Movies
ബോക്സോഫീസിൽ ചരിത്രമെഴുതി രൺബീർ കപുറിന്റെ 'രാമായണ'. റിലീസ് ചെയ്ത ആദ്യ ദിവസംതന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം, രൺബീർ കപുറിന്റെ കരിയറിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപ്പണിങ് ചിത്രമായി മാറി. ഹിന്ദി ബോക്സോഫീസിൽ മാത്രം ആദ്യദിനം ഏകദേശം 45 കോടി രൂപ നെറ്റ് കളക്ഷൻ നേടാൻ ചിത്രത്തിനു സാധിച്ചു. റിലീസിനു മുൻപ് തന്നെ വലിയ ഹൈപ്പിലത്തിയ ചിത്രം ആരാധകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള പ്രകടനമാണു കാഴ്ചവയ്ക്കുന്നത്
സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അനിമൽ' 51 കോടി രൂപയുടെ ആദ്യദിന കളക്ഷനുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. രാമായണ - 45 കോടി, സഞ്ജു - 34.75 കോടി, ബ്രഹ്മാസ്ത്ര - 31.50 കോടി, ബേഷറം - 21.50 കോടി എന്നിവയാണു ഹിന്ദി ബോക്സോഫീസിലെ രൺബീറിന്റെ ടോപ്പ് ഓപ്പണിംഗ് ചിത്രങ്ങൾ.
താരങ്ങളുടെ പ്രകടനത്തിനൊപ്പം ഗ്രാഫിക്സിനും വിഷ്വൽ ഇഫക്റ്റിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
National
കോൽക്കത്ത: നിതിഷ് തിവാരി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം രാമായണയ്ക്ക് പശ്ചിമ ബംഗാളിൽ വിനോദ നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഭാവിയിൽ മഹാഭാരതം അടിസ്ഥാനമാക്കിയുള്ള സിനിമയും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൽക്കത്തയിലെ സെൻട്രൽ പാർക്കിൽ നടന്ന വിജയദശമി ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ രൺബീർ കപൂറും യഷും പങ്കെടുത്തു.
ദ കേരള സ്റ്റോറി, കശ്മീർ ഫയൽസ്, ദ ബംഗാൾ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ചതുപോലെ രാമായണത്തിനും നികുതി ഇളവ് നൽകുമെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. നവംബർ അഞ്ചിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.
Movies
നിതേഷ് തിവാരിയുടെ 'രാമായണ' റിലീസിനോട് അടുക്കുമ്പോൾ ആവേശമുണർത്തി പുതിയ അപ്ഡേറ്റ്. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് അണിയറപ്രവർത്തകർ പുറത്തിറക്കിയ ഇംഗ്ലീഷ് ട്രെയ്ലർ സിനിമാലോകത്ത് വൻ ചർച്ചയായിരിക്കുകയാണ്. സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയ്ലർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഭാഗം നവംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. രണ്ട് മാസം മുമ്പ് പുറത്തിറങ്ങിയ ഹിന്ദി ട്രെയ്ലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും ആഗോളതലത്തിലുള്ള പ്രേക്ഷകരെക്കൂടി ലക്ഷ്യമിട്ടാണ് ഇപ്പോൾ പുതിയ ട്രെയ്ലർ പുറത്തുവിട്ടിരിക്കുന്നത്.
നാല് മിനിറ്റിലധികം ദൈർഘ്യമുണ്ടായിരുന്ന ഹിന്ദി ട്രെയ്ലറുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലീഷ് ട്രെയ്ലറിന് രണ്ട് മിനിറ്റ് 36 സെക്കൻഡ് മാത്രമാണ് ദൈർഘ്യം. അന്താരാഷ്ട്ര പ്രേക്ഷകരുടെ താൽപര്യങ്ങൾക്കും ആസ്വാദന ശൈലിക്കും അനുയോജ്യമായ രീതിയിലാണ് ചിത്രീകരണ ദൃശ്യങ്ങളും സീനുകളും ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് രാമായണത്തിനായി അണിനിരക്കുന്നത്. ശ്രീരാമനായി ബോളിവുഡ് താരം രൺബീർ കപൂർ എത്തുമ്പോൾ, സീതാദേവിയായി സായ് പല്ലവി വേഷമിടുന്നു. ചിത്രത്തിൽ രാവണനായി യാഷാണ് എത്തുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യൻ ഇതിഹാസകഥയെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മുന്നിലേക്ക് അണിയിച്ചൊരുക്കുന്ന രാമായണയുടെ വരവിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
Movies
ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' ആദ്യ ഭാഗം നവംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും. "യേ റാം കെ യുഗ് കാ ആരംഭ് ഹൈ" എന്ന സന്ദേശത്തോടെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, ഈ ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ്. ഒഫിഷ്യൽ റിലീസ് ഡേറ്റ് പോസ്റ്റർ ഇതിനോടകം തന്നെ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമിക്കുന്ന പാൻ-ഇന്ത്യൻ സൂപ്പർ താരം 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. മുമ്പ് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്.
