ഓസ്ട്രേലിയയുടെ ഉത്ഭവത്തെക്കുറിച്ച് തികച്ചും അപ്രതീക്ഷിതവും എന്നാൽ ആത്മീയവുമായ ഒരു സിദ്ധാന്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചാവിഷയമായിരിക്കുന്നത്.
പ്രമുഖ കഥാവാചകനും ആത്മീയനേതാവുമായ അനിരുദ്ധാചാര്യയുടെ ഒരു വീഡിയോ ക്ലിപ്പ് വൈറലായതോടെയാണ് ഓസ്ട്രേലിയക്ക് രാമായണ കാലത്തോളം പഴക്കമുണ്ടെന്ന വാദം ശ്രദ്ധനേടിയത്.
ഭൗതികശാസ്ത്രപരമായോ ചരിത്രപരമായോ ഉള്ള യാഥാർത്ഥ്യങ്ങൾക്ക് പകരം, പുരാണങ്ങളിലെ ഒരു സന്ദർഭവുമായി ഭൂഖണ്ഡത്തിന്റെ പേരിനെ അദ്ദേഹം ബന്ധിപ്പിക്കുകയാണ്.
ശ്രീരാമനും രാവണനും തമ്മിലുള്ള പ്രസിദ്ധമായ ലങ്കായുദ്ധത്തിന് ശേഷം രൂപപ്പെട്ട പ്രദേശമാണ് ഓസ്ട്രേലിയ എന്ന് വൈറലായ ഇൻസ്റ്റാഗ്രാം വീഡിയോയിൽ അനിരുദ്ധാചാര്യർ വാദിക്കുന്നു.
യുദ്ധം അവസാനിച്ചപ്പോൾ, യുദ്ധക്കളത്തിൽ ലക്ഷക്കണക്കിന് സൈനികർ കൊല്ലപ്പെട്ടതിന്റെ ഫലമായി ആയിരക്കണക്കിന് വാളുകളും മറ്റ് ആയുധങ്ങളും അവിടവിടെ ചിതറിക്കിടന്നിരുന്നു.
രാവണന്റെ സൈന്യം നശിച്ചപ്പോൾ അവരുടെയെല്ലാം ആയുധങ്ങൾ മാലിന്യക്കൂമ്പാരം പോലെ യുദ്ധഭൂമിയിൽ കുന്നുകൂടി എന്ന് അദ്ദേഹം വിശദീകരിക്കുന്നു. രാവണന്റെയോ അതിശക്തനായ മേഘനാഥന്റെയോ ആയുധങ്ങൾ ഉൾപ്പെടെയുള്ള ഈ ഭീമാകാരമായ ആയുധശേഖരം ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ശ്രീരാമൻ ഒരു നിർണായക തീരുമാനമെടുത്തു എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം.
ഈ ആയുധങ്ങളെല്ലാം കപ്പലുകളിൽ കയറ്റി വളരെ ദൂരെ, ജനവാസമില്ലാത്ത ഒരിടത്ത് കൊണ്ടുപോയി നിക്ഷേപിക്കാൻ രാമൻ തന്റെ സൈന്യത്തോട് നിർദ്ദേശിച്ചു. അങ്ങനെ, ആയുധങ്ങൾ ("അസ്ത്രങ്ങൾ') ശേഖരിച്ചു വെച്ച സ്ഥലമായതുകൊണ്ട് ആ പ്രദേശത്തിന് "അസ്ത്രാലയം' എന്ന് പേര് ലഭിക്കുകയും, കാലക്രമേണ അത് പരിഷ്കരിച്ച് "ഓസ്ട്രേലിയ' ആയി മാറുകയും ചെയ്തുവെന്നാണ് അനിരുദ്ധാചാര്യർ അവകാശപ്പെടുന്നത്.
എന്നാൽ, ചരിത്രപരമായ അടിത്തറയില്ലാത്ത ഈ വ്യാഖ്യാനത്തോട് സമൂഹമാധ്യമങ്ങൾ പലവിധത്തിലാണ് പ്രതികരിച്ചത്. വീഡിയോ കണ്ട നിരവധിപേർ തമാശ രൂപേണയും പരിഹാസത്തോടെയും രംഗത്തെത്തി. "ഓസ്ട്രാലയ' എന്ന പദം കൃത്യമാണെന്ന് തോന്നുന്നെന്നും ഗൂഗിൾ മാപ്സിൽ തിരുത്തലുകൾ വരുത്തണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
യുദ്ധായുധങ്ങൾ നിക്ഷേപിച്ച സ്ഥലത്തിന് ഓസ്ട്രേലിയ എന്ന് പേര് വന്നെങ്കിൽ, വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തിന് "വസ്ത്രാലയ' എന്നും, മറ്റ് ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നിടത്തിന് "ശാസ്ത്രാലയ' എന്നും പേരുള്ള രാജ്യങ്ങൾ എവിടെയാണെന്ന ചോദ്യവും പലരും ഉയർത്തി. ആത്മീയ നേതാവിന്റെ ഈ പരാമർശം ഓൺലൈൻ ലോകത്ത് ചിരിക്കും ചർച്ചയ്ക്കും ഒരുപോലെ വഴിതുറന്നിരിക്കുകയാണ്.
Tags : AustraliaOrigin Aniruddhacharya LordRam Ramayana Ravana