പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: രാജ്യത്തെ സ്മാർട്ട്ഫോൺ നിർമാണ മേഖലയ്ക്ക് വൻ ഉത്തേജനം നൽകുന്നതിനായി 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമാണ പദ്ധതി (എംപിഎംഎസ്) കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.
ആഭ്യന്തരമായി മൊബൈൽ ഫോണുകൾ നിർമിക്കുന്നതിനൊപ്പം ഫോണുകളുടെ ഘടകഭാഗങ്ങൾ രാജ്യത്തിനകത്തുനിന്നുതന്നെ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുകയുമാണ് അഞ്ചു വർഷം നീളുന്ന ഈ ഇൻസെന്റീവ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുന്പ് നടപ്പാക്കിയ പിഎൽഐ 1.0 പദ്ധതി ഉത്പാദന-നിക്ഷേപ ലക്ഷ്യങ്ങൾ മറികടന്ന സാഹചര്യത്തിലാണ് പുതിയ വിപുലീകരിച്ച പദ്ധതി നിലവിൽവരുന്നത്.
2026 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പ് സാമ്പത്തിക വർഷം മുതൽ ആരംഭിക്കുന്ന പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ തുടരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു.
പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഫോണുകളുടെ നിശ്ചിത വിൽപനയ്ക്ക് 2.25 ശതമാനം മുതൽ അഞ്ചു ശതമാനം വരെ സാമ്പത്തിക ആനുകൂല്യം കമ്പനികൾക്കു ലഭിക്കും. ഇതിനുപുറമെ, ഫോണിന്റെ ഘടകഭാഗങ്ങൾ തദ്ദേശീയമായി വാങ്ങുന്ന കമ്പനികൾക്ക് 1.5 ശതമാനം അധിക ഇൻസെന്റീവും ലഭിക്കുന്നതാണ്.
ഇന്ത്യൻ ബ്രാൻഡുകളെ ആഗോള വിപണിയിലേക്കു വളർത്തുന്നതിനായുള്ള പ്രത്യേക ആനുകൂല്യങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിലുണ്ട്. ഉത്പന്നങ്ങളുടെ രൂപകൽപന, ഗവേഷണം എന്നിവയിൽ നിക്ഷേപം നടത്തുന്നതിനായി നിശ്ചിത വിൽപനയിൽ മൂന്നു ശതമാനം അധിക ആനുകൂല്യം നൽകും.
കൂടാതെ, വിദേശ വിപണികളിലേക്കു വ്യാപിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ ഹാൻഡ്സെറ്റ് ബ്രാൻഡുകൾക്ക് പരമാവധി അഞ്ചു ശതമാനം ഉയർന്ന ഇൻസെന്റീവ് നൽകുമെന്നും സെക്രട്ടറി വ്യക്തമാക്കി. പുതിയ പദ്ധതിയിലൂടെ കൂടുതൽ ആഗോള നിക്ഷേപം ആകർഷിക്കാനും ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് നിർമാണ ഹബ്ബാക്കി മാറ്റാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
Tags : Mobile Manufacturing MegaScheme Center Business