പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്കൊപ്പം പ്രതിഷേധമിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിന് പിന്നാലെ, ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാൻ തയാറായി ഡൽഹി പോലീസ്. തിരിച്ചറിയാൻ കഴിയാത്ത ആളുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പരിക്കേറ്റ യുവാവിന്റെ പൂർണമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരൻ സാഹിൽ ലോചബിനൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും അവിടെ കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിന്റെ ഓഫീസുള്ള പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം നേരിട്ടെത്തുകയായിരുന്നു.
നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ സിജെപി സംഘടിപ്പിച്ച ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചതായി ഗുരുതര ആരോപണങ്ങളുയർന്നിരുന്നു. ആക്രമണത്തിൽ സാഹിലിന്റെ ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടാവുന്ന അവസ്ഥയിലാണുള്ളത്. ആദ്യം സംഭവത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് വാദിച്ചെങ്കിലും, എയിംസ് ആശുപ്രത്രിയിലെ മെഡിക്കൽ രേഖകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി സമരം ശക്തമാക്കുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഒടുവിൽ സമ്മതിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash