District News
ആലപ്പുഴ: ജലമാമാങ്കത്തിനായി പുന്നമടക്കായൽ ഒരുങ്ങി, ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നാളെ അരങ്ങേറും. വിവിധ വിഭാഗങ്ങളിലായി ഇക്കുറി 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങൾ. ഇത്തവണ ആദ്യമായി നെഹ്റുട്രോഫി വള്ളംകളിക്ക് ഒരു കളർ തീമും അവതരിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിൽ ഇക്കുറി വൻവർധനവ് ഉണ്ടായിട്ടുണ്ട്. 25000, 3000 രൂപയുടെ ഉൾപ്പെടെ പല ടിക്കറ്റുകളുടെ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. ഇത്തവണ ആദ്യമായി ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് എന്ന പുതിയ ടിക്കറ്റ് വിൽപ്പനയ്ക്കെത്തിച്ചു.
ബോണസിലും മെയിന്റനൻസ് ഗ്രാന്റിലും സമ്മാനത്തുകയിലും വൻ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതിന് വലിയ തുക കണ്ടെത്തേണ്ടിവരും. 2.80 കോടി രൂപ ബോണസും പ്രൈസ് മണിയും നൽകാൻ മാത്രം ആവശ്യമാണ്. ആറുകോടി രൂപയുടെ ബജറ്റാണ് ഇത്തവണ പാസാക്കിയിട്ടുള്ളത്. സംസ്ഥാന ഗവൺമെന്റിന്റെ ചരിത്രത്തിലാദ്യമായി രണ്ടുകോടി രൂപയാണ് ഗ്രാൻഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം കേന്ദ്ര ടൂറിസം ഗ്രാൻഡും ലഭിച്ചു. ഈ വർഷവും ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രധാന വ്യക്തികൾ നാല് ബോട്ട് ജെട്ടികളിൽനിന്ന്
നാല് ബോട്ട് ജെട്ടികളിൽനിന്നാണ് പ്രധാന വ്യക്തികളെ മത്സരവേദിയിലേക്ക് എത്തിക്കുന്നത്. വിവിഐപികളെ ലേക്ക് പാലസ് ജെട്ടിയിൽനിന്നും കോർപറേറ്റ്, പ്ലാറ്റിനം ടിക്കറ്റുകളുമായി വരുന്നവരെ മാളിയേക്കൽ ജെട്ടിയിൽ നിന്നും ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവരെ മാതാ ജെട്ടിയിൽ നിന്നും മുൻസിപ്പൽ കൗൺസിലർമാരെയും കോംപ്ലിമെന്ററി പാസുള്ളവരെയും രാജീവ് ജെട്ടിയിൽനിന്നും മാധ്യമപ്രവർത്തകരെ എസ്ഡബ്ല്യുടി പമ്പ് ജെട്ടിയിൽനിന്നും എത്തിക്കാനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതര സംസ്ഥാന തുഴച്ചിൽകാർക്ക് നിയന്ത്രണം
ഒരു വള്ളത്തിൽ 25 ശതമാനത്തിലധികം ഇതര സംസ്ഥാന തുഴച്ചിൽകാർ പാടില്ലെന്ന നിയമവും പനംതുഴയേ ഉപയോഗിക്കാവൂ എന്ന നിയമവും കർശനമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വകരിക്കും. ബോണസ് കട്ട് ചെയ്യുകയും വരുംവർഷ വള്ളംകളികളിൽനിന്ന് വിലക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.
ടിക്കറ്റ് ലഭിക്കാൻ
അഞ്ചു ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടന്നുവരുന്നു. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കേരളഗ്രാമീൺ ബാങ്കുമാണ് ഇതിനായി പെയ്മെന്റ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ടാറ്റാ ട്രക്സ് ആണ് ഇത്തവണത്തെ ടൈറ്റിൽ സ്പോൺസർ. മറ്റു നിരവധി സ്പോൺസർമാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കർശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.
പുന്നമട സജ്ജം
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിർമാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാർട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.
