കായംകുളം: നിരോധിത ലഹരിവസ്തുവായ കഞ്ചാവ് കൈവശം വച്ചതിനും പരസ്യമായി ഉപയോഗിച്ചതിനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കായംകുളം പണ്ടകശാല സ്വദേശി സാജിദ് (35), കുട്ടംപേരൂർ സ്വദേശി അമൽ (26), കണ്ടല്ലൂർ അനിൽ ഭവനത്തിൽ അനന്തു (25), കണ്ടല്ലൂർ വളയിൽകടവത്ത് പ്രവീൺ (28) എന്നിവരാണ് പിടിയിലായത്.
കായംകുളം സബ് ഇൻസ്പെക്ടർ സി.ജെ. സാംസണും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കായംകുളം ഓവർബ്രിഡ്ജിന് തെക്ക് ബോട്ട് ജെട്ടി ജംഗ്ഷൻ റോഡിൽ കായൽ പാർക്കിന് സമീപത്തുനിന്നാണ് സംഘം പിടിയിലാവുന്നത്. ഈ ഭാഗത്ത് സംഘം പരസ്യമായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച് പുക ശ്വസിക്കുന്നത് പെട്രോളിംഗിനിറങ്ങിയ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് ഇവരെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബീഡികൾ കണ്ടെടുത്തത്. പ്രതികൾക്കെതിരെ നർക്കോട്ടിക്ക് ആക്ട് പ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു.