ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി പാടശേഖരത്തിലെ ആമ്പൽവസന്തം.
ഉദയനാപുരം: മലരിക്കലിലെയത്ര നിറവിലല്ലെങ്കിലും ഉദയനാപുരത്തും വിരിഞ്ഞു ആമ്പൽവസന്തം. ഉദയനാപുരം പഞ്ചായത്തിലെ 200 ഏക്കറിലധികം വിസ്തൃതിയുള്ള മാനാപ്പള്ളി പാടശേഖരത്തിലെ പത്തേക്കറോളം നിലത്തിലാണ് പൊന്നാമ്പൽ പൂത്തുലഞ്ഞത്. വാഴമന- ചിറപ്പാട് റോഡിന് പിറകിൽ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന നാട്ടുതോടിനോട് ചേർന്നാണ് ആമ്പൽ വിരിഞ്ഞത്.
രാവിലെ ഇളവെയിലേറ്റ് വിരിയുന്ന ആമ്പൽ പാടത്തെ മോഹനദൃശ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും ആളെത്തിത്തുടങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പാടശേഖരത്തിന്റെ മറ്റു ഭാഗങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി മരുന്നടിച്ചതോടെ ആമ്പലുകൾ നശിച്ചു. എല്ലാ വർഷവും കൃഷി ആരംഭിക്കുന്നതിന് മുമ്പ് ഏതാനും മാസം പാടശേഖരത്തിലെ ചെറിയ ഒരു ഭാഗത്ത് ആമ്പലുകൾ പതിവായി പൂവിടാറുണ്ടെന്ന് കർഷകർ പറഞ്ഞു.