ലാം നല്കി. പാര്‍ലമെന്ററി വ്യാമോഹമില്ല.
ബാല്യകാലത്ത് ഇന്‍ക്വിലാബ് വിളിച്ച് തുടങ്ങിയതാണ് ഞാൻ. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് പൊതുജീവിതം. ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ലെന്നും മണി പറഞ്ഞു.
National
റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു.
സർക്കാർ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മുചാക്കി കൈലാഷ് എന്ന് മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കാനിരിക്കേയാണ് ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.
ഈ വർഷം മാത്രം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ ഇതുവരെ 27 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം വിവിധ ഏറ്റുമുട്ടലുകളിലായി സംസ്ഥാനത്ത് 285 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.
Kerala
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി കെ.സുധാകരന് എംപി. രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സുധാകരന് പറഞ്ഞു. കൂടിക്കാഴ്ചയില്‍ തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു. ആ ഉറപ്പുകള്‍ എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നറിയില്ല. പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷമുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും സുധാകരന് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്തുവെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടിയിലെ എന്റെ സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. നേതാക്കള്‍ക്ക് മുന്നില്‍ താന്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സുധാകരന് പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ പരിഗണിക്കണം എന്നാണ് തന്റെ നിലപാടെന്ന് സുധാകരന് പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തതെന്നും സുധാകരന് വ്യക്തമാക്കി.
ഇന്ന് വൈകിട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കെ. സുധാകരന്റെ കൂടിക്കാഴ്ച. കുടുംബസമേതമായിരുന്നു സുധാകരന് ഡല്‍ഹിയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
ഖാര്‍ഗെയായിരുന്നു സുധാകരനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ. സുധാകരന് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
യഥാര്‍ഥ പോരാളിയാണ് സുധാകരന്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ എംപി. കുടുംബവുമായി ഡൽഹിയിലെത്തിയാണ് സുധാകരൻ രാഹുലിനെ കണ്ടത്. കോൺഗ്ര്സ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും സുധാകരൻ കണ്ടു.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച.
കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുൽ എക്സില്‍ കുറിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുധാകരന് പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന സുധാകരന് ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.
സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. പിന്നീട് സുധാകരന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ സജീവമാകുകയായിരുന്നു.
Kerala
കോഴിക്കോട്: യുഡിഎഫ് 100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോഴിക്കോട് ബീച്ചിൽ നടന്ന യുഡിഎഫ് മഹാറാലിയിലാണ് സതീശൻ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞത്. കൂടാതെ അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാറാലിയിൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, എംകെ രാഘവൻ എംപി തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
മഹാറാലിയിലെത്തിയ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസിന്റെ അഞ്ച് ഗ്യാരണ്ടികള്‍ പരസ്യപ്പെടുത്തിയുള്ള ബസിന്റെ ഫ്ലാഗ് ഓഫും ഖര്‍ഗെ നിര്‍വഹിച്ചു. ആര്‍ജെഡി നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ കിഷൻ ചന്ദും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും ഓണ്‍ലൈനായി സംസാരിക്കും.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ പരാജയം ആണ് നേരിടാൻ പോകുന്നതെന്ന് മുതിർന്ന ബിജെപി നേതാവും ഖരഗ്പുർ സാദറിലെ സ്ഥാനാർഥിയുമായ ദിലീപ് ഘോഷ്. ബിജെപി ആണ് ഇത്തവണ ഭരണത്തിലെത്തുക എന്നും ദിലീപ് ഘോഷ് പറഞ്ഞു.
"ബംഗാളിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഭരണം മാറുമെന്ന കാര്യം ഉറപ്പാണ്.'-ദിലീപ് ഘോഷ് അവകാശപ്പെട്ടു.
"മുഖ്യമന്ത്രി മമത ബാനർജി പരാജയഭീതിയിലാണ്. തൃണമൂൽ പരാജയപ്പെടുമെന്ന് അവർക്കറിയാം. മമതയുടെ ശക്തിയായിരുന്ന കള്ളവോട്ടുകൾ ഇത്തവണ ഇല്ലാത്തത് കൊണ്ട് തന്നെ വൻ പരാജയമാണ് അവരും പാർട്ടിയും നേരിടാൻ പോകുന്നത്. അതിശക്തമായ ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ഉണ്ട്. ജനങ്ങൾ തൃണമൂലിനെതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണ്.'-ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹര്യമാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.
