Kerala
കൊച്ചി: എറണാകുളത്ത് പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർഥിനിയുടെ പരാതി.
സീറോ ടിക്കറ്റിന് പണം ആവശ്യപ്പെട്ടെന്നും പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞും അപമാനിച്ചതായാണ് പരാതി. നോർത്ത് പറവൂർ പൊലിസിലാണ് വിദ്യാർഥിനി പരാതി നൽകിയിട്ടുള്ളത്. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് ഇന്ന് 100 ദിനം. വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ലഭിച്ചതോടെ സ്ത്രീ ശാക്തീകരണ വഴിയിലെ ചരിത്രപരമായ അടയാളപ്പെടുത്തലായി പദ്ധതി മാറിയിട്ടുണ്ട്.
ഇക്കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനത്തോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കാക്കുന്നത്. ദൈനംദിനം തൊഴിലിടങ്ങളിലേക്കു പോകുന്ന സ്ത്രീകള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കുമെല്ലാം പ്രതിമാസ ചെലവില്‍ നല്ലൊരു തുക ലാഭിക്കുന്നതിനു പ്രിയദര്‍ശിനി പദ്ധതി കാരണമായിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 15ന് ആണ് പദ്ധതിക്കു തുടക്കമായത്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യദിനം യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകളായിരുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച ശേഷം കെഎസ്ആര്‍ടിസിയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50 ശതമാനത്തിലേറെ വര്‍ധനയുണ്ടായതായാണ് സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. പ്രൈവറ്റ് ബസുകളില്‍ യാത്ര ചെയ്തിരുന്നവരും പുതുതായുള്ള യാത്രക്കാരും ഇതില്‍ ഉള്‍പ്പെടും.
സംസ്ഥാനത്ത് 3125 ഓര്‍ഡിനറി ബസുകളിലാണ് നിലവില്‍ സൗജന്യ യാത്രയുള്ളത്. പ്രതിദിനം ആകെ യാത്രക്കാരുടെ എണ്ണം 18 ലക്ഷം ആയിരുന്നത് പ്രിയദര്‍ശിനി പദ്ധതി വന്നതോടെ ശരാശരി 22 ലക്ഷമായി ഉയര്‍ന്നു. ഓര്‍ഡിനറി ബസുകളെല്ലാം ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. 2025 ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ യാത്രക്കാര്‍ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള 2026 ജൂണ്‍ 15-ജൂലൈ 14 കാലയളവില്‍ 5.75 കോടിയായി ഉയര്‍ന്നു. ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്.
സ്വകാര്യമേഖലക്ക് നഷ്ടം
പ്രിയദര്‍ശിനി യാത്രകളുടെ 100 നാളുകള്‍ പിന്നിടുമ്പോള്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കിയതടക്കമുള്ള നിരവധി ക്രമക്കേടുകളും കണ്ടെത്തി. പ്രിയദര്‍ശനി യാത്രയ്ക്കെതിരേ ഇക്കാലയളവില്‍ വലിയ എതിര്‍പ്പുമായി സ്വകാര്യ ബസ് ഉടമകളും രംഗത്തെത്തി. സ്വകാര്യ ബസ് മേഖലയ്ക്ക് ആദ്യ ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. സംസ്ഥാനത്ത് 500-ല്‍ അധികം ബസുകള്‍ ഓട്ടം നിര്‍ത്തി. പ്രിയദര്‍ശിനി ബസുകളില്‍ കയറുന്ന സ്ത്രീകള്‍ക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചയും വിവാദവുമായി. പിന്നാലെ മന്ത്രി ക്ഷമാപണം നടത്തുകയും ചെയ്തു.
മന്ത്രി ഇന്ന് തമ്പാനൂരിൽ
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 10ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ തമ്പാനൂര്‍ ഡിപ്പോയില്‍ സന്ദര്‍ശനം നടത്തും. അതേസമയം നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.
Leader Page
കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ചരിത്രത്തിലെ പുതിയ അധ്യായം രചിച്ച ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി ഇന്ന് 100 ദിവസം പൂർത്തിയാക്കുകയാണ്. അധികാരത്തിലേറിയ ഉടൻ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസം പദ്ധതിയിലൂടെ 12.54 കോടി (12,54,03,152) സൗജന്യ യാത്രകളാണ് നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ (2,66,53,07,108 രൂപ) ടിക്കറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകി. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് സർക്കാരിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വനിതാ പങ്കാളിത്തത്തിന്റെ ആവേശക്കണക്കുകൾ
ആദ്യ ആഴ്ചയിൽ 11.08 ലക്ഷമായിരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിമൂന്നാം ആഴ്ചയിലെത്തിയപ്പോൾ 13.93 ലക്ഷമായി ഉയർന്നു. ഇത് 25.7 ശതമാനം വർധനയാണ് കാണിക്കുന്നത്. ആദ്യ ആഴ്ചയിലെ പ്രതിദിന ടിക്കറ്റ് മൂല്യം 2.36 കോടി രൂപയിൽനിന്ന് പതിമൂന്നാം ആഴ്ചയിൽ 2.95 കോടിയായി വർധിച്ചു. ടിക്കറ്റ് മൂല്യത്തിൽ 25.1 ശതമാനത്തിന്റെ വർധന. മാസങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ജൂണിൽ പ്രതിദിനം 12.12 ലക്ഷം പേരാണ് യാത്ര ചെയ്തത്. ജൂലൈയിൽ ഇത് 13.62 ലക്ഷമായും സെപ്റ്റംബറിൽ ഒന്ന് മുതൽ 19 വരെ 13.99 ലക്ഷമായും ഉയർന്നു. ഓഗസ്റ്റിൽ 12 ലക്ഷമായിരുന്നു പ്രതിദിന ശരാശരി.
റിക്കാർഡുകൾ തിരുത്തിയ സെപ്റ്റംബർ
പദ്ധതി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഏഴിനാണ്. അന്ന് ആകെ 15 ലക്ഷത്തിലധികം ആളുകൾ (15,52,761) യാത്ര ചെയ്തപ്പോൾ പ്രിയദർശിനി ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായിരുന്നു.
ജൂലൈ ആറിലെ 15.28 ലക്ഷമെന്ന റിക്കാർഡാണ് ഇതിലൂടെ തിരുത്തിയത്. ഞായറാഴ്ച ഉൾപ്പെടാത്ത പതിനാലാം ആഴ്ചയിലെ ആറ് ദിവസത്തെ കണക്കുകളിൽ, പ്രതിദിന യാത്രക്കാരുടെ എണ്ണം 14.96 ലക്ഷമാണ്.
ആദ്യ ആഴ്ചയെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 29.4 ശതമാനവും മൂല്യത്തിൽ 29.2 ശതമാനവും മുന്നിലാണിത്. ഇതിനൊപ്പം സെപ്റ്റംബറിലെ പ്രതിദിന കളക്ഷൻ ശരാശരി 5.75 കോടി രൂപയാണ്. ജൂലൈയിലെ 5.45 കോടി, ഓഗസ്റ്റിലെ 5.43 കോടി എന്നീ മാസങ്ങളെ അപേക്ഷിച്ച് പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച നിരക്കാണിത്.
എല്ലാവർക്കും ഒരിടം
ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ സൗജന്യ യാത്രക്കാരുടെ വിഹിതം ആദ്യ ആഴ്ചയിലെ 62 ശതമാനത്തിൽനിന്ന് നിലവിൽ 68.9 ശതമാനമായി ഉയർന്ന് സ്ഥിരത കൈവരിച്ചു. സൗജന്യ യാത്രക്കാരുടെ വർധന ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തിൽനിന്ന് പതിമൂന്നാം ആഴ്ചയിൽ 6.19 ലക്ഷമായി സ്ഥിരമായി തുടരുകയാണ്. അൽപം വർധനയാണ് ഉണ്ടായത്. എല്ലാ സർവീസുകളിലുമായുള്ള ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തിൽ നിന്ന് 27.63 ലക്ഷമായി വർധിച്ചു. 12.1 ശതമാനം വർധന.
ജനങ്ങളുടെ അനുഭവങ്ങൾ, സർക്കാരിന്റെ ചാരിതാർഥ്യം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന തലസ്ഥാനത്ത് നിരവധി വനിതകളാണ് പദ്ധതിയെക്കുറിച്ച് വാചാലരാകുന്നത്. യാത്രാച്ചെലവ് ഇല്ലാതായതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അവർ സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.
അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന പേട്ട സ്വദേശിനിയായ ലോട്ടറി വിൽപനക്കാരി ശാരദാമണിയാണ് അതിലെ ആദ്യത്തെ ഉദാഹരണം. കിലോമീറ്ററുകൾ നടന്ന് ലോട്ടറി വിറ്റാലും ദിവസവും കുറഞ്ഞത് 60 രൂപയെങ്കിലും ബസ് കൂലിയായി നൽകേണ്ടിയിരുന്ന അവർക്ക് യാത്രാച്ചെലവ് മിച്ചം പിടിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. പേട്ടയിൽനിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള
ഓർഡിനറി ബസ് യാത്രയിൽ പൂജ്യം രൂപയുടെ ടിക്കറ്റ് ലഭിച്ചപ്പോഴാണ് അവർക്ക് ഈ പദ്ധതിയുടെ യാഥാർഥ്യം മനസിലായത്. ഇപ്പോൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ, മിച്ചംപിടിക്കുന്ന തുക ഉപയോഗിച്ച് കുട്ടികൾക്ക് പലഹാരങ്ങളോ കറിയോ വാങ്ങാൻ കഴിയുന്നുണ്ടെന്ന് അവർ പറയുന്നത് കേൾക്കുമ്പോൾ അത് യുഡിഎഫ് സർക്കാരിന് അഭിമാനമായി മാറുന്നു.
നെടുമങ്ങാടു നിന്ന് നഗരത്തിലെ കോളജിൽ വന്ന് പഠിക്കുന്ന അഞ്ജലി എന്ന വിദ്യാർഥിനിയുടെ വാക്കുകളും ഞാൻ കേട്ടു. കൂലിപ്പണിക്കാരനായ അച്ഛനോട് ദിവസവും വലിയൊരു തുക ബസ് കൂലി ചോദിക്കാൻ മടിച്ചിരുന്ന അഞ്ജലിക്ക് പലപ്പോഴും ക്ലാസുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കോളജ് ഫീസിനേക്കാൾ ആ കുട്ടിയെ അലട്ടിയിരുന്നത് യാത്രാച്ചെലവായിരുന്നു. എന്നാൽ സൗജന്യ യാത്രാ പദ്ധതി ഒരു വലിയ ഭാരം ഇല്ലാതാക്കിയെന്ന് അഞ്ജലി പറയുന്നു.
നഗരത്തിലെ മൂന്ന് വീടുകളിൽ ജോലി ചെയ്യുന്ന സുലേഖയ്ക്കും പറയാനുണ്ടായിരുന്നത് സമാനമായ അനുഭവമാണ്. രാവിലെയും ഉച്ചയ്ക്കുമായി ദിവസവും മൂന്നോ നാലോ തവണ ബസിൽ യാത്ര ചെയ്യേണ്ടിവരുമ്പോൾ വരുമാനത്തിന്റെ വലിയൊരു പങ്ക് അതിനായി ചിലവാകുമായിരുന്നു.ബസുകളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചത് സുരക്ഷാ ബോധം വർധിപ്പിച്ചുവെന്നും പ്രത്യേകിച്ചും രാത്രിയാത്രകളിലെ ഭയം ഒഴിവാക്കാൻ ഇത് സഹായിച്ചതായും സുലേഖ പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ
യാത്രാച്ചെലവ് ഇനത്തിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറി എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹിക സാമ്പത്തിക നേട്ടം. ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചം വയ്ക്കാനായി.യാത്രാച്ചെലവ് എന്ന തടസം നീങ്ങിയപ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിച്ചു.
കെഎസ്ആർടിസി യാത്രക്കാരിൽ മൂന്നിൽ രണ്ടു പേരും സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തിയെന്നതാണ് വസ്തുത. വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവന്നു.
വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയായി പ്രിയദർശിനി പദ്ധതി മാറി.
പ്രദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക വിപണികളിലേക്കും ചെറുകിട വ്യാപാരങ്ങളിലേക്കും ഒഴുകുമ്പോൾ അത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കുന്നത് കുടുംബ വരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തുന്നു.
സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറച്ചിട്ടുണ്ട്. ചുരുക്കത്തിൽ, കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കും സാമ്പത്തിക വളർച്ചയിലേക്കുമുള്ള സുപ്രധാന ചുവടുവയ്പായി പ്രിയദർശിനി പദ്ധതി മാറിയിരിക്കുന്നു എന്ന് സർക്കാരിന് അഭിമാനത്തോടെ പറയാം.
District News
തൃശൂർ: സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും ഉയർത്തിപ്പിക്കുന്നതാണു സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയെന്നു മന്ത്രി കെ.എ. തുളസി. കോലഴി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രിയദർശിനി ഗ്രാമവണ്ടി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കെത്തിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബു, മുൻ എംഎൽഎ അനിൽ അക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത ഷാജി, ഒ.എം. ഷാജു, കെഎസ്ആർടിസി തൃശൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ. ജെയ്സണ്‍ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷന്മാര്ക്കും സീറോ ടിക്കറ്റ് നല്‍കിയെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
ആദ്യഘട്ടത്തിൽ ചിലർക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോധപൂര്‍വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ് നല്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് ഇത് ചെയ്യുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണമെന്നും സി.പി. ജോണ്‍ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കുമെതിരെയാണ് വകുപ്പുതല നടപടി.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയെന്നും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.
സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ.എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് നടപടിയുടെ ഭാഗമായി മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
District News
കോട്ടയം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍മാര്‍ അമിത ജോലിഭാരത്താല്‍ വലയുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ബസുകളില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും ബസില്‍ കയറ്റാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയോളം യാത്രക്കാരുമായി അപകടകരമായിട്ടാണ് പ്രിയദര്‍ശിനി ബസുകളുടെ യാത്രകള്‍.
ബസില്‍ നിറയെ യാത്രക്കാരുണ്ടെങ്കിലും ഓരോ സ്റ്റോപ്പിലും നിർത്തുമ്പോള്‍ വീണ്ടും ആളുകള്‍ കയറാന്‍ ശ്രമിക്കുകയാണ്. യാത്രക്കാരോട് ഈ തിരക്കിനിടയിലേക്ക് എങ്ങനെ കയറുമെന്ന് ചോദിക്കേണ്ട ഗതികേടിലാണു പല കണ്ടക്ടര്‍മാരും.
തിരക്കിനിടയില്‍ വളരെ ബുദ്ധിമുട്ടിയാണ് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നത്. തിരക്കിനിടയില്‍ സൗജന്യക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ടിക്കറ്റ് മെഷീനില്‍ ടച്ച് സ്ക്രീനില്‍ പ്രസ് ചെയ്തു ടിക്കറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാണ്. സ്ത്രീകള്‍ക്കൊപ്പം പുരുഷ യാത്രക്കാരും ആണ്കുട്ടികളുമുണ്ടെങ്കില് അവരുടെ വിവരങ്ങള്‍ പ്രത്യേകം വേറെ ടിക്കറ്റും നല്‍കേണ്ടതുണ്ട്. ഇതു കണ്ടക്ടര്‍മാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ്.
സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍ സര്‍വീസുകള്‍ തുടരെ സഞ്ചരിക്കുന്ന റൂട്ടുകളില്‍ പ്രിയദര്‍ശിനിക്കു തൊട്ടുപിന്നാലെ വരുന്ന ബസുകളില്‍ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറവാണ്. ഇതോടൊപ്പം മുന്നിലോ പിന്നിലോ സഞ്ചരിക്കുന്ന സ്വകാര്യ ബസുകളിലും യാത്രക്കാരുടെ എണ്ണം കുറവാണ്. ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലകളിലേക്കു പോകുന്ന പ്രിയദര്‍ശിനി ബസുകളില്‍ മിക്കപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പാലാ ഡിപ്പോയില്‍ നിന്നുള്ള വൈക്കം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകളിലെ ഒരു ദിവസത്തെ ശരാശരി ടിക്കറ്റ് കളക്ഷന്‍ 30,000 രൂപയ്ക്കു മുകളിലാണെങ്കിലും കണ്ടക്ടര്‍മാര്‍ കളക്ഷന്‍ തുകയായി അടയ്ക്കുന്നതു 4000 മുതല്‍ 5000 രൂപവരെ മാത്രമാണ്. ജില്ലയിലെ മറ്റു ഡിപ്പോകളില്‍ നിന്നുള്ള പ്രിയദര്‍ശിനി ബസുകളുടെ സ്ഥിതിയും സമാനമാണ്.
അതേസമയം ബസുകളിലെ പുരുഷ യാത്രക്കാര്‍ക്കു സീറോ ടിക്കറ്റ് നല്കി തട്ടിപ്പ് നടന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് സ്ക്വാഡ് ശക്തമായ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: പ്രിയദർശിനി ബസിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസിൽ നിന്നും രണ്ട് പവന്റെ മാലയും പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ നിന്ന് മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്.
ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പോലിസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15000 രൂപയാണ് മോഷണം പോയത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്.
ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പോലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
Kerala
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട കെ.എസ്ആർടിസി ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്.
ബുധനാഴ്ച രാവിലെ 11ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന 'പ്രിയദർശിനി' ബസിനാണ് ചുരത്തിലെ എട്ടാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. മാനന്തവാടിയിലേക്ക് മുൻപ് പുറപ്പെട്ട മറ്റൊരു ബസ് വഴിയരികിൽ കേടായതിനെ തുടർന്ന്, അതിലെ യാത്രക്കാരെയും ഈ ബസിലേക്ക് കയറ്റിയിരുന്നു. ഇതോടെ 54 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ
150-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അമിതഭാരം മൂലം കയറ്റം കയറുന്നതിനിടെ ബസിന്റെ ബ്രേക്ക് തകരാറിലാവുകയും വാഹനം പിന്നോട്ട് നീങ്ങുകയുമായിരുന്നു. ഇതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തിയും കൂട്ട നിലവിളിയും ഉയർന്നു. ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ സമചിത്തത കൈവിടാതെ ബസ് റോഡരികിലെ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാലപ്പഴക്കം ചെന്ന ബസുകളാണ് ചുരം പാതയിൽ സർവീസ് നടത്തുന്നതെന്നും പരാതിയുണ്ട്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി (പ്രിയദർശിനി)ക്ക് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിനു പിന്നാലെ ജൂണ്‍ 15 മുതൽ നടപ്പാക്കിയ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി പ്രതീക്ഷിച്ചതിലും ഏറെ വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാ ഗാരന്റിയിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു സ്ത്രീകളുടെ സൗജന്യയാത്ര. അധികാരത്തിലേറി മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര പദ്ധതി നടപ്പാക്കി. സൗജന്യയാത്രയ്ക്കായി ബജറ്റിൽ 600 കോടി രൂപയും നീക്കിവച്ചു.
രണ്ടരക്കോടിയിലേറെ സൗജന്യ ടിക്കറ്റുകൾ
ഒരുമാസമാകുന്പോൾ 2.5 കോടിയിലേറെ സൗജന്യ ടിക്കറ്റുകൾ സ്ത്രീകൾക്കു നൽകിയെന്നാണ് കണക്ക്. പ്രതിദിനം എട്ടിനും 11 ലക്ഷത്തിനും ഇടയിൽ സ്ത്രീകൾ സൗജന്യ യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ. പ്രിയദർശിനി പദ്ധതി തുടങ്ങിയ ശേഷം യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. ഇരുചക്രവാഹനങ്ങളിൽ അടക്കം സഞ്ചരിച്ചിരുന്ന സ്ത്രീകൾ അടക്കം ബസുകളിൽ സഞ്ചരിക്കുന്നതായാണ് കണക്കുകൾ.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് യാത്രാചെലവിനത്തിനുള്ള വലിയൊരു തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇവരെ ലക്ഷ്യമാക്കി കെഎസ്എഫ്ഇ ചിട്ടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2.25 മുതൽ 2.75 കോടി രൂപ വരെ സൗജന്യയാത്രയ്ക്ക് കെഎസ്ആർടിസിക്ക് ചെലവുവരുന്നുണ്ട്.
പ്രതിമാസം കണക്കാക്കുന്പോൾ ഇത് 75 മുതൽ 80 കോടി രൂപ വരെയാണ്. സർക്കാർ സമയബന്ധിതമായി കെഎസ്ആർടിസിക്ക് പണം അനുവദിച്ചില്ലെങ്കിൽ ഡീസലും ടയറും സ്പെയർ പാര്‍ട്ടുകളും വാങ്ങുന്നത് അടക്കമുള്ള നിത്യോപയോഗ ചെലവുകൾ പ്രതിസന്ധിയിലാകും. ഓയിൽ കന്പനികളിൽനിന്ന് കടം പറഞ്ഞാണ് ഡീസൽ വാങ്ങുന്നത്.
നഷ്ടത്തിലായി സ്വകാര്യ ബസ് വ്യവസായം
കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ പ്രിയദർശനി സൗജന്യയാത്ര സ്വകാര്യ ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായാണ് ബസുടമകളുടെ സംഘടനകൾ പറയുന്നത്. പ്രതിദിനം 12,000- 14,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകൾക്ക് ഇപ്പോൾ 10,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നാണ് വാദം.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന 11,936 ബസുകളുടെ സർവീസിനെ ഗുരുതരമായി ബാധിക്കുമത്രേ. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതി പകുതിയാക്കി ബജറ്റിൽ വെട്ടിച്ചുരുക്കിയിരുന്നു.
എന്നാൽ, ഇതു സ്വകാര്യ ബസ് വ്യവസായത്തിന്റെ നഷ്ടം കുറയ്ക്കില്ലെന്ന് ബസുടമകൾ പറയുന്നു. പണിമുടക്ക് അടക്കമുള്ള സമരമാർഗങ്ങളും സ്വീകരിച്ചു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ.
District News
കോട്ടയം: സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘’പ്രിയദര്‍ശിനി’’ ആരംഭിച്ചിട്ട് ഒരുമാസം പൂർത്തിയാകുന്പോഴും ഇരിപ്പിടമില്ലാതെ പുരുഷയാത്രക്കാർ. രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്കാണ്. സ്ത്രീകൾക്കുള്ള സംവരണ ഇരിപ്പിടങ്ങൾകൂടാതെ പൊതു ഇരിപ്പിടങ്ങളും സ്ത്രീയാത്രക്കാർ കൈയടക്കിയതോടെയാണ് പുരുഷന്മാരായ യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയത്.
മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയ ഇരിപ്പിടങ്ങളും പൊതുവായിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. പ്രായമായിട്ടുള്ള പുരുഷയാത്രക്കാർക്ക് ഇരിപ്പിടങ്ങൾ പലപ്പോഴും ലഭിക്കാറില്ല.
ഇതോടെ യാത്രക്കാർ തമ്മിലും കണ്ടക്ടറുമായും തർക്കമുണ്ടാകുന്നത് പ്രിയദർശിനി ബസുകളിലെ പതിവുകാഴ്ചയാകുകയാണ്. സ്ത്രീകൾക്കുള്ളതുപോലെ പ്രിയദർശിനി ബസുകളിലെ സംവരണ ഇരിപ്പിടങ്ങളിൽ പരിഗണന വേണമെന്നാണ് പുരുഷയാത്രക്കാരുടെ ആവശ്യം.
സ്ത്രീയാത്രക്കാരുടെ തിരക്ക് കൂടിയതോടെ പല കണ്ടക്ടർമാരും പ്രിയദർശിനിയിൽ ഡ്യൂട്ടിക്ക് പോകാൻ താത്പര്യം കാണിക്കാറില്ല. ബസിലെ യാത്രക്കാരുടെ തർക്കങ്ങളിലും പരാതികളിലും ഇടപെടേണ്ടിവരുന്നതാണ് കണ്ടക്ടർമാരുടെ താത്പര്യക്കുറവിനു കാരണം. സംസ്ഥാനത്ത് 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നടപ്പാക്കുന്നത്.
Leader Page
മൊട്ടുസൂചി ഇടപാടില്‍ പോലും കമ്മീഷനടിക്കുന്നുവെന്നു പേരുദോഷമുള്ള കെഎസ്ആര്‍ടിസി, ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതികൊണ്ട് രക്ഷപ്പെടുമോ? കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ സ്ത്രീകളെ കുത്തിനിറച്ച് ഓടുന്നതു കാണുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്ത്രീകളുടെ കൂട്ടയിടിയാണ്.
സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല്‍ സ്ത്രീകളുടെ കൂടെയുള്ള ആണ്‍കുട്ടികളും പുരുഷന്മാരും പ്രിയദര്‍ശിനി ബസുകളില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്ത്രീകളുടെ തള്ളിക്കയറ്റം കെഎസ്ആര്‍ടിസിയുടെ ഖജനാവ് നിറയ്ക്കുമോ? സൗജന്യയാത്രയ്ക്ക് പ്രതിമാസം സര്‍ക്കാര്‍ കോടികള്‍ കൊടുത്താല്‍പോലും കെഎസ്ആര്‍ടിസിക്ക് അത് അത്ര ആശ്വാസമാവില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അത്രമാത്രം ഭാരിച്ച ചെലവുകളുമായാണ് കെഎസ്ആര്‍ടിസി കിതച്ചു നീങ്ങുന്നത്. സൗജന്യയാത്ര സ്ത്രീകള്‍ക്ക് ആശ്വാസമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും കനത്ത ബാധ്യത ഒഴിവാക്കാന്‍ ടിക്കറ്റ് വരുമാനത്തോടൊപ്പം ഇതര വരുമാനസമ്പാദന മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും ഒടുവില്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2,065.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സാമ്പത്തികസഹായമായി നല്‍കിയെന്നാണ്. 2021-22 വര്‍ഷത്തില്‍ 2,037.51 കോടി രൂപയും നല്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക നല്‍കേണ്ടിവന്നത് 2023-24ലാണ്. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് സര്‍ക്കാരിനു നേട്ടമാണ്. അതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിനൊപ്പം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഇരട്ടിപ്പിക്കുകയാണ്.
പരസ്യമാകണം ബസുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 3,87,66,151 രൂപ. 2021 മുതല്‍ കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങി. അതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നു. 2021ല്‍ 1.31 കോടിയായിരുന്നു പരസ്യവരുമാനം. 2022ല്‍ ഇത് 8.53 കോടിയായും 2024ല്‍ 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഈ വര്‍ഷം ഏപ്രിലില്‍ ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 227.63 കോടി രൂപയാണ്. 2025-26 സാമ്പത്തികവര്‍ഷം ടിക്കറ്റിതര വരുമാനമാര്‍ഗമായി 330.96 കോടി രൂപയും ലഭിച്ചു. ഈ വിധത്തിലുളള വരുമാനത്തിനൊപ്പം പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി പ്രകാരമുള്ള കോടികള്‍ ലഭിച്ചാലും നിലവിലുള്ള ചെലവുകള്‍ കണക്കാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് അത് കാര്യമായി ആശ്വാസമേകില്ല. 2021 മുതലാണ് കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയത്. അന്നുമുതലുള്ള വരുമാനം ചുവടെ:
2021: 1,31,21,564 രൂപ
2022: 8,53,70,943
2023: 6,23,38,381
2024: 8,77,57,878
2025: 7,51,57,987
10 വര്‍ഷം, സര്‍ക്കാര്‍ കത്തിച്ചത് 13,522.95 കോടി
2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 13,522.95 കോടി രൂപയാണ്. സാമ്പത്തികവര്‍ഷം, ലഭിച്ച തുക (കോടി രൂപയില്‍) എന്നിവ യഥാക്രമം ചുവടെ:
2016-17: 305.00
2017-18: 835.00
2018-19: 1,056.35
2019-20: 987.37
2020-21: 1,739.86
2021-22: 2,037.51
2022-23: 1,434.81
2023-24: 2,065.57
2024-25: 1,602.41
2025-26: 1,459.07
Kerala
കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ച് പൊട്ടിക്കുകയും ചെയ്ത മൂന്ന് വനിതാ യാത്രക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന 'പ്രിയദർശിനി' ബസിലാണ് നാടകീയ സംഭവങ്ങൾ.
ബസിൽ കയറിയ ശേഷമാണ് തങ്ങൾ മാറി കയറിയതാണെന്ന വിവരം സ്ത്രീകൾ മനസിലാക്കിയത്. തുടർന്ന് ബസ് ഉടൻ തന്നെ നിർത്തണമെന്ന് ഇവർ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ സ്റ്റോപ്പിലല്ലാതെ വഴിമധ്യേ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ തർക്കം രൂക്ഷമാകുകയായിരുന്നു.
വാക്കേറ്റം അതിരുകടന്നതോടെ പ്രകോപിതരായ സ്ത്രീകൾ ബസിനുള്ളിലെ ബെൽ വലിച്ച് പൊട്ടിച്ചു. ഇതോടെ സർവീസ് തടസപ്പെടുകയും ബസ് ജീവനക്കാർ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സംഘം പൊതുമുതൽ നശിപ്പിച്ചതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Kerala
ന്യൂഡല്‍ഹി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരു കിലോമീറ്ററിന് 55 രൂപ വീതം നല്കിയാല് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
District News
മാനന്തവാടി: വനിതകൾക്കായി സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടിയിൽ ആഘോഷമാക്കി. ഉഷ വിജയൻ എംഎൽഎയാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. എംഎൽഎയും ജനപ്രതികളും പാട്ടുപാടി ആഘോഷമാക്കിയാണ് ആദ്യയാത്ര നടത്തിയത്.
നിരന്തരമായ ആവശ്യത്തെ തുടർന്ന് പുതിയ റൂട്ടായി മാനന്തവാടിയിൽ നിന്നും ആരംഭിച്ച പി.കെ. കാളൻ കോളജ് വഴി തേറ്റമലക്കുള്ള സർവീസാണ് സൗജന്യ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.
നൂറു കണക്കിനാളുകൾ ഉദ്ഘാടന പരിപാടിക്കായി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ പദ്ധതിയിൽ ഏറെ സന്തോഷമുണ്ടെന്ന് വനിത യാത്രക്കാർ പറഞ്ഞു.
ഉദ്ഘാടന യാത്രയ്ക്കായി ബസിലെത്തിയ ഉഷ വിജയൻ എംഎൽഎയ്ക്കൊപ്പം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ലാ പഞ്ചായത്തംഗം സൽമ മോയി, നഗരസഭ കൗണ്‍സിലർമാരായ ലേഖാ രാജീവൻ, റസീന സിദ്ദിഖ്, സജന എന്നിവരും ഉണ്ടായിരുന്നു. നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ഡിടിഒ അനിൽ കുമാർ, സൂപ്രണ്ട് സുധീർ റാം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
District News
കാഞ്ഞിരപ്പള്ളി: കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഓട്ടോ ഡ്രൈവർ റിട്ടേൺ യാത്ര സൗജന്യമാക്കി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ സാദത്താണ് തന്റെ ഓട്ടോയിലെ റിട്ടേൺ യാത്രയ്ക്ക് പൈസ ഒഴിവാക്കുന്നത്.
25 വർഷമായി പട്ടിമറ്റത്തെ ഓട്ടോ ഡ്രൈവറാണ് അൻവർ സാദത്ത്. തികഞ്ഞ കോൺഗ്രസ് അനുഭാവിയും. റിട്ടേൺ യാത്ര സൗജന്യമാണെന്ന് കാണിച്ച് ഓട്ടോറിക്ഷയുടെ പുറകിലും ഉള്ളിലും സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഓട്ടം തുടരുന്ന കാലത്തോളം സൗജന്യ റിട്ടേൺ യാത്ര തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: വർണബലൂണുകൾകൊണ്ട് അലങ്കരിച്ച കെഎസ്ആർടിസി ബസുകൾ യാത്രക്കാരായ വനിതകളെ വരവേറ്റു. മധുരസ്മിതവു മായി എത്തിയ വനിതാ കണ്ടക്ടറും ഡ്രൈവറും വളരെപ്പെട്ടന്ന് അവരിലൊരാളായി മാറി.
പാട്ടുപാടിയും കൂട്ടുകൂടിയും പുറപ്പെടാനൊരുങ്ങി നിൽക്കേ ആർപ്പുവിളികളും ആരവങ്ങളുമായി ആണ്‍കൂട്ടം അവർക്കു റ്റാറ്റാ പറഞ്ഞപ്പോൾ, വനിതകളുടെ "പുതുയുഗ’ യാത്രയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡബിൾ ബെല്ലടിച്ചു...പിന്നാലെ "പ്രിയദർശിനി’യെന്നു പേരിട്ട ആ ബസ് തലസ്ഥാനത്തിന്റെ നിരത്തുകളിലൂടെ ചരിത്രത്തിലേക്കു ചീറിപ്പാഞ്ഞു.
കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് യാത്രക്കാർ ആഘോഷപൂർവമാണ് കൊണ്ടാടിയത്. ഇന്നലെ രാവിലെ 9.35നാണ് തന്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനു മുന്നിൽനിന്ന് ഉദ്ഘാടന ബസ് പുറപ്പെട്ടത്.
പെരുമാതുറ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ വി.പി. ഷീലയും പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വി.ജി. ജയകുമാരിയും ഉദ്ഘാടന ബസിന്റെ സാരഥികളായപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രി കെ.എ. തുളസിയും സെക്രട്ടേറിയറ്റ് ജീവനക്കാരും യാത്രക്കാരായി.
തന്പാനൂരിൽനിന്നു സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കുള്ള "പ്രിയദർശിനി ബസിന്റെ' സ്വതന്ത്ര സഞ്ചാരം വീക്ഷിക്കാൻ റോഡരികിൽ നിരവധി പേർ കാത്തുനിന്നിരുന്നു. ബസിന്റെ ആറാം നന്പർ സീറ്റിലിരുന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും തൊട്ടടുത്ത സീറ്റിലിരുന്ന് ഗതാഗതമന്ത്രിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.
