ചിത്രത്തിന്റെ പുതിയ പോസ്റ്റർ
ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' ആദ്യ ഭാഗം നവംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും. "യേ റാം കെ യുഗ് കാ ആരംഭ് ഹൈ" എന്ന സന്ദേശത്തോടെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, ഈ ദസറ മുതൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ്. ഒഫിഷ്യൽ റിലീസ് ഡേറ്റ് പോസ്റ്റർ ഇതിനോടകം തന്നെ ചലച്ചിത്ര ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമിക്കുന്ന പാൻ-ഇന്ത്യൻ സൂപ്പർ താരം 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. മുമ്പ് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്.
'ദംഗൽ' എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ റെക്കോർഡുകൾ തീർത്ത പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഓസ്കർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി സ്റ്റുഡിയോയാണ് ചിത്രത്തിലെ വിഎഫ്എക്സ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.
രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമാതാവ് നമിത് മൽഹോത്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
Tags : Ramayana NiteshTiwari SaiPallavi Yash