പ്രതീകാത്മക ചിത്രം
കോട്ടയം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ ജോലി ചെയ്യുന്ന കണ്ടക്ടര്‍മാര്‍ അമിത ജോലിഭാരത്താല്‍ വലയുന്നു. രാവിലെയും വൈകുന്നേരങ്ങളിലും ബസുകളില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും ബസില്‍ കയറ്റാന്‍ സാധിക്കുന്നതിന്റെ ഇരട്ടിയോളം യാത്രക്കാരുമായി അപകടകരമായിട്ടാണ് പ്രിയദര്‍ശിനി ബസുകളുടെ യാത്രകള്‍.
ബസില്‍ നിറയെ യാത്രക്കാരുണ്ടെങ്കിലും ഓരോ സ്റ്റോപ്പിലും നിർത്തുമ്പോള്‍ വീണ്ടും ആളുകള്‍ കയറാന്‍ ശ്രമിക്കുകയാണ്. യാത്രക്കാരോട് ഈ തിരക്കിനിടയിലേക്ക് എങ്ങനെ കയറുമെന്ന് ചോദിക്കേണ്ട ഗതികേടിലാണു പല കണ്ടക്ടര്‍മാരും.
തിരക്കിനിടയില്‍ വളരെ ബുദ്ധിമുട്ടിയാണ് കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നത്. തിരക്കിനിടയില്‍ സൗജന്യക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ടിക്കറ്റ് മെഷീനില്‍ ടച്ച് സ്ക്രീനില്‍ പ്രസ് ചെയ്തു ടിക്കറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാണ്. സ്ത്രീകള്‍ക്കൊപ്പം പുരുഷ യാത്രക്കാരും ആണ്കുട്ടികളുമുണ്ടെങ്കില് അവരുടെ വിവരങ്ങള്‍ പ്രത്യേകം വേറെ ടിക്കറ്റും നല്‍കേണ്ടതുണ്ട്. ഇതു കണ്ടക്ടര്‍മാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ്.
സൂപ്പര്‍ ഫാസ്റ്റ് ചെയിന്‍ സര്‍വീസുകള്‍ തുടരെ സഞ്ചരിക്കുന്ന റൂട്ടുകളില്‍ പ്രിയദര്‍ശിനിക്കു തൊട്ടുപിന്നാലെ വരുന്ന ബസുകളില്‍ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറവാണ്. ഇതോടൊപ്പം മുന്നിലോ പിന്നിലോ സഞ്ചരിക്കുന്ന സ്വകാര്യ ബസുകളിലും യാത്രക്കാരുടെ എണ്ണം കുറവാണ്. ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലകളിലേക്കു പോകുന്ന പ്രിയദര്‍ശിനി ബസുകളില്‍ മിക്കപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പാലാ ഡിപ്പോയില്‍ നിന്നുള്ള വൈക്കം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസുകളിലെ ഒരു ദിവസത്തെ ശരാശരി ടിക്കറ്റ് കളക്ഷന്‍ 30,000 രൂപയ്ക്കു മുകളിലാണെങ്കിലും കണ്ടക്ടര്‍മാര്‍ കളക്ഷന്‍ തുകയായി അടയ്ക്കുന്നതു 4000 മുതല്‍ 5000 രൂപവരെ മാത്രമാണ്. ജില്ലയിലെ മറ്റു ഡിപ്പോകളില്‍ നിന്നുള്ള പ്രിയദര്‍ശിനി ബസുകളുടെ സ്ഥിതിയും സമാനമാണ്.
അതേസമയം ബസുകളിലെ പുരുഷ യാത്രക്കാര്‍ക്കു സീറോ ടിക്കറ്റ് നല്കി തട്ടിപ്പ് നടന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് സ്ക്വാഡ് ശക്തമായ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.