ധനുഷ്, സായ് പല്ലവി
രാമായണത്തിലെ സീതാദേവിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കുമെതിരെ പ്രതികരിച്ച് നടൻ ധനുഷ്.
സായ് പല്ലവിയെപ്പോലെ ദൈവഭക്തിയും പവിത്രമായ മനസുമുള്ള മറ്റൊരു നടിയെ കാണാൻ കഴിയില്ലെന്നും അവർക്കെതിരെയുള്ള വിമർശനങ്ങൾ അദ്ഭുതപ്പെടുത്തുന്നുവെന്നും ധനുഷ് പറഞ്ഞു.
ധനുഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'ഓമി'ന്റെ പ്രി-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സീതാദേവിയായുള്ള സായ് പല്ലവിയുടെ അഭിനയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും ഒരുപാട് വർത്തമാനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ വിമർശനങ്ങളെന്ന് എനിക്ക് മനസിലാകുന്നില്ല.
ഷൂട്ടിംഗ് ഇടവേളകളിൽപോലും സായി എപ്പോഴും പ്രാർഥനയിലായിരിക്കും. ഇന്ത്യ മുഴുവൻ തിരഞ്ഞാൽപോലും സായിയെപ്പോലെ മറ്റൊരു സീതയെ നിങ്ങൾക്ക് കണ്ടെത്താനാകില്ല. അത്രയധികം ദൈവഭക്തിയും നിർമലമായ ഹൃദയവുമുള്ള വ്യക്തിയാണവർ. സുന്ദരി മാത്രമല്ല, മികച്ച ഒരു പെർഫോമർ കൂടിയാണ്.
മാരി 2 സമയത്ത് വളരെ നിഷ്കളങ്കയായ, അധികം സംസാരിക്കാത്ത പെൺകുട്ടിയായിരുന്നു സായ്. വളരെ ആലോചിച്ചു മാത്രം സംസാരിച്ചിരുന്ന ആൾ.
എന്നാൽ ഒൻപത് വർഷങ്ങൾക്ക് ശേഷം 'ഓമി'ന്റെ സെറ്റിൽ കണ്ട സായി പല്ലവി പൂർണമായും മാറിയിരിക്കുന്നു. സിനിമയെ ആഴത്തിൽ മനസ്സിലാക്കിയ ഒരു വ്യക്തിയായിട്ടാണ് അവർ എന്റെ മുന്നിൽ നിന്നത്.
അവരുടെ വാക്കുകളിലും നടപ്പിലും ഭാവങ്ങളിലുമെല്ലാം വലിയ ആത്മവിശ്വാസവും ശാന്തതയും പ്രകടമായിരുന്നു. അത് എന്നെ ഏറെ അദ്ഭുതപ്പെടുത്തി. 'ഓമി'ലെ കഠിനമായ കഥാപാത്രത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഏറ്റെടുത്ത് സായി മനോഹരമായി പൂർത്തിയാക്കി.” ധനുഷ് പറയുന്നു.
ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ഓമിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനധികൃത രക്തചന്ദനക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഓഫീസർ നിത്യ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സായി പല്ലവി അവതരിപ്പിക്കുന്നത്.
Tags : ActorDhanush Dhanush Sai Pallavi support ramayana cinema movie