പരിക്കേറ്റ വിദ്യാർഥിക്കൊപ്പം പോലീസ് സ്റ്റേഷന് മുൻപിൽ സമരമിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് തോക്കിൽനിന്ന് വെടിയേറ്റ് പരിക്കേറ്റ സാഹിൽ ലോച്ചബിന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. വിഷയത്തിൽ പോലീസ് എഫ്ഐആർ ഇടാൻ തയ്യാറാകുംവരെ സ്ഥലത്തുനിന്ന് മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനുമുന്നിലാണ് രാഹുൽ ഗാന്ധി ധർണയിരിക്കുന്നത്.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് രാഹുൽ ഗാന്ധിയും സാഹിൽ ലോച്ചബും പ്രതിഷേധിച്ചത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ സ്ഥലത്തെത്തി പിന്തുണ പ്രഖ്യാപിച്ചു.
ജൂലൈ 20-ന് കൊണാട്ട് പ്ലേസിൽ നടന്ന സമരത്തിനിടെയാണ് സാഹിലിന് പെല്ലറ്റ് ഗണ്ണിൽ നിന്നും വെടിയേറ്റതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. യുവാവിന്റെ ശരീരത്തിൽ 200-ഓളം പെല്ലറ്റ് ഷെല്ലുകൾ തറച്ചുകയറിയിട്ടുണ്ടെന്നും മൂന്നെണ്ണം കണ്ണിലാണ് പതിച്ചതെന്നും എയിംസിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.
ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. ഹൃദയത്തിന് തൊട്ടടുത്തായി കിടക്കുന്ന ഷെല്ലുകൾ പുറത്തെടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസിന്റെ വാദം.
അങ്ങനെയാണെങ്കിൽ പിന്നെ ആരാണ് വെടിവെച്ചതെന്നും കുറ്റം ചെയ്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലീസും തടസം നിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നീറ്റ് പരീക്ഷാ വിവാദങ്ങളുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' സംഘടിപ്പിച്ച 'സംസദ് ചലോ' മാർച്ചിനിടെയായിരുന്നു സംഭവം.
Tags : RahulGandhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash