National
ഹൈദരാബാദ്: മുഖ്യമന്ത്രിയെ വനംമന്ത്രിയുടെ മകൾ വിമർശിച്ചതിനു പിന്നാലെ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രിയുടെ പകരംവീട്ടൽ. തെലുങ്കാന വനംമന്ത്രി കെ.സുരേഖയ്ക്കാണു മകൾ സുഷ്മിതയുടെ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായത്.
തെലുങ്കാന കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ സുഷ്മിത നോട്ടമിട്ട സീറ്റ് ഉറ്റ അനുയായിക്കായി ഉറപ്പിച്ചുനിർത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും പ്രശ്നങ്ങൾ ആളിക്കത്തിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മറ്റു കോണ്ഗ്രസ് നേതാക്കള്ക്കുമെതിരേ ഒരു പൊതുപരിപാടിയിൽ സുരേഖയുടെ മകള് വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വനം-പരിസ്ഥിതി മന്ത്രിയായ സുരേഖയെ ഒഴിവാക്കണമെന്ന ശിപാര്ശ മുഖ്യമന്ത്രി ഗവര്ണര്ക്ക് അയച്ചു.
പര്കല് മണ്ഡലത്തില്നിന്ന് സിറ്റിംഗ് എംഎല്എ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യര്ഥനയെ ഉൾപ്പടെയാണ് സുഷ്മിത വിമർശിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് ഇവിടെ ജനവിധി തേടാന് സുഷ്മിതയ്ക്ക് താല്പര്യമുണ്ടെന്നാണ് വിവരം.
ഈ പശ്ചാത്തലത്തിലാണ് 74കാരനായ പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനു സുഷ്മിത മറുപടി പറഞ്ഞതോടെ അമ്മ സുരേഖയ്ക്കു മന്ത്രിക്കസേര നഷ്ടമായെന്നുമാത്രം.
Kerala
ന്യൂയോർക്ക്: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. തെലുങ്കാന രംഗറെഡ്ഡി സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ദീപ റെഡ്ഡി ആണ് ന്യൂജേഴ്സിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ദീപ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
2008 മുതൽ ഭർത്താവ് രാമകൃഷ്ണ റെഡ്ഡിയുമൊത്ത് ദീപ യുഎസിലാണ് താമസിച്ച് വരുന്നത്. സോഫ്റ്റ്വെയർ എൻജിനീയർമാരായ ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം മക്കളെ ഉൾപ്പെടെ ആറു പേരെ വകവരുത്തിയ സംഭവത്തിലെ പ്രതി പി.രാജ്കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി.
രംഗറെഡ്ഡി ജില്ലയിലെ കോത്തൂരിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു രാജ്കുമാറാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിനു സമീപം കീടനാശിനി കുപ്പിയും ഉണ്ടായിരുന്നു. പ്രതി ജീവനൊടുക്കിയതാകാമെന്നു കേസ് അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര് തരുണ് ജോഷി അറിയിച്ചു.
ഭാര്യ പാര്വതി, നാലു വയസുള്ള മകൻ, 18 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെയും പരാതി നൽകിയ പെൺകുട്ടിയെയും അവരുടെ അമ്മ, മുത്തശി എന്നിവരെയുമാണ് രാജ്കുമാർ വെള്ളിയാഴ്ച രാത്രി കൊലപ്പെടുത്തിയത്.
National
ഹൈദരാബാദ്: തെലങ്കാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ചെന്നുരു സ്വദേശിയായ ജിറ്റാബോയിനയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ബസ് സ്റ്റാൻഡിലെത്തിയ യുവാവ് തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസാണ് തട്ടിയെടുത്തത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോയ ബസ് ജീവനക്കാർ താക്കോൽ ഊരിയെടുക്കാൻ മറന്നുപോയിരുന്നു. ബസിൽ താക്കോൽ കിടക്കുന്നത് കണ്ട ഇയാൾ ബസുമായി കടന്നു കളയുകയായിരുന്നു. സൂര്യപേട്ടയിലേക്കാണ് പ്രതി ബസ് ഓടിച്ച് പോയത്. 21 കിലോമീറ്ററോളം ഇയാൾ ബസ് ഓടിച്ചെന്നും വാഹനം സിംഗരാജുപള്ളി ടോൾ ഗേറ്റിൽ എത്തിയപ്പോൾ ഇടിച്ച് നിൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അസ്വാഭാവികമായി ബസ് കണ്ട ടോൾഗേറ്റ് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബസ് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മുതിർന്ന മാവോയിസ്റ്റ് നേതാവും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവുമായ വിശ്വനാഥ് എന്നറിയപ്പെടുന്ന പശുനുറി നരഹരിയും (64) ഭാര്യ ലത എന്നറിയപ്പെടുന്ന മേദാര ദാനമ്മയും തെലുങ്കാന ഡിജിപി മുന്പാകെ കീഴടങ്ങി. നരഹരി സംഘടനയുടെ ബിഹാർ-ജാർഖണ്ഡ് സ്പെഷൽ ഏരിയ കമ്മിറ്റി അംഗമാണ്.
ഇരുവരും ഡെങ്കിപ്പനിയും മലേറിയ ബാധയും മൂലം ശാരീരികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പത്തു ദിവസമായി പോലീസിന്റെ മേൽനോട്ടത്തിൽ ചികിത്സ നൽകിവരികയാണ്. 1982 ലാണ് നരഹരി നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായത്. മൈനുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ ഇയാൾ ഏറെ വിദഗ്ധനായിരുന്നു. 2024 നുശേഷം ഇതുവരെ 822 മാവോയിസ്റ്റുകൾ പോലീസിനുമുന്പാകെ കീഴടങ്ങിയെന്ന് തെലുങ്കാന ഡിജിപി സി.വി. ആനന്ദ് അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ഈ വേനൽക്കാലത്ത് ഉഷ്ണതരംഗം മൂലം 16 പേർ മരിച്ചതായി റവന്യു മന്ത്രി പി. ശ്രീനിവാസ് റെഡ്ഢി അറിയിച്ചു.
ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ഇന്നലെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഏഴു ജില്ലകളിലാണ് 16 പേർ മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു മന്ത്രി അറിയിച്ചു.
National
ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ ജഡ്ചേർലയിൽ നടന്ന ദാരുണ സംഭവത്തിൽ വൈ. വൈഷ്ണവി (21) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈഷ്ണവിയെ പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. ആൾക്കൂട്ട മർദനത്തിൽ മാരകമായി പരിക്കേറ്റ പ്രതിയെ പിന്നീട് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.
പ്രതിയായ യുവാവും കൊല്ലപ്പെട്ട യുവതിയും നേരത്തേ ഒരേസ്കൂളിൽ ജോലിചെയ്തിരുന്നവരാണെന്ന് വിവരങ്ങളുണ്ട്. രണ്ട് സംഭവങ്ങളിലും ജഡ്ചേർല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് കൂടുതൽവിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഹയബൂസ ബൈക്ക് കാറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഡൽഹിയിലെ മഹബൂബ് നഗർ മേഖലയിലെ പാലകൊണ്ട ബൈപാസ് റോഡിലാണ് സംഭവം.
രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്. അപകടസമയം ബൈക്ക് 140 കിലോ മീറ്റർ വേഗതയിലായിരുന്നു. ആർഷിയ ബീഗം (30), ഉജേപ (ഏഴ്), അമർ (രണ്ട്) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിച്ചു. യാക്കൂബ് അഫ്സൽ (25) ആണ് മരിച്ച ഒരു ബൈക്ക് യാത്രികൻ. രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല.
National
വാറങ്കൽ: വികസനത്തിന്റെ പേരിൽ ചരിത്രസ്മാരകങ്ങൾ തകർക്കുന്നതിനെതിരെ തെലങ്കാനയിൽ വൻ പ്രതിഷേധം. വറങ്കൽ ജില്ലയിലെ ഖാനാപുർ മണ്ഡലിലുള്ള അശോക് നഗർ ഗ്രാമത്തിലാണ് എണ്ണൂറ് വർഷത്തോളം പഴക്കമുള്ള പുരാതന ശിവക്ഷേത്രം അധികൃതർ പൊളിച്ചുനീക്കിയത്. ഒരു സംയോജിത സ്കൂൾ പ്രോജക്ടിന്റെ ഭാഗമായുള്ള ഭൂമി നിരപ്പാക്കൽ ജോലികൾക്കിടെയാണ് ക്ഷേത്രം തകർത്തത്.
പ്രസിദ്ധമായ കാകതീയ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഗണപതി ദേവന്റെ കാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു മൺകോട്ടയ്ക്കുള്ളിലായിരുന്നു ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പ്രദേശത്തെ ചരിത്രപരമായ പൈതൃകത്തിന്റെ പ്രധാന അടയാളമായിരുന്ന ഈ ക്ഷേത്രം യാതൊരു മുന്നറിയിപ്പുമില്ലാതെ തകർത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ പുരാതന നിർമിതികൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ പിഴവാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ചരിത്രരേഖകളിൽ ഇടംപിടിച്ച മൺകോട്ടയ്ക്കുള്ളിലെ ഈ ശിവക്ഷേത്രം തകർത്തത് പ്രദേശവാസികളുടെ വൈകാരികമായ വിശ്വാസങ്ങളെയും ബാധിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ പൈതൃക സംരക്ഷണ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്നും, കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് ഗ്രാമവാസികളുടെ ആവശ്യം.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മേദക്കിൽ നവജാത ശിശുവിനെ കുട്ടികളില്ലാത്ത ദന്പതികൾക്കു വിറ്റ കേസിൽ സ്വകാര്യാശുപത്രി നഴ്സ് ഉൾപ്പെടെ നാലുപേർ പിടിയിൽ. പ്രവസത്തിനു പിന്നാലെ കുഞ്ഞുമരിച്ചുവെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഒന്നരലക്ഷം രൂപയുടെ ഇടപാട്.
ഏതാനുംമാസം മുന്പ് ഭർത്താവുമൊത്ത് ഹൈദരാബാദിൽനിന്ന് മേദക്കിലെ വീട്ടിലേക്കു യാത്രചെയ്യുന്നതിനിടെ യുവതി അപകടത്തിൽപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത് ഏഴുമാസം ഗർഭിണിയായിരുന്നു ഇവർ. ബസ് സ്റ്റോപ്പിൽ ലഘുഭക്ഷണം കഴിക്കുന്നതിനിടെ കുരങ്ങുകൾ ആക്രമിച്ചതോടെ ഇവർ നിലത്തുവീഴുകയായിരുന്നു.
രക്തസ്രാവം ഉണ്ടായതോടെ സ്വകാര്യാശുപത്രിയിലേക്ക് ഇവരെ മാറ്റി. കഴിഞ്ഞമാസം 13ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ കുഞ്ഞു മരിച്ചുവെന്ന് യുവതിയോട് നഴ്സ് പറയുകയായിരുന്നു. യുവതി ഏതാനുംദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു.
