ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് പുന്നമടക്കായലിൽ നടക്കും. എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ എൻടിബിആർ സെസൈറ്റിയുടെ യോഗം ഈ വർഷത്തെ ജലമേള ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും നെഹ്റുട്രോഫി വള്ളംകളി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവുമായി വൈകാരിക ബന്ധമുള്ളതാണെന്നും അത് ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചതന്നെ നടത്തുന്നതാണ് ഉചിതമെന്നും കെ.സി.വേണുഗോപാൽ എംപി യോഗത്തിൽ പറഞ്ഞു.
തീയതി നേരത്തെ പ്രഖ്യാപിച്ചത് മൂലം തയാറെടുപ്പ് തുടങ്ങിയ വള്ളസമിതികൾക്കും ക്ലബുകൾക്കും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് 22നുതന്നെ ഇക്കുറി വള്ളംകളി നടത്താൻ തീരുമാനിച്ചതെന്നും കെ.സി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജലമേളയുടെ ബജറ്റ് പാസാക്കി. 6,04, 70, 000 രൂപയുടെ ബജറ്റിൽ 3.5 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. ഒരു കോടി രൂപ സംസ്ഥാന ടൂറിസം ഗ്രാന്റും 50 ലക്ഷം രൂപ കേന്ദ്ര ടൂറിസം ഗ്രാന്റും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് വിൽപനയിലൂടെ 90 ലക്ഷം രൂപയും ആങ്കറിംഗ് ചാർജായി 10 ലക്ഷം രൂപയും പ്രതീക്ഷിക്കുന്നുണ്ട്. 1.65 കോടി രൂപയാണ് ബോണസിനായി മാറ്റിവച്ചിട്ടുള്ളത്. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിക്ക് 60 ലക്ഷവും 2024, 2025 മെയിന്റനൻസ് ഗ്രാന്റിനത്തിൽ 36 ലക്ഷവും കൾച്ചറൽ കമ്മിറ്റിക്ക് 15 ലക്ഷവും പബ്ലിസിറ്റിക്ക് ഒന്പതു ലക്ഷവും സമ്മാനത്തുകയായി 8.25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
വള്ളംകളി ഉദ്ഘാടനച്ചടങ്ങിലേക്ക് മുഖ്യാതിഥികളെ കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പ്രവേശന ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരാനും സ്പോൺസർഷിപ്പിന് ടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എൻടിബിആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായർ അധ്യക്ഷത വഹിച്ചു.