പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി:ഏറെക്കാലമായി റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്ന സുപ്രധാന ഭരണപരിധി മാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗലാപുരം പ്രദേശം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനു കീഴിലേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു.
റെയില്‍വേ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിനേശ് കുമാര്‍ വസിഷ്ഠയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസറ്റ് വിജ്ഞാപന പ്രകാരം പുതിയ മാറ്റങ്ങള്‍ വരുന്ന ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. മാറ്റത്തിന്റെ ഭാഗമായി ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗലാപുരം പ്രദേശം പാലക്കാട് ഡിവിഷനില്‍ നിന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറും.
ഇതേത്തുടര്‍ന്ന് ഇരു സോണുകള്ക്കുമിടയിലുള്ള കൈമാറ്റ കേന്ദ്രം പതിലില് നിന്നും ഉള്ളാളിലേക്ക് മാറുന്നതാണ്. എന്നാല്‍, തോക്കൂര്‍ സ്റ്റേഷന് നിലവിലുള്ളതുപോലെ കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായി തുടരുകയും, കൊങ്കണ്‍ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
കൊങ്കണ്‍ റെയില്‍വേയും ദക്ഷിണ റെയില്‍വേയും തമ്മിലുണ്ടായിരുന്ന ഡിവിഷന്/സോണ്‍ അതിര്‍ത്തികള്‍ ഇനി മുതല്‍ കൊങ്കണ്‍ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള അതിര്‍ത്തികളായി മാറും.
ദക്ഷിണ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള കൃത്യമായ ഡിവിഷണല്‍/സോണല്‍ അതിര്‍ത്തികള്‍ ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതാണ്.
Tags : IndianRailways Zones PalakkadZone Mysuru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash