സായി പല്ലവി, മെറിൻ ജോസഫ്
കരിയറിൽ ആദ്യമായിട്ടാണ് സായ് പല്ലവി പൊലിസ് ഓഫീസറായി അഭിനയിക്കുന്നത്. ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓമി’ലാണ് സായ് ഈ വേഷമിടുന്നത്.
എന്നാൽ സായ് പല്ലവിയുടെ ഈ കഥാപാത്രത്തിന്റെ ലുക്കിനും വ്യക്തിത്വത്തിനും പ്രചോദനമായത് കേരള കേഡറിലെ പ്രമുഖ ഐ.പി.എസ് ഓഫിസർ മെറിൻ ജോസഫാണെന്ന് സംവിധായകൻ വെളിപ്പെടുത്തി.
ചിത്രത്തിൽ 'നിത്യ റെഡ്ഡി ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ആന്ധ്ര പ്രദേശ് പൊലിസ് അസിസ്റ്റന്റ് സൂപ്രണ്ടായും, ചന്ദനക്കടത്ത് മാഫിയക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്റർപോളിനൊപ്പം പ്രവർത്തിക്കുന്ന സിബിഐ അഡീഷണൽ എസ്പിയായുമാണ് നിത്യ റെഡ്ഡി സ്ക്രീനിലെത്തുന്നത്.
മെറിൻ ജോസഫിന്റെ വസ്ത്രധാരണ രീതിയും ഔദ്യോഗിക ഗാംഭീര്യവുമാണ് കഥാപാത്ര രൂപകൽപ്പനയ്ക്ക് റഫറൻസായി ഉപയോഗിച്ചതെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.
‘‘ഈ സിനിമയിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സായ് പല്ലവി ചെയ്യുന്നത്. ഞാൻ സമീപിച്ചപ്പോൾ, 'കഥ വായിച്ചുനോക്കിയ ശേഷം പറയാം' എന്നാണ് അവർ പറഞ്ഞത്.
തിരക്കഥ മുഴുവനായും സ്വന്തമായി വായിച്ചുനോക്കാൻ അവർ ആഗ്രഹിച്ചു. ആ സമയത്ത് തുടർച്ചയായി ഷൂട്ടിംഗിലായിരുന്നതിനാൽ തിരക്കഥ പൂർണമായി വായിച്ചു തീർക്കാൻ അവർ ഏകദേശം ആറ് ദിവസങ്ങളെടുത്തു.
അതിനുശേഷം ഒരു ദിവസം എന്നെ വിളിച്ച് അവർ പറഞ്ഞു, 'സാർ, ഞാൻ ഈ സിനിമ ചെയ്യാം. എനിക്ക് ഈ റോൾ ചെയ്യാൻ സാധിക്കുമെന്ന് സാറിന് ഉറപ്പുണ്ടെങ്കിൽ, എനിക്കും 100 ശതമാനം ഉറപ്പുണ്ട്. എനിക്ക് ഈ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു.’’
അങ്ങനെയാണ് അത് സംഭവിക്കുന്നത്. ആ പ്രക്രിയയിലുടനീളം അവർ ഒരുപാട് സംശയങ്ങൾ ചോദിക്കുമായിരുന്നു. കഥാപാത്രവുമായി നേരിട്ട് ബന്ധമില്ലെങ്കിൽ പോലും, തയാറെടുപ്പിന്റെ ഭാഗമായി അവർ യഥാർഥ ഐപിഎസ് ഉദ്യോഗസ്ഥരെ നേരിൽ പോയി കണ്ടു.
കേരളത്തിൽ മെറിൻ ജോസഫ് എന്ന് പറയുന്ന ഒരു ഐപിഎസ് ഓഫിസറുണ്ട്, ഫന്റാസ്റ്റിക് പൊലിസ് ഓഫിസറാണ്. അവരുടെ കഥ തന്നെ ഒരു വശത്ത് ഭയങ്കര സംഭവമാണ്. ലുക്കിനായി ഞാൻ അവരെയാണ് ഒരു റഫറൻസായി എടുത്തത്.
ഒരു ദുർബലമായതോ സാധാരണ കണ്ടുവരുന്ന സ്റ്റീരിയോടൈപ്പ് ആയതോ ആയ രൂപത്തിൽ അത് മാറാതിരിക്കാനാണ് ആ റെഫറൻസ് ഞാൻ സായി പല്ലവിക്ക് കാണിച്ചുകൊടുത്തത്.
ആദ്യം അവർക്ക് അതിൽ വിശ്വാസം വരണമായിരുന്നു. അങ്ങനെ അവർ പോയി ഐപിഎസ് ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കി, പൂർണ തയാറെടുപ്പുകളോടെയാണ് സെറ്റിലെത്തിയത്.’’ രാജ്കുമാർ പെരിയസാമി പറഞ്ഞു.
Tags : Sai Pallavi Merin Joseph IPS officer Rajkumar Periasamy Director look