സൗകാർ ജാനകി
ചെന്നൈ: പ്രശസ്തനടി സൗകാർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വെള്ളിയാഴ്ച ഉച്ഛയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി ഏകദേശം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് നന്ദി അവാർഡുകൾ, ഒരു കലൈമാമണി, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - സൗത്ത്, പത്മശ്രീ എന്നിവയും അവർ നേടിയിട്ടുണ്ട്.
1931 ഡിസംബർ 12-ന് മാധ്വ ബ്രാഹ്മണ കുടുംബത്തിലാണ് ജാനകി ജനിച്ചത്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് ഒരു കന്നഡ കുടുംബത്തിൽ ശങ്കരമഞ്ചി ജാനകി എന്ന പേരിലാണ് ജനിച്ചത്.
ആകാശവാണി മദ്രാസിൽ റേഡിയോ ജോക്കിയായി അവർ ജോലി ചെയ്തിരുന്നു. 1947-ൽ 16-ാം വയസിൽ ശങ്കരമഞ്ചി ശ്രീനിവാസ റാവുവിനെ വിവാഹം കഴിച്ചു. ഗർഭിണിയായിരിക്കുമ്പോഴാണ് അവർ മെട്രികുലേഷൻ പരീക്ഷ എഴുതിയത്. പിന്നീട് അസമിലെ ഗുവഹാട്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടി. യജ്ഞ പ്രഭ കോടി, വെങ്കടരമണ ശങ്കരമഞ്ചി, സച്ചി റാവു എന്നിങ്ങനെ മൂന്ന് മക്കളാണ് അവർക്കുള്ളത്
1950-ൽ എൽ.വി. പ്രസാദ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ഷാവുകരുവിലൂടെയാണ് ജാനകി അരങ്ങേറ്റം കുറിച്ചത്. അതോടെയാണ് അവർക്ക് സൗക്കാർ എന്ന പേര് ലഭിച്ചത്. 1952-ൽ വലയപതി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. നായികയായി വ്യത്യസ്ത ഭാഷകളിലെ ഹിറ്റുകളിലൂടെ അവർ പ്രശസ്തയായി.
പണം പാടും പാടു (1954), പുതിയ പറവൈ (1964), നീർക്കുമിഴി (1965), മഹാകവി കാളിദാസ് (1966), എതിർ നീചൽ (1968), ഇരു കൊടുങ്ങൾ (1969), ഉയർന്ന മനിതൻ (1968), കവിയ രാം 1910, (1970) എന്നിവ അവരുടെ തമിഴിലെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.
റൊജുലു മറായി (1955), കന്യാസുൽകം (1955), ജയം മനാഡെ (1956), പാണ്ഡുരംഗ മഹത്യം (1957), ഡോക്ടർ ചക്രവർത്തി (1964), അക്ക ചെല്ലേലു (1970), ബഡി പന്തുലു (1972), തായരമ്മ ഒംബാഗര (1979), തായരമ്മ ഒബാഗര (1979) എന്നിവ അവരുടെ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങളാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ അന്നി മഞ്ചി ശകുനമുലേഎന്ന തെലുങ്ക് ചിത്രത്തിലും, ആർ. കണ്ണൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ ബിസ്കോത്ത് എന്ന തമിഴ് പാരഡി ചിത്രത്തിലുമാണ് ജാനകി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സിനിമയിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി 2022-ൽ അവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.
Tags : Sowcar Janaki Veteran Actress Obituary Tribute to Sowcar Janaki Indian Cinema News