പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ നളസോപരയിൽ പതിനാറു വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. നാഗിദാസ് പാഡ സ്വദേശിനി ശ്രേയ മിസാൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രഗതി മോറെ (36) എന്ന യുവതിക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഉടമ രാജേഷ് ഷാ, ഡ്രൈവർ മഹേഷ് നായിക് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
വീട്ടുജോലിക്കാരായ ശ്രേയയും പ്രഗതിയും ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകവേ ദത്ത് നഗറിന് സമീപത്ത് വച്ച് കാർ ഇടിക്കുകയായിരുന്നു. മഹേഷ് കടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വാഹനത്തിലെ ക്ലീനറായ പതിനാറുകാരൻ വാഹനം റിവേഴ്സ് എടുക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രേയ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ പ്രഗതി ശസ്ത്രക്രിയക്ക് വിധേയയായി.
കാറിനുള്ളിൽ നിന്ന് മദ്യ കുപ്പികൾ കണ്ടെത്തിയതായി ശ്രേയയുടെ ഭർത്താവ് ശ്രീകാന്ത് ആരോപിച്ചു. എന്നാൽ അപകടസമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടി മദ്യപിച്ചിരുന്നില്ലെന്നും വാഹത്തിലുണ്ടായിരുന്ന മദ്യം ബാറുകളിൽ നിന്നും നിയമപരമായി വാങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ മദ്യം എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അന്വേഷിച്ചുവരികയാണ്.
Tags : Deepika BreakingNews Kill Car