1700 ഓളം പോലീസുകാർ
കാണികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പാലനത്തിനും 1700 ഓളം പോലീസുകാരെ വിന്യസിക്കും. 17 ഡിവൈഎസ്പിമാരുടെയും 45 ഇൻസ്പക്ടർമാരുടെയും കീഴിലായിരിക്കും പോലീസ് വിന്യാസം. ഷാഡോ പോലീസിന്റെ സാന്നിധ്യവും ഉണ്ടാവും. മത്സരസമയത്ത് കായലിൽ ചാടുന്നവർക്കെതിരേയും മത്സരം തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കും. ഔദ്യോഗിക ബോട്ടുകൾ അല്ലാതെ മറ്റു ബോട്ടുകളെ മത്സരദിവസം റേസ് ട്രാക്ക് ഭാഗത്തേക്കോ കനാലിലേക്കോ കടത്തിവിടില്ല. ഡ്രോൺ നിയമപ്രകാരം മത്സരദിവസം രണ്ട് കിലോമീറ്റർ ചുറ്റളവിൽ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതിയില്ലാത്ത ഡ്രോണുകൾ പറത്തിയാൽ കർശന നടപടി സ്വീകരിക്കും.
പ്രവേശനം പാസുള്ളവർക്ക് മാത്രം
പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. ക്യു ആർ കോഡ് പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരേ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം
പവലിയനിലേക്ക് പോകുന്നവർ രാവിലെ 10ന് എത്തണം. രാവില എട്ടിനു ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും. ഡ്രൈവർമാരുടെ ലൈ സൻസ് സസ്പെൻഡ് ചെയ്യും.
അനൗൺസ്മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.
പത്രസമ്മേളനത്തിൽ നഗരസഭാധ്യക്ഷ മോളിജേക്കബ്, എഡിഎം സി. പ്രേംജി, ആർഡിഒ ജെ. മോബി, കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ പി.എസ്. വിനോദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.
District News
കുമരകം: ഓളപ്പരപ്പിലെ ഒളിമ്പിക്സിനു രണ്ടുദിനം മാത്രം. ജില്ലയില്‍നിന്ന് അഞ്ച് ചുണ്ടന്‍വള്ളങ്ങളാണ് പുന്നമടയിലെ ഓളപ്പരപ്പില്‍ കിരീടപ്പോരിന് അങ്കം കുറിക്കാന്‍ പരിശീലനം നടത്തുന്നത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ (കെടിബിസി) നിരണം പുണ്യാളന്, കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന, കെടിബിസി ഫാന്‍സ് ക്ലബ്ബിന്റെ ശ്രീവിനായകന്‍, നാട്ടകം ഫാന്‍സ് ക്ലബ്ബിന്റെ ജവഹര്‍ തായങ്കരി എന്നിവയാണ് ജില്ലയില്‍നിന്നു മത്സരിക്കുന്നത്. ഇതില്‍ രണ്ട് ചുണ്ടനുകള്‍ അടുത്തിടെ പുതുതായി നീരണിഞ്ഞവയാണെന്നതും പ്രത്യേകതയാണ്.
പരിശീലനതുഴച്ചില്‍ ഇന്നോ നാളെയോ പൂര്‍ത്തിയാക്കി എല്ലാ കളിവള്ളങ്ങളും കരയ്ക്ക് കയറ്റും. വള്ളപ്പുരകളില്‍ പടങ്ങുകളില് കയറ്റിവച്ചു വൈദ്യുതി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉണക്കും. തടിക്ക് കേടുകൂടാതെ വേണം ഉണക്കു കൊടുക്കാന്‍. തുടര്‍ന്നു പോളിഷ് ചെയ്യും. ഓരോ തുഴയെറിയുമ്പോഴും വള്ളം വെള്ളത്തിലൂടെ തെന്നി പ്പായാനാണ് പോളിഷ് ചെയ്യുന്നത്. മത്സരദിനം പുലര്‍ച്ചെ വീണ്ടും നീറ്റിലിറക്കി പുന്നമട ലക്ഷ്യമാക്കി അങ്കത്തിനു പുറപ്പെടും. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ അഞ്ച് ടീമുകളും മികച്ച പ്രതീക്ഷയിലാണ്. വര്‍ഷങ്ങളായി ജില്ലയ്ക്ക് അന്യമായ നെഹ്റു ട്രോഫി ഇത്തവണ കൈപ്പിടിയിലൊതുക്കും എന്ന ഉറച്ചവിശ്വാസത്തിലാണ് ടീമുകള്‍.
ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബില്‍ ആര്‍പ്പൂക്കര ചുണ്ടന്
ഇമ്മാനുവല്‍ ബോട്ട് ക്ലബ് രണ്ടം തവണയാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മിന്നുന്ന പ്രകടനം നടത്തിയ ടീം ആദ്യ അവസരത്തില്‍ തന്നെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഇടം നേടിയിരുന്നു. ഈ മാസം രണ്ടിന് നീരണിഞ്ഞ ആര്‍പ്പൂക്കര ചുണ്ടനിലാണ് ഇത്തവണ ക്ലബ് മത്സരിക്കുന്നത്. ബൈജു മാതിരമ്പുഴയാണ് ക്യാപ്റ്റന്‍. ഒന്നാം അമരത്ത് ജിഫി ഫിലിക്സും ഒന്നാം തുഴയെറിയുന്നത് അനുമോന് കുമരകവുമാണ്. അനുജിത്ത് കൈനകരിയാണ് കോച്ച്.
കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബില്‍ നിരണം പുണ്യാളന്
നെഹ്റു ട്രോഫിയില്‍ 2005, 2006, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ജേതാക്കളായി ഹാട്രിക് നേടിയിട്ടുള്ള ടീമാണ് കെടിബിസി. ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍നിന്നു പുതുതായി പണിതിറക്കിയ നിരണം പുണ്യാളന് ചുണ്ടനിലാണ് തുഴയെറിയുക. റെന്നി ഫിലിപ്പോസാണ് ക്യാപ്റ്റന്‍.
നാട്ടകം ബോട്ട് ക്ലബ്ബില്‍ ചെറുതന
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചെറുതന വീണ്ടും നെഹ്റു ട്രോഫി മത്സരത്തിനെത്തുന്നത്. 2004ല്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് നെഹ്റു ട്രോഫി നേടിക്കൊടുത്ത ചെറുതന ചുണ്ടനിലാണ് ഇത്തവണ നാട്ടകം ബോട്ട് ക്ലബ് മത്സരിക്കുന്നത്. കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാറാണ് ക്യാപ്റ്റന്‍.
നാട്ടകം ഫാന്‍സ് ബോട്ട് ക്ലബ്ബില്‍ ജവഹര്‍ തായങ്കരി
നാട്ടകം ബോട്ട് ക്ലബ്ബ് അഞ്ച് തവണ നെഹ്റു ട്രോഫി നേടിയിട്ടുള്ള ജവഹര്‍ തായങ്കരി ചുണ്ടനിലാണ് മത്സരിക്കുന്നത്. വി.വി. സന്തോഷാണ് ക്യാപ്റ്റന്‍.
കെടിബിസി ഫാന്‍സ് ക്ലബ്ബിൽ കരുവാറ്റാ ശ്രീവിനായകന്‍
കെടിബിസി ഫാന്‍സ് ക്ലബ് കുമരകം ഇതുവരെ നെഹ്റു ട്രോഫിയില്‍ വിജയം നേടിയിട്ടില്ലാത്ത കരുവാറ്റ ശ്രീവിനായകന്‍ ചുണ്ടനിലാണ് ഇത്തവണ മത്സരിക്കുന്നത്. അനന്തു കാര്‍ത്തികേയനാണ് ക്യാപ്റ്റന്‍.
District News
ആലപ്പുഴ: 22ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാ മത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക്ക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 16 സെക്ടറുകളായി തിരിച്ച് 22 ഡിവൈഎസ്പി, 50 ഇൻസ്പെക്ടർ, 400 എസ്ഐ എന്നിവരുൾപ്പെടെ 1700ൽ പരം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചുവടെ
നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴച്ചിൽക്കാരെയും മറ്റ് നിയമലംഘകരെയും കണ്ടെത്തുന്നതിനും വീഡിയോ കാമറകൾ ഏർപ്പെടുത്തിയിട്ടുള്ളതും ഇത്തരക്കാരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
മത്സര സമയം കായലിൽ ചാടി മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
പണം മുടക്കി പാസ് എടുത്ത് പവലിയനിലേക്ക് ആളുകൾ എത്തുന്ന സമയം അവർക്ക് കൃത്യമായി സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം എല്ലാ വർഷവും ഉണ്ടാകുന്നതിനാൽ ഇത് ഒഴിവാക്കുന്നതിനായി പാസുള്ളവരെ മാത്രം പരി ശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയിന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും.
