പനാജി: ഗോവയിലെ കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്ഥാനാർഥിയുമായ ഡോ. കേതൻ ഭാട്ടികർ (38) പാമ്പ് കടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി കർണാടകയിലെ ദാണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഗോവ-കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. എന്നാൽ ഹൈക്കോടതി വിധിയെത്തുടർന്ന് ഈ ഉപതെരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുക്കെയാണ് മരണം സംഭവിക്കുന്നത്.
മരണത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ അനുശോചിച്ചു. യുവ നേതാവിന്റെ മരണം പാർട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്ടമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.