പ്രതീകാത്മക ചിത്രം
കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ ഇന്നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹ്റുട്രോഫി മത്സരത്തിൽ വിജയിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിൽ മുത്തമിടാൻ കുമരകത്തുനിന്ന് ഇക്കുറി മൂന്ന് ജലരാജാക്കന്മാർ മാറ്റുരയ്ക്കും.
വിവിധ ആരാധനാലയങ്ങളിൽ നേർച്ചകൾ നേർന്ന് പ്രാർഥനയോടെ തങ്ങളുടെ കരയിൽനിന്നും മത്സരിക്കുന്ന ചുണ്ടൻവള്ളം നെഹ്റു ട്രോഫി ഈ വർഷം നേടിയെടുക്കുന്നത് കാണാൻ വള്ളംകളി പ്രേമികൾ ആത്മവിശ്വാസത്തോടെ കാത്തിരിപ്പിലാണ്. പതിറ്റാണ്ടുകൾ മുൻപ് കുമരകം ബോട്ട് ക്ലബ്ബ് എന്ന പേരിൽ ഒരേയൊരു ക്ലബ്ബാണ് കുമരകത്തുനിന്നും മത്സരിച്ചിരുന്നത്. പിന്നീട് പല ക്ലബ്ബുകളും നെഹ്റു ട്രോഫിയിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് പല ക്ലബ്ബുകളും വള്ളംകളി രംഗത്ത് നിന്നും ഒഴിവായി. എല്ലാ ടീമുകളും തങ്ങളുടെ ശക്തിയും മെയ്ക്കരുത്തും പരിശീലന തുഴച്ചിലിൽ പ്രദർശിപ്പിച്ചിരുന്നു.
കുമരകം ടൗൺ ബോട്ട് ക്ലബ് പുണ്യാളൻ നിരണം ചുണ്ടനിലും കുമരകം ഇമ്മാനുവേൽ ബോട്ട് ആർപ്പൂക്കര ചുണ്ടനിലും കെടിബിസി ഫാൻസ് ക്ലബ് കുമരകം ഇതുവരെ നെഹ്റു ട്രോഫി നേടിയിട്ടില്ലാത്ത ശ്രീവിനായകൻ ചുണ്ടനിലുമാണ് കുമരകത്തിനായി മത്സരിക്കുക.
നെഹ്റു ട്രോഫി പോരാട്ടത്തിൽ കുമരകത്തെ വള്ളങ്ങൾ ഒരേ ഹീറ്റ്സിൽ മത്സരിക്കുന്നത് ഇത്തവണ കൗതുകം ഉണർത്തുന്നു. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം ചുണ്ടനും, ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പുക്കര ചുണ്ടനും തമ്മിൽ അഞ്ചാം ഹീറ്റ്സിൽ പരസ്പരം ഏറ്റുമുട്ടും.
Tags : Nattuvishesham District News Nehru Trophy Water Festival