ഈ സർക്കാർ എങ്ങനെയെങ്കിലും പോയാൽ മതിയെന്നാണ് ജനം ആഗ്രഹിക്കുന്നത്. 10 വർഷത്തെ ഭരണം കഴിയുമ്പോൾ സംസ്ഥാനം ഗുരുതര തകർച്ചയിലാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയിലെ സ്വർണം കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തിയെന്നും ഭക്ത ജനങ്ങൾക്കൊപ്പമെന്ന് സർക്കാർ കള്ള പ്രചാരണം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.
ഭൂരിപക്ഷ വർഗീയത കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കഴിഞ്ഞ തവണ ന്യൂന പക്ഷമായിരുന്നെങ്കിൽ ഇത്തവണ ഭൂരിപക്ഷ പ്രീണനമാണ് സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം ഉണ്ടായത് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണെന്ന് ചെന്നിത്തല ആരോപിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലൻ. വർഗീയ അജണ്ട വച്ചാണ് സതീശന്റെ പരാമർശം എന്നും ബാലൻ കുറ്റപ്പെടുത്തി.
"ഇത്തരം വർഗയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്.'ബാലൻ പറഞ്ഞു.
എൻ.എം.ആർ. റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം പാലക്കാട് കണ്ടത് അശ്ലീല സിനിമയാണെന്നും ബാലൻ പരിഹസിച്ചു.
മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് ജയിക്കും. പി.കെ. ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാറിയെന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍.
തമ്പ്രാന് എന്നു വിളിച്ചു കെ.സി. വേണുഗോപാലിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കു മാത്രമാണ് കോണ്‍ഗ്രസില്‍ രക്ഷയുള്ളതെന്നും അല്ലാത്തവരെയെല്ലാം അടിമകളായാണ് വേണുഗോപാല്‍ കരുതുന്നതെന്നും നുസൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ പോകാന്‍ കാരണക്കാരന്‍ കെ.സി. വേണുഗോപാലാണ്. അനില്‍ ആന്റണി കോണ്‍ഗ്രസ് ഐടി വിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കേ അത്രമാത്രമാണ് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചത്.
അനിലിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയടക്കം തീരുമാനിച്ചപ്പോള്‍ എ.കെ. ആന്റണിയാണ് എതിര്‍ത്തത്. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കാനുള്ള കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ പങ്ക് തനിയ്ക്ക് വ്യക്തമായി അറിയാം.
ഇക്കാര്യം താന്‍ പിന്നീട് തുറന്നു പറയും. ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനേയും ഇവര്‍ വല്ലാതെ പീഡിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുമോ എന്ന ആശങ്കയാണ് എതിരേയുള്ള നീക്കങ്ങള്‍ക്കു പിന്നിലുള്ളത്.
ഉമ്മന്‍ ചാണ്ടിക്കു ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ആര്‍ജ്ജവമുള്ള നേതാവുണ്ടായിരുന്നെങ്കില്‍ കെ.സി. വേണുഗോപാലിനു പോലും വാ തുറക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി. പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും ഭരണമാറ്റം ഉറപ്പാണെന്നും ആന്റണി പറഞ്ഞു.
"കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയിരുത് കൊണ്ടാണ്. കോൺഗ്രസിന് പണം കുറവാണ്. അനൗൺസ്മെന്റെ കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ. പണ്ടത്തെ വച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി. ഇപ്പോഴും എൽഡിഎഫിനും നും എൻഡിഎയ്ക്കും എല്ലായിടത്തും സ്ഥാനാർഥി ആയിട്ടില്ല.'-ആന്റണി
കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആന്റണി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയൻ ആയി. ചാണ്ടി ഉമ്മന്റെ സൈക്കിൾ യാത്ര എല്ലാവർക്കും മാതൃകയാണെന്നും ആന്റണി പറഞ്ഞു.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർഡിഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.
തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്ന് ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ ആണിതെന്നും
ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.
Kerala
ഇടുക്കി: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്ത കുറ്റത്തെ ചെറുതായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രാണരക്ഷാർഥമാണ് മുള്ളൻ പന്നിയെ തല്ലിക്കൊന്നത് എന്നായിരുന്നു ജാമ്യാപേക്ഷയിൽ വെള്ളനാട് ശശിയുടെ വാദം.
സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്നതിന് പിന്നാലെ പരുത്തിപ്പള്ളി വനം വകുപ്പാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തത്. പിന്നാലെ വെള്ളനാട് ശശി ഒളിവിൽ പോയിരുന്നു.
ഫെബ്രുവരി 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വെള്ളനാട് പഞ്ചായത്തിൽ ഒരു വീട്ടിൽ മുള്ളൻപന്നി എത്തിയപ്പോഴാണ് വെള്ളനാട് ശശി അതിനെ തല്ലിക്കൊന്നത്. വനംവകുപ്പിനെ വെല്ലുവിളിച്ചിട്ടായിരുന്നു മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്കടിച്ചുകൊന്നത്. എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിയതാണെന്നുമായിരുന്നു വെള്ളനാട് ശശി പറഞ്ഞത്.
Kerala
കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഒരു അനുനയത്തിനും താനില്ലെന്നും കണ്ണൂർ വിട്ടു കൊടുക്കില്ലെന്നുമാണ് സുധാകരന്റെ നിലപാട്.
സീറ്റിൽ തീരുമാനമാകുന്നത് വരെ ഡൽഹിയിലേക്കുള്ള യാത്ര തന്നെ അദ്ദേഹം റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അനുകൂല നിലപാടുള്ളവരുടെ യോഗം വിളിയ്ക്കാനുള്ള നിർണായക നീക്കം നടത്താനൊരുങ്ങുകയാണ് സുധാകരൻ.
അതേ സമയം സുധാകരന് വഴങ്ങേണ്ടതില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരനുമായി ഫോണിൽ സംസാരിക്കാനുൾപ്പെടെ ദേശീയ നേതൃത്വം തയാറായിട്ടില്ല.
സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ഥി നിര്‍ണയം.
സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.
തുടർ ചർച്ചകൾക്കായി സുധാകരനോട് തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നത്. സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.
Kerala
ആലപ്പുഴ: സിപിഎം നേതാവും മുൻ എംപിയും എംഎൽഎയുമായ എ.എം. ആരിഫിനെ ചേർത്തല മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
ആരിഫിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ജി. മോഹനനെ പുതിയ സെക്രട്ടറിയായി ചുമതലപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എ.എം. ആരിഫിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നു എന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് സിപിഎമ്മിന്റെ പുതിയ തീരുമാനം.
ആലുവയിലെ അൻവർ സാദത്തിന്റെ കോട്ട പിടിച്ചെടുക്കാനാണ് ആരിഫിനെ ഇറക്കുന്നത്. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് ആവശ്യമില്ലാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. ബാബു എംഎൽഎ. ഇത് വീണ്ടും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയും പ്രവർത്തകർക്കുപോലും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമെന്നും ബാബു പറഞ്ഞു.
മത്സരിക്കാൻ ഒരാൾക്ക് അനുവാദം കൊടുത്താൽ മറ്റുള്ളവരും അതേ കാര്യം ആവശ്യപ്പെടും. അതിനാൽതന്നെ എംപിമാർ മത്സരിക്കുന്നത് നിലവിൽ അഭികാമ്യമല്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർഥിത്വ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഏറ്റവും ദുർബലമാകുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും ബാബു അഭിപ്രായപ്പെട്ടു. പോരാട്ടം കോൺഗ്രസും സിപിഎമ്മും തമ്മിലായിരിക്കുമെന്നും ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയിൽ പല പേരുകളും താൻ കേൾക്കുന്നുണ്ട്. ഏറ്റവും യോഗ്യനായ സ്ഥാനാർഥിയെ ഹൈക്കമാന്റും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കണ്ടെത്തുമെന്നാണ് കരുതുന്നത്. ആരുടെയും പേര് താൻ നിർദേശിക്കുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു.
Kerala
കൊച്ചി: തൃശൂരുകാരെ വിശ്വാസമാണെന്നും ഇത്തവണ അവർ കൈവിടില്ലെന്നും ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പദ്ധതികൾ നടപ്പാക്കാൻ പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം തനിക്കുമുണ്ടെന്നും അതിനാൽ ജനങ്ങൾ തന്റെ ഒപ്പം നിൽക്കുമെന്ന് ഉറപ്പാണെന്നും പദ്മജ അവകാശപ്പെട്ടു. തൃശൂർ മണ്ഡലത്തിൽ പദ്മജ ബിജെപി സ്ഥാനാർഥി ആകുമെന്നാണ് സൂചന.
ഇത്തവണ ബിജെപി തന്നോട് എവിടെ മത്സരിക്കണമെന്ന് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് താൻ പറഞ്ഞുവെന്നും പദ്മജ പ്രതികരിച്ചു. ബിജെപിക്കാരെ സംബന്ധിച്ച് പ്രസ്ഥാനം അവർക്ക് വലുതാണ്. അല്ലാതെ വ്യക്തികൾ എന്തുപറയുന്നു എന്നല്ല അവർ നോക്കുന്നത്. പാർട്ടി പറയുന്നവരെ ജയിപ്പിക്കുന്നവരാണ് അവർ. അതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ടെന്നും പദ്മജ പറഞ്ഞു.
കോണ്‍ഗ്രസുകാരും തനിക്ക് പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന് പത്മജ അവകാശപ്പെട്ടു. അച്ഛനെ പോലെ തനിക്കും ഒരുപേടിയുമില്ല. അച്ഛനെ വിശ്വസിച്ചവർക്ക് തന്നെയും വിശ്വസിക്കാമെന്നും പത്മജ പറഞ്ഞു.
എന്നാൽ കോൺഗ്രസുകാർ കെ. മുരളീധരനെ പിന്നിൽ നിന്ന് കുത്തുമെന്ന് പദ്മജ പറഞ്ഞു. തന്നെ പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസുകാർ മുരളിയെയും ചതിക്കുമെന്നാണ് പദ്മജ പറഞ്ഞത്.
Kerala
കണ്ണൂര്‍: സീറ്റ് നല്‍കാത്തതിലുള്ള പരിഭവം തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊതുപരിപാടികൾ ഒഴിവാക്കി വീട്ടിൽ തുടരുകയാണ് സുധാകരൻ. അണികളെയും തന്റെ മറ്റ് അനുയായികളെയും ചേര്‍ത്ത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് സുധാകരന്റെ നീക്കം.
എന്നാല്‍ ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാത്രമെ മറ്റ് പ്രതികരണങ്ങള്‍ നടത്തുകയുള്ളൂ എന്നാണ് സുധാകരന്റെ തീരുമാനം.ഏത് ഫോര്‍മുല വച്ചാലും നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന തീരുമാനത്തിലാണ് സുധാകരന്.
കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കണ്ണൂരുമായി തനിക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് സുധാകരന് വിശദീകരിച്ചിരുന്നു. ഇത് കൂടാതെ മറ്റ് പ്രതികരണങ്ങളൊന്നും നടത്താന്‍ സുധാകരന് തയാറായിരുന്നില്ല. എന്നാല്‍ കണ്ണൂരില്‍ സുധാകരന് കൂടി താല്പര്യമുള്ള ഒരാളെ സ്ഥാനാർഥിയാക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
പക്ഷെ ഈ ഓഫര്‍ സ്വീകരിക്കാൻ സുധാകരന് തയാറല്ലെന്നാണ് വിവരം. കണ്ണൂരില്‍ തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്.
അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സ്ക്രീനിംഗ് യോഗത്തില്‍ 20 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതായാണ് പുറത്തുവരുന്ന സൂചന.
National
ലക്നൗ: രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽനിന്ന് 55 സിലിണ്ടറുകൾ റെയ്ഡിൽ പിടിച്ചെടുത്തതായി റിപ്പോർട്ട്. യുപി ഹാപൂർ ജില്ലയിലുള്ള എസ്പി നേതാവായ അബ്ദുൾ റഹ്മാന്റെ വീട്ടിൽനിന്നുമാണ് എൽപിജി സിലിണ്ടറുകൾ കണ്ടെടുത്തത്.
നേരത്തെ രാജ്യത്തെ എൽപിജി ക്ഷാമത്തിനു കേന്ദ്രത്തെയടക്കം സമാജ്വാദി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു. പാചകവാതക ലഭ്യത സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞത്. ജനങ്ങൾ നീണ്ട ക്യൂവിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനിടെയാണ് സ്വന്തം പാർട്ടി അംഗത്തിന്റെ വീട്ടിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 55 സിലിണ്ടറുകൾ കണ്ടെടുത്തത്. എന്നാൽ സംഭവത്തിനു പിന്നാലെ അബ്ദുൾ റഹ്മാനുമായി ബന്ധമില്ലെന്ന് സമാജ്വാദി പാർട്ടി അറിയിച്ചു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഡൽഹിയിൽ നിന്ന് അതൃപ്തനായി നാട്ടിലേയ്ക്ക് തിരിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ എംപി വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല എന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതു പോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.
ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.
എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.
Kerala
പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതി. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ.
തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി. ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു.
അതേസമയം, വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ട്. മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷൻ കാർഡ്.
അന്ന് ആർക്കും പ്രശ്നമില്ലായിരുന്നു. സപ്ലൈ ഓഫീസർ സിപിഐ നിർദേശപ്രകാരമാണ് ഇപ്പോൾ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
Kerala
മലപ്പുറം: മുതിര്‍ന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെതുടര്‍ന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയാണ്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. .
ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരാണ് മോഹൻദാസ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിന് കൈമാറും.
Kerala
തിരുവനന്തപുരം : ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണങ്ങളാണ് ബിന്ദു മേനോൻ ഉന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ഗണേഷ് കുമാർ പറയും പോലെ വ്യക്തിപരമായ കാര്യമോ കുടുംബകാര്യമോ മാത്രം ഇതിനെ കാണാൻ കഴിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഒരു മന്ത്രിയാണ് ഗണേഷ് കുമാർ. വിഷയം ഒത്തുതീർപ്പാക്കിയെന്നു പറഞ്ഞ് അവസാനിപ്പിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
"മന്ത്രി ചെയ്തതു ഗുരുതരമായ തെറ്റാണ്. മന്ത്രിയുടെ രാജിയിൽ ഉറച്ചു നിൽക്കുന്നു. മന്ത്രി ഉടൻ രാജിവയ്ക്കണം. അതുവരെ കോൺഗ്രസ് പ്രതിഷേധം തുടരും.'-ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ഇത്തരം നിലപാട് സ്വീകരിക്കുന്നതു തികച്ചും അധാർമികവും നിയമവിരുദ്ധവുമാണ്. മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം. വിഷയത്തിൽ ഇടതുപക്ഷം മറുപടി പറയാൻ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
5000 ത്തോളം പ്രണയമുണ്ടായിരുന്നുവെന്ന് മന്ത്രി പറയുന്നു. അതിൽ രണ്ടുപേരെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുമായുള്ള പ്രശ്നത്തിലാണ് ഉമ്മൻചാണ്ടി അദ്ദേഹത്തെ ക്യാബിനറ്റിൽ നിന്ന് ഒഴിവാക്കുന്നത്. ഉപദ്രവിക്കും തോറും ഒഴിവാക്കി വീണ്ടും കല്യാണം കഴിക്കുന്ന ആള് പൊതുജനങ്ങൾക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കണം.
ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇത് വ്യക്തിപരമല്ലെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ പരസ്യമായി പ്രതികരിച്ചു. ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഗൗരവകരമല്ലേ. സത്യത്തിൽ ഇത് മന്ത്രി കാണിക്കുന്ന തോന്ന്യവാസമാണ്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നുണ്ടോ. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ. പൊതുസമൂഹത്തിന് ചേരാത്ത പ്രവർത്തിയല്ലേ ഉണ്ടായത്.
മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയട്ടെ. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ല. ഗണേഷിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നാട്ടികയിൽ സിപിഐ സീറ്റ് നിഷേധിച്ച സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദനുമായി സംസാരിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഫോണിലൂടെയായിരുന്നു സംസാരിച്ചതെന്നും സീറ്റ് നിഷേധിച്ച കാര്യം തന്നോട് പറഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
"മുകുന്ദൻ വളരെ സൗമ്യനും നല്ലൊരു മനുഷ്യനുമാണ്. ജനങ്ങളുമായി നല്ല അടുപ്പമുള്ള ആളാണ്. സിപിഐ എന്തുകൊണ്ടാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതെന്ന് അറിയില്ല.'-ചെന്നിത്തല പറഞ്ഞു.
എന്നാൽ മുകുന്ദൻ കോൺഗ്രസിലേയ്ക്ക് വരുന്ന കാര്യമൊന്നും സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ആദ്യം മുകുന്ദൻ തന്നെ ഭാവി കാര്യങ്ങൾ തീരുമാനിക്കട്ടെ. എന്നിട്ട് പാർട്ടിയിൽ ചർച്ച് ചെയ്ത് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻ വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നും വീരപാണ്ഡ്യൻ അവകാശപ്പെട്ടു.
"തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് സഖ്യത്തിനും അനുകൂലമായ സാഹചര്യമാണ്. ക്ഷേമ പ്രവർത്തനങ്ങളും വികസനവും തുടരാൻ ഈ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തണം. നിലവിൽ സംസ്ഥാനം എല്ലാം മേഖലയിലും മുന്നേറി കഴിഞ്ഞു.'-വീരപാണ്ഡ്യൻ പറഞ്ഞു.
"ബിജെപിയുടെ എൻഡിഎ സഖ്യം തകർന്നടിയും. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. അവർക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ജനം അവരെ ജയിപ്പിക്കില്ല. അതുറപ്പാണ്.'-വീരപാണ്ഡ്യൻ കൂട്ടിച്ചേർത്തു.
National
ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ വൻ വിജയം നേടുമെന്ന് എഐഎഡിഎംകെ നേതാവ് ശെല്ലൂർ രാജു. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുതയെന്നും ശെല്ലൂർ രാജു അവകാശപ്പെട്ടു.
"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഡിഎംകെ സർക്കാരിനെ അവർ വെറുത്തുകഴിഞ്ഞു. തോൽവി ഭയന്ന് സർക്കാർ ധനസഹായം വാരിക്കൊരി നൽകുകയാണ്. പക്ഷെ ഇനി എന്ത് ചെയ്താലും ജനങ്ങൾ ഡിഎംകെയെ ജയിപ്പിക്കില്ല.'-ശെല്ലൂർ രാജു പറഞ്ഞു.
"ജനങ്ങൾ എൻഡിഎ ഭരണത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനായി ഡബിൾ എൻജിൻ സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ടെന്ന് അവർക്കറിയാം. അതിന് വേണ്ടി അവർ ഇത്തവണ വോട്ട് ചെയ്യും.'-ശെല്ലൂർ രാജു കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വൈക്കം മുൻ എംഎൽഎയും സിപിഐ നേതാവുമായ കെ. അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അജിത് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണനും ഇതേ വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.
രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു കെ. അജിത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശനം എന്നും ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
അതൃപ്തി സിപിഐ നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നുവെന്നും പരാതി പറഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിമാരെ കൊണ്ടുവന്നത് ബിജെപിയാണ്. ആ പാര്‍ട്ടിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും അജിത് പറഞ്ഞു.
വൈക്കത്തെ ജനങ്ങളോട് ഭരണ, പ്രതിപക്ഷങ്ങള്‍ നീതി കാണിച്ചില്ല. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികളുണ്ടായത്. തന്റെ ജനാവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയും. വൈക്കത്തെ പുതുയുഗ മാറ്റത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അജിത് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ വത്സല പ്രസന്ന കുമാർ ബിജെപിയിൽ ചേർന്നു.
മാരാര്‍ജി ഭവനിൽ വത്സല പ്രസന്നകുമാറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു.
ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. 2021ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥിയായിരുന്നു.
ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം.
രണ്ട് ഉപാധികൾ രശ്മി കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം.
എന്നാൽ അനുകൂലമായ മറുപടി കോൺഗ്രസ് നേതാക്കൾ നൽകിയില്ലെന്നാണ് വിവരം. തുടർന്ന് പാർട്ടി വിടാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ആർ. രശ്മി.
Kerala
തൂശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ തൃശൂരിൽ മത്സരിക്കണമെന്ന് അവിടത്തെ ജനങ്ങൾ ആവശ്യപ്പെടുന്നതായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കഴിഞ്ഞ തവണ അവർക്ക് തെറ്റ് പറ്റിയെന്നും ഇത്തവണ നിന്നാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാമെന്നുമാണ് അവർ പറയുന്നതെന്നും പത്മജ പറഞ്ഞു.
"സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി എന്ത് ചുമതല നൽകിയാലും നിർവഹിക്കും. ഒരു നിബന്ധനയും വച്ചിട്ടില്ല.'-പത്മജ പറഞ്ഞു.
ജയിക്കാനായാണ് ബിജെപി ഇനി മത്സരിക്കുക. ആളുകൾക്ക് ബിജെപിയോടുള്ള മനോഭാവം മാറിയിട്ടുണ്ട്. അതിന്റെ തെളിവാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയമെന്നും പത്മജ ചൂണ്ടികാട്ടി.
പത്മജയുടെ പേര് തൃശൂരും വട്ടിയാർക്കാവും അടക്കമുള്ള മണ്ഡലങ്ങളിൽ പരിഗണിക്കുന്നതിനിടെയാണ് അവർ പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പത്മജ നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.