മുകേഷ് ഖന്ന, സീതയായി സായ് പല്ലവി
നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയായി എത്തിയ സായ് പല്ലവിയുടെ ആക്ഷൻ രംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ മുകേഷ് ഖന്ന.
വാത്മീകി രാമായണത്തിൽ എവിടെയും സീത പോരാളിയാണ് എന്നു പറഞ്ഞിട്ടില്ലെന്നും ഇത് ശുദ്ധ അസംബന്ധമാണ് എന്നും മുകേഷ് ഖന്ന പറഞ്ഞു. താൻ സിനിമ കണ്ടിട്ടില്ലെന്നും നിരൂപണങ്ങളിൽ നിന്നും ആളുകളുടെ പ്രതികരണത്തിൽ നിന്നുമാണ് നിരീക്ഷണമെന്നും അദ്ദേഹം വ്ലോഗിൽ പറഞ്ഞു.
മുകേഷ് ഖന്നയുടെ വാക്കുകൾ
‘രാമായണത്തിൽ സീത ഝാൻസി റാണിയെപ്പോലെ യുദ്ധം ചെയ്യുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ? ഇന്നത്തെ നായികമാർ പുരുഷത്വത്തോടെ പോരാടുന്നതായി കാണിക്കുന്നതുപോലെയാണോ സീത ദേവിയെ കാണിക്കേണ്ടത്? സീത രണ്ടും മൂന്നും അസുരന്മാരുമായി യുദ്ധം ചെയ്യുന്നു, അവൾ പോരാടുന്നു, കൊല്ലുന്നു, ചവിട്ടുന്നു.
സീതാജിയാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഇത് എഴുതിയ ആളാണ് എന്നെക്കാൾ അത്ഭുതപ്പെടുത്തിയത്. ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ നോക്കി, സീതാജി അദ്ദേഹവുമായി വന്ന് യുദ്ധം ചെയ്യുന്നതായി കാണിച്ചിരിക്കുന്നു.
ഞാൻ പരിശോധിച്ചു. വാൽമീകി രാമായണത്തിൽ എവിടെയും അങ്ങനെയൊരു കാര്യമില്ല. എനിക്കറിയാവുന്നിടത്തോളം, ഞാൻ വായിച്ചിട്ടുള്ളിടത്തോളം, സീതാജി ആരുമായും യുദ്ധം ചെയ്തിട്ടില്ല.
അവർ മര്യാദ പുരുഷോത്തമ രാമന്റെ ഭാര്യയായിരുന്നു, അവർ ഭക്തി പ്രകടിപ്പിച്ചു, 14 വർഷം വനവാസത്തിൽ ഭർത്താവിനൊപ്പം ജീവിക്കാൻ സമ്മതിച്ചു. പോരാളിയായിരുന്നുവെങ്കിൽ അവർ രാവണനോട് നേരിട്ട് പോരാടുമായിരുന്നു. എങ്ങനെയാണ് രാവണന് സീതയെ എളുപ്പത്തിൽ തട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞത്?’, മുകേഷ് ഖന്ന ചോദിച്ചു.
രാമായണത്തിന്റെ മറ്റ് വകഭേദങ്ങളിൽനിന്നാണ് സീതയുടെ ആക്ഷൻ രംഗത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്ന നിർമാതാവ് നമിത് മൽഹോത്രയുടെ വിശദീകരണത്തെയും മുകേഷ് ഖന്ന തള്ളി. വാൽമീകി മഹർഷി എഴുതിയ ഒരു രാമായണം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു മതഗ്രന്ഥങ്ങളിൽ നടത്താത്ത ഇത്തരം പരീക്ഷണങ്ങൾ ഹിന്ദു പുരാണങ്ങളിൽ നടത്താൻ എങ്ങനെ ധൈര്യം വരുന്നുവെന്നും അദ്ദേഹം ചോദിച്ചു.4,000 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രത്തിന്റെ മുടക്കുമുതൽ തിരിച്ചുപിടിക്കാൻ പുരാണങ്ങളിൽ വെള്ളം ചേർക്കരുതെന്ന് മുകേഷ് ഖന്ന പറഞ്ഞു.
താൻ സിനിമ കണ്ടിട്ടില്ല. പ്രൊമോഷണൽ മെറ്റീരിയലുകളും പ്രേക്ഷകരുടെ പ്രതികരണങ്ങളും അടിസ്ഥാനമാക്കിയാണ് തന്റെ വിമർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിട്ട ചിത്രം നവംബർ അഞ്ചിന് ദീപാവലി റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028-ൽ പുറത്തിറങ്ങും.
Tags : mukesh khanna Sai Pallavi Ramayana Criticism movie hollywood