തുടർസന്ദർശനത്തിന് എത്തിയപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്ന സൂചനകൾ യുവതിക്കു ലഭിച്ചത്. ഇതോടെ ഇവർ പോലീസിനെ സമീപിച്ചു.1.5 ലക്ഷംരൂപ വാങ്ങി സിദ്ദിപെട്ട് ജില്ലയിൽനിന്നുള്ള ദന്പതികൾക്കു നഴ്സ് കുട്ടിയെ കൈമാറിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പതിനായിരം രൂപ ഇടനിലക്കാരനു നൽകി അവശേഷിച്ച തുക നഴ്സ് സ്വന്തമാക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ പോലീസ് സംഘം അമ്മയ്ക്കു തിരിച്ചുനൽകുകയായിരുന്നു. തുടർന്ന് നഴ്സിനെയും ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങിയ ദന്പതികളെയും അറസ്റ്റ്ചെയ്തു.
സംഭവത്തിൽ ആശുപത്രിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
National
കാമറെഡ്ഡി: സ്വന്തം പ്രണയബന്ധത്തിന് തടസമാകുമെന്ന് ഭയന്ന് അഞ്ചുവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ശ്രാവൺ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ലക്ഷ്മി, കാമുകൻ നരസിംലു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ലക്ഷ്മി, എട്ടു വയസ്സുള്ള മകൾക്കും അഞ്ച് വയസ്സുള്ള ശ്രാവണിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് ഇവർ നരസിംലുവുമായി പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തത്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മകൻ തങ്ങളുടെ ഭാവി ജീവിതത്തിന് തടസമാകുമെന്ന് ഇരുവരും കരുതിയിരുന്നതായും കുട്ടിയെ ഒഴിവാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം ലക്ഷ്മി വീട്ടിലില്ലാതിരുന്ന സമയത്താണ് നരസിംലു വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയുടെ കണ്ണിൽ കുരുമുളക് പൊടി എറിഞ്ഞ ശേഷം വടികൊണ്ട് തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് ടൗൺ സർക്കിൾ ഇൻസ്പെക്ടർ നരഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ലക്ഷ്മിയെയും നരസിംലുവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
National
ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങൾക്ക് ആറ് പേജുള്ള കത്തിലൂടെ മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. കേരളത്തിന്റെ ഭരണനേട്ടങ്ങൾ പഴയ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തെലങ്കാനയിലെ പുതിയ ഭരണമാറ്റത്തിന് ശേഷമുള്ള പുരോഗതി പിണറായി വിജയൻ കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. കത്തിന്റെ അവസാനം തന്റെ പ്രശസ്തമായ "നീ പോ മോനേ വിജയാ' എന്ന ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
പിണറായി വിജയൻ ഉദ്ധരിച്ച കണക്കുകൾ നിതി ആയോഗിന്റെ 2023-24 വർഷത്തെ റിപ്പോർട്ടിലാണെന്നും അത് തെലങ്കാനയിൽ പുതിയ സർക്കാർ വരുന്നതിന് മുൻപുള്ള കാലയളവിനെയാണ് സൂചിപ്പിക്കുന്നതെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 28 മാസത്തിനിടെ തെലങ്കാന കൈവരിച്ച 10.1 ശതമാനം ജിഎസ്ഡിപി വളർച്ചയും 3.79 ലക്ഷം രൂപയുടെ പ്രതിശീർഷ വരുമാനവും ഇതിന് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ സാക്ഷരതയും വികസനവും മുൻപ് ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെയും പ്രവാസികളുടെയും കൂടി സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷണത്തിലെ പുരോഗതിയില്ലായ്മയെക്കുറിച്ചും രേവന്ത് റെഡ്ഡി കത്തിൽ പരാമർശിച്ചു. കേരളത്തിൽ ശമ്പളവും പെൻഷനും വൈകുന്നില്ലെന്ന അവകാശവാദം തെറ്റാണെന്നും എന്നാൽ തെലങ്കാനയിൽ കൃത്യസമയത്ത് ഇത് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിലെ യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം, വ്യവസായ വളർച്ചയിലെ കുറവ് എന്നിവ എൽഡിഎഫ് സർക്കാർ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
National
തെലങ്കാന: ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തെലങ്കാനയിലെ ഹനംകൊണ്ടയിൽ നടന്ന സംഭവത്തിൽ മുഹമ്മദ് അസറുദ്ദീനാണ് പിടിയിലായത്.
ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്നാമതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരയും നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് മുഹമ്മദ് അസറുദ്ദീൻ മൊഴി നൽകി.
കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ ഫർഹാതിനെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.
National
ഹൈദരബാദ്: തെലങ്കാനയില് 130 മാവോയിസ്റ്റുകള് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മുന്നില് ആയുധങ്ങളുമായി കീഴടങ്ങി. മുന് മുതിര്ന്ന മാവോയിസ്റ്റ് നേതാവ് തിപ്പിരി തിരുപ്പതിയുമായി ബന്ധമുള്ള പീപ്പിള്സ് ലിബറേഷന് ഗറില്ല ആര്മി അംഗങ്ങള് ഉള്പ്പെടെ 130 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇതില് നാലുപേര് തെലങ്കാനയില് നിന്നുള്ളവരും 125 പേര് ഛത്തീസ്ഗഡില് നിന്നുള്ളവരുമാണ്.