'ദംഗൽ' എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ റെക്കോർഡുകൾ തീർത്ത പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി സ്റ്റുഡിയോയാണ് ചിത്രത്തിലെ വിഎഫ്എക്സ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.
രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
Movies
ബോളിവുഡ് താരം രൺബീർ കപൂർ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'രാമായണം' സിനിമയുടെ മുംബൈയിലെ സെറ്റിൽ തീപിടിത്തം. പ്രൈം ഫോക്കസ് സ്റ്റുഡിയോയ്ക്ക് പുറത്തുണ്ടായിരുന്ന ടെന്റുകളിലൊന്നിലാണ് തീപിടിമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ നിസാരമാണെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്റ് ബി.എൻ. തിവാരി സ്ഥിരീകരിച്ചു.
സമീപത്തെ മറ്റൊരു പ്രദേശത്തുണ്ടായ തീപിടിത്തത്തിന് പിന്നാലെ അണിയറപ്രവർത്തകർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നതായി ബി.എൻ. തിവാരി വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കർശന നിർദേശം നൽകിയിരുന്നെങ്കിലും ചെറിയ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. ഉടൻതന്നെ തീ അണയ്ക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. നിലവിൽ പ്രൈം ഫോക്കസ് സ്റ്റുഡിയോയിൽ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സിനിമാ സെറ്റുകളിൽ കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. പ്രൈം ഫോക്കസ് സ്റ്റുഡിയോയിൽ 'രാമായണം' കൂടാതെ 'ഹസ്റ്റിൽ', 'പതി പത്നി ഔർ പംഗ' എന്നീ ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണവും നടക്കുന്നുണ്ട്.
അതേസമയം, ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് 'രാമായണം: റൈസ് ഓഫ് എ ലെജൻഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. ദീപാവലിക്കു മുന്നോടിയായി നവംബർ ആറിന് ചിത്രം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഐമാക്സ്, പ്രീമിയം ലാർജ് ഫോർമാറ്റുകൾ എന്നിവയിൽ മികച്ച 3D ദൃശ്യാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും, കന്നഡ സൂപ്പർതാരം യാഷ് രാവണനായും എത്തുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതാദേവി. രവി ദുബെ, സണ്ണി ഡിയോൾ, അരുൺ ഗോവിൽ, രാകുൽ പ്രീത് സിംഗ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Movies
ബസ് കണ്ടക്ടറായ ശിവാജി റാവുവിൽനിന്നു ലോകമറിയുന്ന സൂപ്പർതാരമായി മാറിയ രജനികാന്തിന്റെ ജീവിതകഥ എല്ലാവർക്കും അറിയാം. കഠിനാദ്ധ്വാനത്തിലൂടെ ഓരോ പടവുകളും വെട്ടിപ്പിടിച്ച് തന്റെ താരസിംഹാസനം ഉറപ്പിച്ച തലൈവർ പുതുതലമുറയ്ക്കും മഹാമാതൃകയാണ്. എന്നാൽ, ബസ് ഡ്രൈവറുടെ മകനായി ജനിച്ച് ഇന്ത്യൻ സിനിമാവ്യവസായത്തിൽ സൂപ്പർ സ്റ്റാർ ആയി ഉദിച്ചുയർന്ന യാഷിന്റെ കഥ അവിശ്വസനീയമാണ്. വെറും 300 രൂപയുമായി വീട്ടിൽ നിന്നിറങ്ങിത്തിരിച്ച, പതിനാറുകാരൻ പയ്യൻ വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ സിനിമ ഭരിക്കുന്ന സൂപ്പർസ്റ്റാറായി മാറുന്നത് സിനിമയേക്കാൾ വലിയ കഥയാണ്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവർന്ന റോക്കി ഭായ് അഥവാ യാഷിന്റെ ജീവിതകഥ സംഭവബഹുലമാണ്.
സിനിമ എന്ന മോഹം നെഞ്ചിലേറ്റി ബംഗളൂരുവിലേക്കു വണ്ടി കയറിയ യാഷ് തുടക്കകാലത്ത് നാടക സമിതികളിൽ ബാക്ക്സ്റ്റേജ് ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ദിവസക്കൂലിയായി 50 രൂപ മാത്രം ലഭിച്ചിരുന്ന ആ നാളുകളിൽ നടന്മാർക്കും അണിയറപ്രവർത്തകർക്കും ചായ എത്തിച്ചുകൊടുക്കുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു. തുടർന്ന് സഹസംവിധായകനായി ജോലി ചെയ്യുകയും പിന്നീട്, ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്കു ചുവടുവയ്ക്കുകയുമായിരുന്നു.
തുടർച്ചയായ പ്രയത്നത്തിലൂടെ കന്നഡ സിനിമയിലെ മുൻനിര നായകനായി ഉയർന്ന യാഷിന്റെ കരിയർ മാറ്റിമറിച്ചത് കെജിഎഫ് എന്ന പാൻ-ഇന്ത്യൻ ചിത്രമാണ്. ബോക്സ് ഓഫീസിൽ ആയിരം കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം യാഷിനെ തെന്നിന്ത്യൻ അതിർത്തികൾ കടന്ന് ഇന്ത്യയിലെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാളാക്കി മാറ്റി.
ഇപ്പോൾ തന്റെ കരിയറിലെ ബ്രഹ്മാണ്ഡ പ്രോജക്റ്റിലേക്കു കടന്നിരിക്കുകയാണ് യാഷ്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന വമ്പൻ ദൃശ്യവിരുന്നിൽ രാവണനായി വേഷമിടുന്നത് യാഷ് ആണ്. അഭിനയത്തിനു പുറമെ ചിത്രത്തിന്റെ നിർമാണ പങ്കാളികൂടിയാണ് യാഷ്. നമിത് മൽഹോത്രയ്ക്കൊപ്പം ഏകദേശം 4,000 കോടി രൂപ ചെലവുവരുന്ന ചിത്രത്തിൽ യാഷിന്റെ നിർമാണസംരംഭമായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സഹകരിക്കുന്നു.
നിശ്ചയദാർഢ്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത യാഷിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ്.
Movies
രൺബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാമായണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങിയത്.
നേരത്തെ ജൂലൈ 24-ന് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, റിലീസ് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റുമായി കൈകോർത്ത് ആഗോളതലത്തിൽ വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രെയിലർ റിലീസ് നീട്ടിയതെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു.
Movies
മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ സീതയായി അഭിനയിക്കുന്ന നടി സായ് പല്ലവിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. നടിയുടെ ഹിന്ദി ഭാഷാ പരിജ്ഞാനത്തെ കളിയാക്കിയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
മേയ് ഒന്നിന് പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രമായ 'ഏക് ദിൻ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി മുംബൈയിൽ എത്തിയതായിരുന്നു സായ് പല്ലവി. മുംബൈയിൽ നടന്ന 'ഏക് ദിൻ കി മെഹഫിൽ' എന്ന സംഗീത നിശയിൽ ആരാധകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ നടി ശ്രമിച്ചിരുന്നു. ഈ സമയത്ത് ഹിന്ദി സംസാരിക്കാൻ തനിക്ക് അല്പം ബുദ്ധിമുട്ടുണ്ടെന്നും തന്റെ ഹിന്ദി അത്ര മികച്ചതല്ലെന്നും നടി തുറന്നു സമ്മതിച്ചിരുന്നു.
സായ് പല്ലവി ഹിന്ദിയിൽ സംസാരിക്കാൻ പ്രയാസപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് ട്രോളുകൾ ആരംഭിച്ചത്. "അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും പറയാൻ അറിയാത്ത സായ് പല്ലവിയാണ് രാമായണത്തിൽ സീതാമാതാവായി അഭിനയിക്കുന്നത്" എന്ന് പരിഹസിച്ചുകൊണ്ട് ഒരാൾ വീഡിയോ എക്സിൽ പങ്കുവെച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത ഒരാൾ എങ്ങനെ ഒരു ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.
എന്നാൽ നടിക്കെതിരെയുള്ള ഈ കടന്നാക്രമണത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഒരു അഭിനേതാവ് എന്ന നിലയിൽ സായ് പല്ലവിയുടെ കഴിവിനെ ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ആരാധകർ പറയുന്നു.
സായ് പല്ലവിയുടെ സ്വാഭാവികമായ അഭിനയ ശൈലിയും ലാളിത്യവും സീത എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വാദിക്കുന്നു. ഭാഷാപരമായ പരിമിതികൾ ഡബ്ബിംഗിലൂടെയോ പരിശീലനത്തിലൂടെയോ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടി.
രണ്ബീർ കപൂർ രാമനായി എത്തുന്ന 'രാമായണ'ത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തുള്ളത്. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം.
Viral
ഓസ്ട്രേലിയയുടെ ഉത്ഭവത്തെക്കുറിച്ച് തികച്ചും അപ്രതീക്ഷിതവും എന്നാൽ ആത്മീയവുമായ ഒരു സിദ്ധാന്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായിരിക്കുന്നത്.
പ്രമുഖ കഥാവാചകനും ആത്മീയനേതാവുമായ അനിരുദ്ധാചാര്യയുടെ ഒരു വീഡിയോ ക്ലിപ്പ് വൈറലായതോടെയാണ് ഓസ്ട്രേലിയക്ക് രാമായണ കാലത്തോളം പഴക്കമുണ്ടെന്ന വാദം ശ്രദ്ധനേടിയത്.
ഭൗതികശാസ്ത്രപരമായോ ചരിത്രപരമായോ ഉള്ള യാഥാർത്ഥ്യങ്ങൾക്ക് പകരം, പുരാണങ്ങളിലെ ഒരു സന്ദർഭവുമായി ഭൂഖണ്ഡത്തിന്റെ പേരിനെ അദ്ദേഹം ബന്ധിപ്പിക്കുകയാണ്.
ശ്രീരാമനും രാവണനും തമ്മിലുള്ള പ്രസിദ്ധമായ ലങ്കായുദ്ധത്തിന് ശേഷം രൂപപ്പെട്ട പ്രദേശമാണ് ഓസ്ട്രേലിയ എന്ന് വൈറലായ ഇൻസ്റ്റാഗ്രാം വീഡിയോയിൽ അനിരുദ്ധാചാര്യർ വാദിക്കുന്നു.
യുദ്ധം അവസാനിച്ചപ്പോൾ, യുദ്ധക്കളത്തിൽ ലക്ഷക്കണക്കിന് സൈനികർ കൊല്ലപ്പെട്ടതിന്റെ ഫലമായി ആയിരക്കണക്കിന് വാളുകളും മറ്റ് ആയുധങ്ങളും അവിടവിടെ ചിതറിക്കിടന്നിരുന്നു.
രാവണന്റെ സൈന്യം നശിച്ചപ്പോൾ അവരുടെയെല്ലാം ആയുധങ്ങൾ മാലിന്യക്കൂമ്പാരം പോലെ യുദ്ധഭൂമിയിൽ കുന്നുകൂടി എന്ന് അദ്ദേഹം വിശദീകരിക്കുന്നു. രാവണന്റെയോ അതിശക്തനായ മേഘനാഥന്റെയോ ആയുധങ്ങൾ ഉൾപ്പെടെയുള്ള ഈ ഭീമാകാരമായ ആയുധശേഖരം ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ശ്രീരാമൻ ഒരു നിർണായക തീരുമാനമെടുത്തു എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം.
ഈ ആയുധങ്ങളെല്ലാം കപ്പലുകളിൽ കയറ്റി വളരെ ദൂരെ, ജനവാസമില്ലാത്ത ഒരിടത്ത് കൊണ്ടുപോയി നിക്ഷേപിക്കാൻ രാമൻ തന്റെ സൈന്യത്തോട് നിർദ്ദേശിച്ചു. അങ്ങനെ, ആയുധങ്ങൾ ("അസ്ത്രങ്ങൾ') ശേഖരിച്ചു വെച്ച സ്ഥലമായതുകൊണ്ട് ആ പ്രദേശത്തിന് "അസ്ത്രാലയം' എന്ന് പേര് ലഭിക്കുകയും, കാലക്രമേണ അത് പരിഷ്കരിച്ച് "ഓസ്ട്രേലിയ' ആയി മാറുകയും ചെയ്തുവെന്നാണ് അനിരുദ്ധാചാര്യർ അവകാശപ്പെടുന്നത്.
എന്നാൽ, ചരിത്രപരമായ അടിത്തറയില്ലാത്ത ഈ വ്യാഖ്യാനത്തോട് സമൂഹമാധ്യമങ്ങൾ പലവിധത്തിലാണ് പ്രതികരിച്ചത്. വീഡിയോ കണ്ട നിരവധിപേർ തമാശ രൂപേണയും പരിഹാസത്തോടെയും രംഗത്തെത്തി. "ഓസ്ട്രാലയ' എന്ന പദം കൃത്യമാണെന്ന് തോന്നുന്നെന്നും ഗൂഗിൾ മാപ്സിൽ തിരുത്തലുകൾ വരുത്തണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
യുദ്ധായുധങ്ങൾ നിക്ഷേപിച്ച സ്ഥലത്തിന് ഓസ്ട്രേലിയ എന്ന് പേര് വന്നെങ്കിൽ, വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തിന് "വസ്ത്രാലയ' എന്നും, മറ്റ് ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നിടത്തിന് "ശാസ്ത്രാലയ' എന്നും പേരുള്ള രാജ്യങ്ങൾ എവിടെയാണെന്ന ചോദ്യവും പലരും ഉയർത്തി. ആത്മീയ നേതാവിന്റെ ഈ പരാമർശം ഓൺലൈൻ ലോകത്ത് ചിരിക്കും ചർച്ചയ്ക്കും ഒരുപോലെ വഴിതുറന്നിരിക്കുകയാണ്.