x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണക്കാലത്ത് തിരക്കേറുന്ന പ്രൊഫഷണല്‍ മാവേലി; ദിവസം 5000 വരെ പ്രതിഫലം

ജിസ്യ പാലോറാന്‍
Published: August 21, 2026 10:21 PM IST | Updated: August 21, 2026 10:21 PM IST

എം.എം. പുത്തൂര്‍

കൊച്ചി: മാവേലി ഇല്ലാതെ എന്ത് ഓണം... കൊച്ചി നഗരത്തിലും എല്ലാ വര്‍ഷത്തെയും പതിവ് കാഴ്ചയാണ് മാവേലിയുടെ വരവ്. പാട്ടും ആഘോഷവും നിറഞ്ഞ വേദികളിലേക്ക് വലിയ കുടവയറും നീണ്ട മീശയും കിരീടവുമായി മാവേലി കടന്നുവരുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശം. ഓണാഘോഷങ്ങളിലെ മാവേലി വേഷം ഇന്ന് വെറുമൊരു കൗതുകമല്ല, അതൊരു പ്രൊഫഷണല്‍ ജോലിയായി മാറിയിരിക്കുകയാണ്.
ഓണക്കാലത്ത് പ്രൊഫഷണല്‍ മാവേലിമാര്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊച്ചിയിലെ വിവിധ സ്ഥാപനങ്ങള്‍, ഫ്‌ലാറ്റ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഷോപ്പിംഗ് മാളുകള്‍, റിസോര്‍ട്ടുകള്‍, കടകള്‍, വീടുകള്‍ തുടങ്ങി നിരവധി ഇടങ്ങളിലേക്കാണ് ഇവര്‍ എത്തുന്നത്. ചിലര്‍ മണിക്കൂറുകള്‍ക്ക് വേഷമിടുമ്പോള്‍, മറ്റു ചിലര്‍ ഒരു ദിവസത്തെ വിവിധ പരിപാടികള്‍ക്കായി മുന്‍കൂട്ടി ബുക്കിംഗ് സ്വീകരിക്കുന്നു.

25 വര്‍ഷമായി പരസ്യങ്ങളിലും ബാങ്കുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പരിപാടികളിലും മാവേലി വേഷത്തിലെത്തുന്ന എം.എം. പുത്തൂര്‍ പ്രൊഫഷണല്‍ മാവേലിമാരില്‍ ഒരാളാണ്. മലപ്പുറം തിരൂര്‍ സ്വദേശിയായ പുത്തൂര്‍ നാടക കലാകാരനാണ്. 38 വര്‍ഷമായി പ്രൊഫഷണല്‍ നാടകരംഗത്ത് സജീവമാണ്. ഓണക്കാലമാകുമ്പോള്‍ നാടകത്തിന് താല്‍ക്കാലിക ഇടവേള നല്‍കി മാവേലി വേഷത്തിലേക്ക് മാറും.
ഒരു ദിവസം മാവേലി വേഷമിട്ടാല്‍ 3,500 മുതല്‍ 5,000 രൂപ വരെയാണ് പുത്തൂരിന് ലഭിക്കുന്ന പ്രതിഫലം. നിലവില്‍ ഏഷ്യന്‍ പെയിന്റ്സിന്റെ പരസ്യത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാവേലി വേഷത്തില്‍ സഞ്ചരിക്കുകയാണ്. ഇതിന് പിന്നാലെ ബാങ്കുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും.
മാവേലി വേഷത്തിനുള്ള കിരീടവും വസ്ത്രങ്ങളുമെല്ലാം സാധാരണയായി വാടകയ്‌ക്കെടുക്കുകയാണ് പുത്തൂരിന്റെ പതിവ്. 1,000 മുതല്‍ 2,000 രൂപ വരെയാണ് വാടക. പരസ്യ ഷൂട്ടുകള്‍ക്കായി പോകുമ്പോള്‍ പലപ്പോഴും വസ്ത്രങ്ങള്‍ സംഘാടകര്‍ തന്നെ ഒരുക്കും. എന്നാല്‍ മേക്കപ്പ് സ്വയം ചെയ്യണം. ഭാര്യയും പ്രൊഫഷണല്‍ നാടകരംഗത്ത് സജീവമാണ്.

കുടവയറുള്ള പരമ്പരാഗത മാവേലിക്ക് പകരം ജിമ്മന്‍ മാവേലിമാരും രംഗത്തെത്തുന്നുണ്ടെങ്കിലും, മാവേലി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം തെളിയുന്നത് കുടവയറുള്ള രൂപം തന്നെയാണ്. പുണൂലും കുടവയറുമുള്ള മാവേലിയെയാണ് ചെറുപ്പം മുതല്‍ താനും കണ്ടുവന്നതെന്ന് പുത്തൂര്‍ പറയുന്നു. കുടവയര്‍ നിലനിര്‍ത്താന്‍ പരത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നും നന്നായി ഭക്ഷണം കഴിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.

കുട്ടികളുടെ മുഖത്തെ ചിരിയും ഓണാഘോഷങ്ങളുടെ ആവേശവുമാണ് പല പ്രൊഫഷണല്‍ മാവേലിമാരും ഈ ജോലിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം. ഓണം ആഘോഷിക്കുന്ന ഓരോ വേദിയിലും മാവേലി എത്തുമ്പോള്‍ അത് ഒരു പുരാണ കഥാപാത്രത്തിന്റെ വരവ് മാത്രമല്ല, മലയാളിയുടെ ആഘോഷ പാരമ്പര്യത്തെ പുതുതലമുറയിലേക്കും കൈമാറുന്ന മനോഹരമായ കാഴ്ച കൂടിയാണ്. 

Tags : Maveli DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Onam2K26

Recent News

Corehub Up