ദിവസങ്ങള്ക്ക് മുമ്പ് സിപിഐ പൊളിറ്റ് ബ്യൂറോ അംഗം തിപ്പിരി തിരുപ്പതിയും സെന്ട്രല് കമ്മിറ്റി അംഗം മല്ല രാജി റെഡ്ഡിയും തെലങ്കാന ഡിജിപി ബി. ശിവധര് റെഡ്ഡിക്ക് മുന്നില് കീഴടങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് കൂടുതല് പേര് ആയുധം വച്ചു കീഴടങ്ങിയത്. പോലീസിന് കൈമാറിയ 266 അത്യാധുനിക ആയുധങ്ങള് മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുകയും ചെയ്തു.
റൈഫിളുകള്, എകെ-47 തോക്കുകള്, അമേരിക്കന് നിര്മിത കാര്ബൈനുകള്, 9 എംഎം പിസ്റ്റളുകള്, ഗ്രനേഡ് ലോഞ്ചറുകള്, സ്റ്റണ് ഗണ്ണുകള്, ബിജിഎല്ലുകള് തുടങ്ങിയവ കൈമാറിയ ആയുധങ്ങളില്പ്പെടുന്നു.
ആയുധം വച്ചു കീഴടങ്ങുന്നവര്ക്ക് സമൂഹത്തില് മാന്യമായ ജീവിതം നയിക്കുന്നതിനായി പ്രത്യേക പുനരധിവാസ പാക്കേജുകള് ലഭ്യമാക്കുമെന്ന് സര്ക്കാര് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
National
ന്യൂഡൽഹി: സംസ്ഥാനത്തിന് കൂടുതൽ ഐപിഎസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബുധനാഴ്ചയായിരുന്നു സന്ദർശനം.
യോഗത്തിൽ, തെലങ്കാനയുടെ പോലീസ് ആവശ്യങ്ങൾ ഗണ്യമായി വർദ്ധിച്ചുവെന്നും ശക്തമായ ഐപിഎസ് കേഡർ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ കേഡർ അവലോകനം 2016 ൽ നടത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 ൽ നടക്കേണ്ടിയിരുന്ന അടുത്ത അവലോകനം വൈകി, 2025 ൽ അത് പൂർത്തിയായി. ഏഴ് അധിക ഐപിഎസ് ഉദ്യോഗസ്ഥരെ മാത്രമേ അനുവദിച്ചുള്ളുവെന്നും അദ്ദേഹം അമിത് ഷായെ ഓർമിപ്പിച്ചു.
തെലങ്കാനയിൽ അനുവദനീയമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലുള്ള 83 ൽ നിന്ന് 105 ആയി ഉയർത്തണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നിശ്ചയിച്ചതുപോലെ മൂന്നാമത്തെ കേഡർ അവലോകനം കാലതാമസമില്ലാതെ നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തെലങ്കാനയിലും സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ തുടങ്ങിയ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈദരാബാദ്, സൈബരാബാദ്, മൽക്കാജ്ഗിരി പോലീസ് കമ്മീഷണറേറ്റുകളുടെ പുനഃസംഘടന, ഫ്യൂച്ചർ സിറ്റി കമ്മീഷണറേറ്റ്, ഹൈദരാബാദിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവ മൂലമുള്ള ഭരണപരമായ സമ്മർദ്ദം വർദ്ധിച്ചുവരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.
മാവോയിസ്റ്റ് കീഴടങ്ങലുകളും പുനരധിവാസവും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസിംഗ് ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഈ കാലയളവിൽ 591 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെലങ്കാനയിലെ പിന്നോക്ക പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി രേവന്ത് റെഡ്ഡി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം തേടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. ശേഷാദ്രി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ബി. ശിവധർ റെഡ്ഡി, ഇന്റലിജൻസ് അഡീഷണൽ ഡിജിപി വിജയ് കുമാർ, എസ്ഐബി ഐജിപി ബി. സുമതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
National
ഹൈദരബാദ്: തെലുങ്കാനയില് സര്ക്കാര് ആശുപത്രിയില് സൂക്ഷിച്ചിരുന്ന മൃതദേഹം നായ കടിച്ചുകീറി. മഹാബൂബ്നഗര് ജില്ലയിലെ ജഡ്ചര്ല സര്ക്കാര് ആശുപത്രിയിലാണ് സംഭവം.
കായലില് മരിച്ച നിലയില് കണ്ടെത്തിയ പുരുഷന്റെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്ട്ടം നടപടികളുടെ ഭാഗമായാണ് മോര്ച്ചറിയില് സൂക്ഷിച്ചത്. പിന്നീട് പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി ജീവനക്കാര് എത്തിയപ്പോഴാണു മൃതദേഹം നായ കടിച്ചുകീറിയ നിലയില് കണ്ടത്. നായയെ ജീവനക്കാര് ഓടിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് ചര്ച്ചായതോടെയാണ് സംഭവം വിവാദമായത്.
വിഷയം പ്രതിപക്ഷ കക്ഷികള് ഏറ്റെടുത്തതോടെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന ആരോഗ്യമന്ത്രി സി. ദാമോദര് രാജാ നരസിംഹ ഉത്തരവിട്ടു. ആശൂപത്രി ആര്എംഒ ഉള്പ്പടെ നാലു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു.
അതേസമയം, മോര്ച്ചറിയില് ഫ്രീസര് സംവിധാനം ഉള്പ്പെടെയുള്ളവ പ്രവര്ത്തിക്കുന്നില്ലെന്ന് സ്ഥലത്തെത്തിയ പോലീസ് പറഞ്ഞു. മൃതദേഹങ്ങള് അഴുകിയ നിലയിലാണെന്നും പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില് കണ്ടെത്തി. 30 കിടക്കകളുള്ള ജഡ്ചര്ലയിലെ സര്ക്കാര് ആശുപത്രി അടുത്തിടെയാണു നവീകരിച്ചത്.
National
ഹൈദരാബാദ്: തെലുങ്കാന മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്വല വിജയം. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴു കോർപറേഷനുകളിലേക്കും ഏഴു നഗരസഭകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ 2582 വാർഡുകളിൽ കോൺഗ്രസ് 1300ലേറെ വാർഡുകളിൽ വിജയിച്ചു. ബിആർഎസ് 700ഉം ബിജെപി 275ഉം വാർഡുകളിൽ വിജയിച്ചു.
ഏഴു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു. കോതഗുഡം കോർപറേഷനിൽ കോൺഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. കരിംനഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. നാൽപ്പതോളം മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
കോൺഗ്രസ് 83 മുനിസിപ്പാലിറ്റികളിലും അഞ്ചു കോർപറേഷനുകളിലും ഭരണം പിടിച്ചെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക അവകാശപ്പെട്ടു. ബിആർഎസ് പതിനഞ്ചിലേറെ മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചെന്നും പതിനഞ്ചോളം മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റക്കക്ഷിയായെന്നും ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു അവകാശപ്പെട്ടു.
കരിംനഗർ കോർപറേഷനിൽ ബിജെപിയാണു വലിയ ഒറ്റക്കക്ഷി. നാലു കോർപറേഷനുകളിലെ 22 വാർഡുകളിലും 15 മുനിസിപ്പാലിറ്റികളിലെ 40 വാർഡുകളിലും എഐഎംഐഎം വിജയിച്ചു.
തങ്ങളുടെ പരന്പരാഗത ശക്തികേന്ദ്രമായ കോത്തഗുഡത്ത് സിപിഐ 22 സീറ്റ് നേടി കരുത്ത് തെളിയിച്ചു. കോർപറേഷനിൽ ആകെ 60 സീറ്റാണുള്ളത്. കോത്തഗുഡം എംഎൽഎയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കെ. സാംബശിവ റാവുവാണ് പ്രചാരണം നയിച്ചത്. കോൺഗ്രസിനും 22 സീറ്റുണ്ട്. ബിആർഎസ് എട്ടിടത്തു വിജയിച്ചു. സിപിഎം, ബിജെപി പാർട്ടികൾ ഓരോ സീറ്റ് നേടി. ആറിടത്ത് സ്വതന്ത്രർ വിജയിച്ചു. സിപിഐക്ക് പിന്തുണയുമായി ബിആർഎസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കോതഗുഡം കോർപറേഷനാക്കി ഉയർത്തിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. 116 മുനിസിപ്പാലിറ്റികളിലും ഏഴു കോർപറേഷനുകളിലുമാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുക. 52 ലക്ഷം വോട്ടർമാരാണു വിധിയെഴുത്ത് നടത്തുക. വെള്ളിയാഴ്ച വോട്ടെണ്ണും.
13,000 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഡിസംബറിൽ നടന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗംഭീര വിജയം നേടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ട ബിആർഎസ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.
വിജയം ആവർത്തിക്കാമെന്നാണു കോൺഗ്രസിന്റെ വിശ്വാസം. മികച്ച വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.
Kerala
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്കൂളിലെ ഉച്ചഭക്ഷണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 22 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ചോറും സാമ്പാറും കഴിച്ച കുട്ടികൾക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരുടെയും നില ഗുരുതരമല്ലെന്നും ഉടൻ തന്നെ ആശുപത്രി വിടാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും രോഗകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർനൂൽ ജില്ലയിൽ 100 തെരുവ് നായ്ക്കളെക്കൂടി കൊന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ഡിസംബർ മുതൽ തെലുങ്കാനയിൽ നിരവധി തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതുവരെ കൊന്നൊടുക്കിയ നായ്ക്കളുടെ എണ്ണം 1,200 ആയതായും മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു.
ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് സർപഞ്ചിന്റെ മകൻ ഉൾപ്പെടെ മൂന്നു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
തിമ്മൈപ്പള്ളി ഗ്രാമത്തിൽ നായ്ക്കളെ കൊല്ലുന്നവർക്ക് 18,000 രൂപ നൽകിയതായും വിഷം കൊടുത്താണ് നായ്ക്കളെ കൊന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
100 തെരുവ് നായ്ക്കളെ കൊന്ന് ഗ്രാമത്തിൽനിന്നും രണ്ടു കിലോമീറ്റർ അകലെ കുഴിച്ചിട്ടതായും മൃഗസംരക്ഷണ പ്രവർത്തകയായ പ്രീതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതു തുടരുന്നു. ജഗ്തിയാൽ ജില്ലയിലെ പെഗാഡ കഴിഞ്ഞ ദിവസം 300 തെരുവുനായ്ക്കളെ വിഷം കുത്തിവച്ചു കൊന്നു.
സർപഞ്ചുമാരുടെ നേതൃത്വത്തിലാണ് നായ്ക്കളെ കൊല്ലുന്നത്. ഈ മാസം തെലുങ്കാനയിൽ വിവിധ ജില്ലകളിലായി 900 തെരുവുനായ്ക്കളെ കൊന്നു.
മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചു കൊന്നു. സംഭവത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.
കുറഞ്ഞത് കുറഞ്ഞത് 500 നായ്ക്കളെ കൊന്നതായാണ് വിവരം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കാന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്നാണ് സൂചന.
ഡിസംബര് അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്, തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്നു സ്ഥാനാർഥികളായവര് വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന് വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില് കുഴിച്ചിടുകയായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര് ജഡങ്ങൾ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്ഥ കാരണം കണ്ടെത്താന് സാമ്പിളുകള് ഫോറന്സിക് സയന്സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ചു മൃഗക്ഷേമ പ്രവര്ത്തകന് അടുലപുരം ഗൗതം മച്ചാറെഡ്ഡി പോലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില് താന് അന്വേഷിച്ചപ്പോള് തെരുവുനായ്ക്കളുടെ ശരീരങ്ങള് വലിച്ചെറിഞ്ഞ നിലയില് കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില് പറയുന്നു. ഈ പരാതിയിലാണ് പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തത്.
.
Kerala
തിരുവനന്തപുരം: ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ പരീക്ഷിച്ച വിജയമാതൃകകൾ നടപ്പാക്കാൻ കോണ്ഗ്രസ്.
നാലിനും അഞ്ചിനുമായി വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന "ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ്- 2026' ൽ ഭരണം പിടിച്ച ഇരു സംസ്ഥാനങ്ങളിലും പരീക്ഷിച്ച ത്രീ ടയർ വിജയമാതൃക കേരളത്തിൽ നടപ്പാക്കുന്നതു ചർച്ച ചെയ്തു നടപ്പാക്കുന്നതാണ് പ്രധാന അജൻഡ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലേയും സ്ഥാനാർഥികളുടെ പ്രാഥമിക അനൗദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. ഇവർ അതതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമാകാനുള്ള നിർദേശവുമുണ്ടാകും. ഘടകകക്ഷികൾ മത്സരിച്ചാൽ ജയസാധ്യത കുറവുള്ള സീറ്റുകൾ കോണ്ഗ്രസ് ഏറ്റെടുത്ത് വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തുന്നതും ചർച്ചയിലെത്തും. ഉച്ചകോടിയിൽ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും ഘടകകക്ഷി നേതാക്കളുമായി സീറ്റ് വച്ചുമാറുന്നത് യുഡിഎഫ് ചെയർമാനും കണ്വീനറും കെപിസിസി പ്രസിഡന്റും അടക്കമുള്ളവർ വരുംദിവസങ്ങളിൽ ചർച്ച നടത്തുക.
ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന
പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വിഭാഗീയതയും കാലുവാരലും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനാണ് ത്രിതല സംവിധാനത്തിൽ പ്രഥമ പരിഗണന. കോണ്ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കണ്ടെത്തി എഐസിസി നിർദേശിക്കുന്ന നേതാക്കളുടെ സഹായത്തോടെ ചർച്ച ചെയ്തു പരിഹരിക്കുകയാണ് പ്രധാനം. ഇതിനായി ദേശീയ നേതൃത്വം നിർദേശിക്കുന്ന നിരീക്ഷകർ ജില്ലാ, നിയോജകമണ്ഡലം, ബ്ലോക്ക് തലങ്ങളിലെത്തി പ്രശ്ങ്ങൾ പഠിച്ചു പരിഹാര മാർഗം നിർദേശിക്കും. ജില്ലാ തലത്തിൽ തീർക്കാനാകാത്ത പ്രശ്നങ്ങൾ കെപിസിസി നേതൃത്വത്തെ ഇടപെടുത്തി പരിഹരിക്കും. ഏകപക്ഷീയ നിലപാടുകളോ തീരുമാനങ്ങളോ പ്രാദേശികമായി അടിച്ചേൽപ്പിക്കില്ല.
എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിഭാഗീയ, അച്ചടക്കലംഘന നടപടികളുടെ ഭാഗമായി കോണ്ഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്നണി സ്ഥാനാർഥികളെ രഹസ്യമായി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നവർക്കെതിരേ പ്രാദേശിക വികാരംകൂടി കണക്കിലെടുത്താകും അച്ചടക്ക നടപടി വോണോ വേണ്ടയോ എന്നു തീരുമാനിക്കുക. പ്രാദേശിക വികാരം ഇവർക്ക് അനുകൂലമെങ്കിൽ നടപടി വരില്ല.
പ്രാദേശിക തലത്തിലെ പ്രവർത്തകരെ ഉണർത്താൻ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തലത്തിൽ തെരഞ്ഞെടുപ്പു ഫണ്ട് ശേഖരണവുമുണ്ടാകും. ഇതിലൂടെ സമാഹരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം പ്രാദേശികമായ പ്രവർത്തനത്തിനായി ഉപയോഗിക്കും.
യുഡിഎഫ് മത്സരിക്കുന്ന 140 നിയോജക മണ്ഡലങ്ങളെയും എബിസി എന്നീ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതിൽ തികഞ്ഞ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് ആദ്യവിഭാഗത്തിൽ പെടുന്നത്. ഒത്തൊരുമിച്ചു പിടിച്ചാൽ വിജയിക്കാൻ കഴിയാവുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽ. ഒട്ടും വിജയസാധ്യതയില്ലാത്തവയാണ് സി വിഭാഗത്തിലുള്ളത്. രണ്ടും മൂന്നും വിഭാഗത്തിലെ മണ്ഡലങ്ങളെ വിജയ സാധ്യതയിലേക്ക് മാറ്റാൻ ജനസന്പർക്ക പരിപാടികൾ അടക്കം സംഘടിപ്പിക്കും.