വള്ളംകളി ദിവസം പവലിയനുകളിൽ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവർക്കെതിരേയും നിയമനടപടി സ്വീകരിക്കുന്നതിന് 21ന് രാത്രി മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
പാസില്ലാത്തവർക്ക് പവലിയനിലേക്കുള്ള പ്രവേശനം കർശനമായി നഷേധിക്കുന്നതാണ്. ആയതിനാൽത്തന്നെ പാസുമായി പവലിയനിൽ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
22ന് രാവിലെ എട്ടിന് ശേഷം ഒഫിഷ്യൽസ് അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കാൻ പാടില്ലാത്തതും അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും കേരള പോലീസ് ആക്ട് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതും അത്തരം ജലയാനങ്ങളുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും കുറഞ്ഞത് മൂന്ന് വർഷക്കാലാവധിക്ക് സസ്പെൻഡ് ചെയ്യുന്നതിനു ശുപാർശ ചെയ്യുന്നതുമായിരിക്കും.
കനാലിലോ റേസ് ട്രാക്കിലോ ആരുംതന്നെ നീന്തുവാനും മത്സര വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് യാതൊരുവിധ തടസങ്ങളും സൃഷ്ടിക്കാനും പാടില്ല.
അനൗൺസ്മെന്റ്/പരസ്യബോട്ടുകൾ രാവിലെ എട്ടിന് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുവാൻ പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അത്തരം ബോട്ടുകൾ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യും.
22ന് രാവിലെ പത്തിനു ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ഔദ്യോഗിക ബോട്ടുകളല്ലാതെ മറ്റൊരു ബോട്ടും സർവീസ് നടത്തുവാൻ അനുവദിക്കുന്നതല്ല.
വളളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ പത്തിന് മുൻപ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളംകളി കാണാൻ ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാൻ പാടുള്ളതല്ല. അത്തരക്കാരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്ഡുകൾ നടത്താൻ ഷാഡോ പോലീസ് ഉദ്യോഗ സ്ഥരെ നിയമിച്ചിട്ടുണ്ട്.
പരസ്യമായി മദ്യക്കുപ്പികൾകൊണ്ടുനടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നതും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
District News
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന്റെ ഭാഗമായി ടീസർ വീഡിയോ പ്രകാശനം ചെയ്തു. ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും തനത് അടയാളങ്ങളും വള്ളംകളിയുടെ ആവേശവും കോർത്തിണക്കി 57 സെക്കൻഡുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനുരൂപ് ആനന്ദാണ്. റെജി ചെറിയാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായരാണ് ടീസർ പ്രകാശനം ചെയ്തത്. ഓഗസ്റ്റ് 22-നാണ് നെഹ്റു ട്രോഫി വള്ളംകളി.
മികച്ച കമന്ററിക്ക് സ്വർണനാണയം സമ്മാനം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചരണാർഥം കമന്ററി മത്സരം സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30ന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിലാണ് മത്സരം. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഷാജി വി. നായർ, മുൻഎംഎൽഎമാരായ സി.കെ. സദാശിവൻ, എ.എ. ഷുക്കൂർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ഹൈസ്കൂൾ-ഹയർസെക്കൻഡറി, പൊതുവിഭാഗം (പ്രായപരിധിയില്ലാതെ) എന്നീ വിഭാഗങ്ങളിലാണ് മത്സരം. അഞ്ചു മിനിറ്റാണ് സമയപരിധി. 2025 നെഹ്റുട്രോഫി വള്ളംകളിയുടെ ഫൈനലിനെ ആസ്പദമാക്കിയാണ് കമന്ററി അവതരിപ്പിക്കേണ്ടത്. ഇരു വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സ്വർണനാണയം സമ്മാനമായി നൽകും. ഞായറാഴ്ച രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക് - 0477-2251349.
വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് "വേഴു' എന്ന പേര് നിർദേശിച്ച എ.ആർ. ഷുഹൈബിന് സമാപന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ സ്വർണനാണയം സമ്മാനിക്കും.
Kerala
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. റെജി ചെറിയാൻ എംഎൽഎ ആണ് ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ ആണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുക.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റ് പ്രമുഖ വ്യവസായി ജേക്കബ് ജോണിന് നൽകിയും 25000 രൂപയുടെ പ്ലാറ്റിനം കോർണർ ടിക്കറ്റ് വിദേശ വ്യവസായി ഹാരിസ് രാജയ്ക്ക് നൽകിയുമാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
വ്യാഴാഴ്ച ഉച്ചയോടെ ഈ സർക്കാർ ഓഫീസുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാം. എസ്ബിഐ, കാനറ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകള്‍ വഴി ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം വെള്ളിയാഴ്ച്ചയോടെ സജ്ജമാവും.
ഒരു ലക്ഷം രൂപയുടെ കോർപറേറ്റ് ബോക്സ് ടിക്കറ്റിൽ അഞ്ച് പേർക്ക് നെഹ്റു പവലിയനിൽ പ്രവേശനം ലഭിക്കും. നാലു പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്.
കോർപറേറ്റ് ബോക്സ്, പ്ലാറ്റിനം കോര്ണ് ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിൽ എത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണ സൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
നെഹ്റു പവലിയനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, റോസ് കോര്‍ണര്‍ 1500, വിക്ടറി ലൈൻ 500, ഓള് വ്യൂ 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
Kerala
തിരുവനന്തപുരം: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ ‘വേഴു’എന്ന പേര് പതിച്ച ഭാഗ്യചിഹ്നം ആലപ്പുഴ കളക്്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി എം. ലിജു പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി. നായർ, ചലച്ചിത്ര നടി ദേവി ചന്ദന എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
ആലപ്പുഴ, കുതിരപ്പന്തി, നടുവിലെപറമ്പ് എ.ആർ. ശുഐബ് ആണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 1575 എൻട്രികളിൽ നിന്നാണ് ‘വേഴു’ എന്ന പേര് തെരഞ്ഞെടുത്തത്.
വിജയിക്ക് മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും.
District News
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയിലേക്ക് ആലപ്പുഴയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെയും വള്ളംകളി പാരമ്പര്യത്തെയും ആസ്പദമാക്കിയുള്ള കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ രചനകൾ ക്ഷണിച്ചു.
താത്പര്യമുള്ള എഴുത്തുകാർ രചനകൾ 25-നകം കൺവീനർ, എൻടിബിആർ സുവനീർ കമ്മിറ്റി ആൻഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകൾ 72-ാമത് നെഹ്റു ട്രോഫി ജലോത്സവ സ്മരണികയിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0477-2251676, 2252580.
District News
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കും. എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ എൻടിബിആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റുട്രോഫി വള്ളംകളി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചതന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എംപി യോഗത്തിൽ പറഞ്ഞു.
തീയതി നേരത്തെ പ്രഖ്യാപിച്ചത് മൂലം തയാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് 22നുതന്നെ ഇക്കുറി വള്ളംകളി നടത്താൻ തീരുമാനിച്ചതെന്നും കെ.സി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജലമേളയുടെ ബജറ്റ് പാസാക്കി. 6,04, 70, 000 രൂപയുടെ ബജറ്റിൽ 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് വിൽപനയിലൂടെ 90 ലക്ഷം രൂപയും ആങ്കറിംഗ് ചാർജായി 10 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നുണ്ട്. 1.65 കോടി രൂപയാണ് ബോണസിനായി മാറ്റിവച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 60 ലക്ഷവും 2024, 2025 മെയിന്റനൻസ് ഗ്രാന്റിനത്തിൽ 36 ലക്ഷവും കൾച്ചറൽ കമ്മിറ്റിക്ക് 15 ലക്ഷവും പബ്ലിസിറ്റിക്ക് ഒന്‍പതു ലക്ഷവും സമ്മാനത്തുകയായി 8.25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
വള്ളംകളി ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥികളെ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പ്രവേശന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരാനും സ്പോൺസർഷിപ്പിന് ടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എൻടിബിആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.
Kerala
ആലപ്പുഴ: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ബുധനാഴ്ച ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. ഓണത്തിന് തൊട്ടുമുൻപുള്ള ശനിയാഴ്ചയാണ് മത്സരം നടത്തുന്നത്.
കഴിഞ്ഞവർഷവും ഓണത്തിന് മുൻപുള്ള ശനിയാഴ്ചയാണ് വള്ളംകളി നടത്തിയത്. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവും. ഈ നിർദേശം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
2017 വരെ ഓഗസ്റ്റിലെ രണ്ടാംശനിയാഴ്ചയായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താൻ കഴിയാതെ വന്നതോടെ ഓണത്തിന് മുൻപുള്ള ശനിയാഴ്ച എന്ന രീതിയിലേക്ക് കഴിഞ്ഞവർഷം മുതൽ മാറ്റുകയായിരുന്നു.