വെള്ളമിറങ്ങിയശേഷം മറിയുന്ന പാതി മൂപ്പെത്തിയ ഏത്തവാഴയ്ക്ക് സമീപം കർഷകനായ രവീന്ദ്രാലയത്തിൽ രവിയുടെ ഭാര്യ രാധ.
ഉദയനാപുരം: കാലവർഷക്കെടുതിയിൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്ന ഉദയനാപുരത്തെ വാഴമന, മുട്ടുങ്കൽ, ചിറപ്പാട് ഭാഗങ്ങളിൽ വെള്ളമിറങ്ങിയ ശേഷം ഏത്തവാഴകൾ വ്യാപകമായി ഒടിഞ്ഞു നശിക്കുന്നു.
ചിറപ്പാട് ശ്രീധരൻ, രവീന്ദ്രഭവനിൽ രവീന്ദ്രൻ എന്നിവർ പാട്ടത്തിനെടുത്ത പുരയിടത്തിൽ നടത്തിയ ഏത്ത വാഴകളാണ് പാതിമൂപ്പെത്തിയപ്പോൾ ഒടിഞ്ഞു നശിച്ചത്. ശ്രീധരൻ രണ്ടുപുരയിടങ്ങളിലായി നടത്തിയ 200ഓളം ഏത്തവാഴകളും രവിയുടെ 180ഓളം വാഴകളും ഒടിഞ്ഞു നശിച്ചു. 40വർഷമായി വാഴകൃഷി നടത്തിവരുന്ന ഇവരടക്കമുള്ള കർഷകർക്ക് 2021 മുതൽ പൂർണമായ വിളവെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് കർഷകർ പറയുന്നു.
മൂവാറ്റുപുഴയാറിന്റെ കൈവഴിയും കരിയാറും അതിരിടുന്ന പ്രദേശത്തെ പാടശേഖരത്തോടു ചേർന്നുള്ളവർക്കാണ് വെള്ളപ്പൊക്ക ദുരിതവും കൃഷിനാശവും പതിവാകുന്നത്. പാടശേഖരങ്ങളുടെ പുറംബണ്ട് ഉയർത്തി നിർമിച്ചാൽ കൃഷിയും ജനജീവിതവും അഭിവൃദ്ധിപ്പെടുമെങ്കിലും അതിനായി ഊർജിതമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
Tags : Nattuvishesham District News destruction Udayanapuram