നിയമസഭാ തെരഞ്ഞെടുപ്പു വരെ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രചാരണ പ്രവർത്തനങ്ങളും സജീവമാക്കും. സർക്കാരിനെതിരേയുള്ള വികാരം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾ, വികസന മുരടിപ്പും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിലക്കയറ്റവും നികുതിവർധനകളും മറ്റും ജനങ്ങൾക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ ചാർജ് വർധന ഇരുട്ടടികളും ഇവിടെ ചർച്ചയാക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കം നൽകാത്തതും ശന്പള പരിഷ്കരണം നടപ്പാക്കാത്തതും പ്രചാരണവിഷയമാകും.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ആദ്യം കാസർഗോഡുനിന്ന് ആരംഭിക്കും. ജാഥയിലേക്ക് വേണ്ട കോണ്ഗ്രസ് നേതാക്കളുടെ പേരുകളും നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടവരുടെ പട്ടികയും ഉച്ചകോടിയിൽ തയാറാക്കും. ഓരോരുത്തർക്കും നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ആവശ്യമായ ചുമതലകൾ വീതിച്ചു നൽകും.
സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കുന്ന ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് പ്രതീക്ഷ.
National
ഹൈദരാബാദ്: തെലങ്കാനയുടെ മദ്യ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2025 ഡിസംബറിൽ നടന്നത്. സംസ്ഥാന ഖജനാവിന് 5,102 കോടി രൂപ റിക്കാർഡ് വരുമാനം നേടാനായി.
വർഷാവസാന ഉത്സവ സീസണിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ച അമിതമായ ഉപഭോഗമാണ് റിക്കാർഡ് വിൽപ്പനയിലേക്കെത്തിച്ചത്. 2025ലെ അവസാന ദിവസമായ ഡിസംബർ 31ന് മദ്യ വിൽപ്പന 352 കോടി രൂപയിലെത്തി. 30ന് രേഖപ്പെടുത്തിയ 375 കോടി രൂപയും ചേർന്ന് 48 മണിക്കൂറിനുള്ളിൽ സംസ്ഥാനം സമാഹരിച്ചത് 727 കോടിയിലധികം രൂപയാണ്.
അവധിക്കാല ആഘോഷങ്ങൾക്കൂടാതെ ഗ്രാമീണ തെലങ്കാനയിലുടനീളം നടന്ന തെരഞ്ഞെടുപ്പുകളാണ് മദ്യ ഉപഭോഗം വർധിപ്പിക്കാൻ പ്രധാന പങ്കുവഹിച്ചതെന്ന് എക്സൈസ് വകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വാറങ്കൽ, നൽഗൊണ്ട, മഹ്ബൂബ്നഗർ തുടങ്ങിയ ജില്ലകൾ ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ശരാശരിയേക്കാൾ ഉയർന്ന വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ സ്ത്രീധന തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചു കൊന്നു. വിക്രബാദ് ജില്ലയിലാണ് സംഭവം. 22കാരിയായ അനുഷ ആണ് മരിച്ചത്.
മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു പരമേഷ് കുമാറു(28)മായി അനുഷയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സ്ത്രീധനത്തിന്റെ പേരിൽ ഇരുവരും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് വഴക്കിനെ തുടർന്ന് അനുഷ മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ സമാധാന ചർച്ചയെ തുടർന്ന് അനുഷ, പരമേഷിനൊപ്പം മടങ്ങി. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി.
പരമേഷ്, അനുഷയുടെ കഴുത്തിൽ പിടിച്ചു തള്ളുന്നതും കൈയിൽ പിടിച്ചു വലിക്കുന്നതും വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ അനുഷ താക്കോൽ വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ്, മുഖത്ത് അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മര കഷണം ഉപയോഗിച്ച് അനുഷയുടെ തലയിൽ അടിച്ചു.
സംഭവം കണ്ട അയൽവാസിയായ സ്ത്രീ പരമേഷിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര പരിക്കേറ്റ അനുഷയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
സംഭവത്തിൽ അനുഷയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 66 ശതമാനം സീറ്റ് നേടിയെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മൂന്നു ഘട്ടമായി 12,702 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ 7527 സീറ്റുകൾ കോൺഗ്രസ് പിന്തുണച്ച സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് വിമതർ 808 സീറ്റുകൾ നേടി. ബിആർഎസിന് 3511 സീറ്റുകളും ബിജെപിക്ക് 710 സീറ്റുകളുമാണു കിട്ടിയത്.
ബിആർഎസും ബിജെപിയും സഖ്യത്തിലാണു മത്സരിച്ചതെന്ന് രേവന്ത് റെഡ്ഢി ആരോപിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസിൽ ചേർന്ന അഞ്ചു ബിആർഎസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതി സ്പീക്കർ ഗഡ്ഡം പ്രസാദ്കുമാർ തള്ളി. 10 ബിആർഎസ് എംഎൽഎമാരാണ് കോൺഗ്രസിൽ ചേർന്നത്.
തെല്ലം വെങ്കട്ട റാവു, ബന്ദ്ല കൃഷ്ണമോഹൻ റെഡ്ഢി, ഗുഡേം മപിപാൽ റെഡ്ഢി, ടി. പ്രകാശ് റെഡ്ഢി, അരേകാപുഡി ഗാന്ധി എന്നീ എംഎൽഎമാർക്കെതിരേയുള്ള പരാതിയാണ് സ്പീക്കർ തള്ളിയത്.