പിന്നെ മറ്റൊരു വാഹനത്തെ മറികടക്കാൻ അതിവേഗം നീങ്ങുന്നതിനിടയിൽ ബസിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സഞ്ചരിച്ച യുവാവിനോട് “ശ്രദ്ധിച്ചു പോകൂ” എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം. 15 മിനിറ്റ് സഞ്ചരിച്ച് ബസ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലൂടെ അകത്തേക്കു കയറി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനു മുന്നിൽ നിർത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമിറങ്ങി. ബസ് ദർബാർ ഹാളിനു മുന്നിൽ ജീവനക്കാരെ ഇറക്കിയശേഷം ഉദ്ഘാടനയാത്ര അവസാനിപ്പിച്ചു.
Kerala
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പുറത്തിറങ്ങുന്ന കാലമാണിത്. അവർക്ക് ഈ പദ്ധതി വലിയ സഹായകമാകും. കാശ് കൊടുത്തു പൊയ്ക്കോളാം എന്നു പറയാൻ സാമ്പത്തികശേഷിയുള്ള സ്ത്രീകൾ തയാറായാൽ പദ്ധതി കൂടുതൽ വിജയമാകും.
സൗജന്യയാത്ര ആരംഭിച്ചതോടെ സ്ത്രീകളുടെ മനസിൽ പുതിയ സ്വപ്നങ്ങൾ വിരിഞ്ഞിട്ടുണ്ടാകും. പദ്ധതി ദീർഘകാലം വിജയകരമായി തുടരട്ടേയെന്നു പ്രാർഥിക്കുന്നു.
മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്ന് ഗതാഗതമേഖലയെ ശരിയായ വഴിക്കു കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചു.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഗതാഗത മന്ത്രി സി.പി. ജോണും മറ്റു മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
ഉദ്ഘാടത്തിന് ശേഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ "പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. രാവിലെ 8:30-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയായി.
യാത്രാക്കൂലി പൂർണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ 'സീറോ വാല്യൂ' ടിക്കറ്റ് കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
യാത്ര സൗജന്യമാണെങ്കിലും പരിധിയിൽ കൂടുതൽ ഉള്ള അധിക ലഗേജുകൾക്ക് കൃത്യമായ ചാർജ് ഈടാക്കും.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് ചാർജ് ബാധകമായിരിക്കും.സൗജന്യ യാത്ര ലഭ്യമല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സ്ത്രീകൾ കയറിയാൽ, ഈ ബസിൽ പദ്ധതി ലഭ്യമല്ലെന്ന കാര്യം ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓർഡിനറി, ടൗൺ ബസുകളിൽ മാത്രമേ 'പ്രിയദർശിനി' പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കൂ. സ്റ്റിക്കർ പതിച്ച ബസുകൾ നോക്കി യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.
Kerala
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
ഇന്ദിരാ ഗ്യാരന്റി യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അനുമതി നൽകിക്കഴിഞ്ഞു. ഐക്യജനാധിപത്യമുന്നണി ഇന്ദിരാഗ്യാരന്റികളിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം.
ലളിതം, സുതാര്യം, സാർവത്രികം
പദ്ധതിയുടെ ആദ്യഘട്ടമായി, നാളെ മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽനിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വഴി പൂജ്യം മൂല്യമുള്ള പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് കോർപറേഷന്റെ കൈവശമുള്ളത്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഈ പദ്ധതിയുടെ പ്രയോജനം എത്തുമെന്ന് ഇത് ഉറപ്പാക്കുന്നു.
കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായി സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കെഎസ്ആർടിസിയുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തില്‍ സുഗമമായ കാഷ് ട്രാൻസ്ഫർ ഫിനാൻഷൽ മാനേജിമെന്റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോൺഫെയർ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ സ്വീകരിക്കും. കോർപറേഷന്റെ വരുമാനം പൂർണമായി സംരക്ഷിക്കപ്പെടും എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനതത്വം. കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെയാണ് സ്ത്രീകൾക്കുള്ള ഈ അവകാശം സർക്കാർ ഉറപ്പാക്കുന്നത്.
നാളെ സംസ്ഥാനതല ഉദ്ഘാടനം
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സാധാരണ വനിതാ യാത്രക്കാരും ഉദ്ഘാടനയാത്രയിൽ പങ്കാളികളാകും. സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് അന്നേദിവസം രാവിലെ 9:00 മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
സ്ത്രീസമൂഹത്തിന് നേരിട്ടുള്ള നേട്ടം
യാത്രാച്ചെലവ് ഇനത്തില്‍ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹികസാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചംവയ്ക്കാനാകും.
യാത്രാച്ചെലവ് എന്ന തടസം നീങ്ങുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കും; വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരും. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്. കെഎസ്ആർടിസി യാത്രക്കാരിൽ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.
സമൂഹത്തിനാകെ സാമ്പത്തിക ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക സമ്പദ്വ്യസ്ഥയ്ക്ക് വലിയ ഉണർവ് നൽകും. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് പ്രിയദർശിനി പദ്ധതി.
പുതിയ അധ്യായം
പദ്ധതിയുടെ നിർവഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചരിത്ര മുഹൂർത്തത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും കെഎസ്ആർടിസിയുടെ ബസുകളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.