ലോഗോ
കൊച്ചി: ഓണത്തിനു ഗുണമേന്മയുള്ള പാലും പാലുത്പന്നങ്ങളും സുലഭമായി ലഭ്യമാക്കാൻ മില്‍മ എറണാകുളം മേഖലാ യൂണിയനിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഉത്രാടദിനത്തിൽ 12 ലക്ഷം ലിറ്റര്‍ പാൽ വിൽപനയ്ക്കെത്തിക്കാനാണു തയാറെടുപ്പുകൾ നടത്തുന്നത്.
സാധാരണനിലയിൽ പ്രതിദിനം ആവശ്യമുള്ള ഉത്പന്നങ്ങളുടെ അളവിന്റെ മൂന്നിരട്ടി അധികമാണ് ഈ ദിവസങ്ങളിൽ മിൽമ പ്രതീക്ഷിക്കുന്നത്. എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിൽ തിരുവോണം വരെ മില്‍മ കൂടുതൽ പാലും പാലുത്പന്നങ്ങളും ലഭ്യമാക്കും.
പാലിനും നെയ്ക്കും ഇതര പാലുത്പന്നങ്ങൾക്കും പുറമെ ഷുഗര്‍ ഫ്രീ ഐസ്ക്രീം, ഷുഗര്‍ ഫ്രീ പേഡ, 65 ഇനം ഐസ്ക്രീമുകൾ, അഞ്ചിനം പേഡ, വിവിധയിനം പനീർ, പാലട തുടങ്ങിയവ ഉള്‍പ്പെടെയുള്ള 160ഓളം ഉത്പന്നങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായി.
തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂര്‍ എന്നിവിടങ്ങളിലെ ഡെയറികളില്‍നിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്‍നിന്ന് പാലുത്പന്നങ്ങളും ഉപയോക്താള്‍ക്കായി എത്തിക്കും.

പാൽ വിപണിയിൽ പരമാവധി വിറ്റുവരവും ലാഭവും ഉറപ്പാക്കി അതുവഴി ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാടുകളുമായാണ് മിൽമ എറണാകുളം മേഖലാ യൂണിയൻ മുന്നോട്ടുപോകുന്നതെന്ന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള പറഞ്ഞു.
വിശ്വസിച്ച് കഴിക്കാവുന്ന ഗുണമേന്മയുള്ള പാലും പാലുത്പന്നങ്ങളും കേരളത്തിലെ ജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി മില്‍മ എറണാകുളം മേഖലാ യൂണിയന് പ്രതിജ്ഞാബദ്ധമാണ്.
ഓണത്തോടനുബന്ധിച്ചു മായം കലര്‍ന്ന ഉത്പന്നങ്ങളുടെ കടന്നുകയറ്റം തടയുന്നതിനു സാധ്യമായതെല്ലാം ചെയ്യും. അതിനായി മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും ജനങ്ങുടെയും പിന്തുണ മിൽമയ്ക്കുണ്ടാകണമെന്നും ചെയര്മാന് അറിയിച്ചു.
Tags : Milma Onam Prosperous Business