സ്പീക്കറുടെ തീരുമാനം ജനാധിപത്യത്തിലെ ക്രൂരമായ തമാശയാണെന്ന് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു പ്രതികരിച്ചു. നിയമവഴി തേടുമെന്ന് അദ്ദേഹം പറഞ്ഞു.
ബിആർഎസിന്റെ പരാതിയിൽ, കൂറുമാറിയ പത്ത് എംഎൽഎമാർക്കും സ്പീക്കർ നോട്ടീസ് അയച്ചിരുന്നു. ഇവരിൽ ഒന്പതു പേർ മറുപടി നല്കി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബിആർഎസ് പ്രവർത്തകൻ മരിച്ചു.
സൂര്യപേട്ട് ജില്ലയിലെ ലിംഗംപള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു സംഘർഷം.
തലയ്ക്കു പരിക്കേറ്റ അന്പത്തിയേഴുകാരനാണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരുമകൾ മത്സരിക്കുന്നുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
സെകന്തരാബാദിലാണ് സംഭവം. 13കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ ഒരു ലോഡ്ജിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഡിസംബർ അഞ്ചിന് സംഗറെഡ്ഡി ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടി പോലീസിനെ ബന്ധപ്പെടുകയും പോലീസ് എത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിൽ ഹൈദരാബാദിൽ റോഡ് വരുന്നു. ഹൈദരാബാദിലെ സാന്പത്തിക ജില്ലയായ നനാക്രാംഗുഡയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ബിൽഡിംഗിനു സമീപമുള്ള റോഡാണ് ഡോണൾഡ് ട്രംപ് അവന്യൂ എന്നപേരിൽ ഇനി അറിയപ്പെടുക. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ഡൽഹിയിലെ യുഎസ് എംബസിയെയും അറിയിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നഗരപ്രാന്തത്തിലെ രാവിര്യാലയിലെ നെഹ്റു ഔട്ടർ റിംഗ് റോഡിനെയും നിർദിഷ്ട റേഡിയൽ റിംഗ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന ഗ്രീൻ ഫീൽഡ് റോഡിന് അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പേരിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടാറ്റാ ഇന്റർചേഞ്ച് എന്നായിരിക്കും ഈ റോഡ് അറിയപ്പെടുക.
കൂടാതെ, ഗൂഗിൾ മാപ്സിന്റെയും ഗൂഗിൾ കോർപറേഷന്റെയും ആഗോള സ്വാധീനവും സംഭാവനയും അംഗീകരിച്ചുകൊണ്ട് ഹൈദരാബാദ് നഗരത്തിലെ ഒരു പ്രധാന ഭാഗത്തിന് ‘ഗൂഗിൾ സ്ട്രീറ്റ്’ എന്നു പേരിടും. അമേരിക്കയ്ക്കു പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ കാമ്പസായി മാറാൻ പോകുന്ന ഹൈദരാബാദിലെ സാന്പത്തിക ജില്ലയിലെ വരാനിരിക്കുന്ന കാമ്പസിലൂടെയുള്ള റോഡിനും കന്പനിയുടെ പേര് നൽകും.
ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിന്റെയും വിപ്രോയുടെയും പേരുകൾ നഗരത്തിലെ പ്രധാന രണ്ട് ജംഗ്ഷനുകൾക്ക് ഇടാനും സർക്കാർ ആലോചിക്കുന്നുണ്ട്. വിശിഷ്ട വ്യക്തികളെയും കമ്പനികളെയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി കൂടുതൽ റോഡുകൾ അവർക്കായി സമർപ്പിക്കുന്നതും സർക്കാരിന്റെ പരിഗണയിലാണ്.
Kerala
ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ നഴ്സിംഗ് വിദ്യാർഥിനിയെ അജ്ഞാതർ രാസവസ്തു ഉപയോഗിച്ച് ആക്രമിച്ചു. കാസിപേട്ട് മണ്ഡൽ പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ ഇടതുകാലിനും അരക്കെട്ടിലും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഹനംകൊണ്ടയിലെ കോളജിൽനിന്നു മുത്തശിയെ കാണാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച മൂന്ന് പേർ കുട്ടിയെ തടഞ്ഞ് നിർത്തിയതിനു ശേഷം വിഷാംശം കലർന്ന ദ്രാവകം എറിയുകയും കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ അജ്ഞാതരായ അക്രമികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. വ്യക്തിവൈരാഗ്യമാകാമെന്നാണ് സൂചന.
National
ഹൈദരാബാദ്: ബിഹാറിൽ തിരിച്ചടി നേരിട്ട കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പിൽ നേട്ടം. തെലുങ്കാനയിലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ നവീൻ യാദവ് 2,995 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.
ബിആർഎസ് സ്ഥാനാർഥി സുനിതയെയും ബിജെപി സ്ഥാനാർഥി ലങ്കാല ദീപക് റെഡ്ഡിയെയുമാണ് നവീൻ പിന്തള്ളിയത്. 58 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ബിആർഎസിന്റെ സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോപിനാഥിന്റെ ഭാര്യയാണ് സുനിത.
അതേസമയം, രാജസ്ഥാനിലെ അന്ത ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രമോദ് ജെയിൻ മുന്നിലാണ്. 5,049 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. സ്വതന്ത്ര സ്ഥാനാർഥി നരേഷ് മീണയും ബിജെപി സ്ഥാനാർഥി മോർപാൽ സുമനുമാണ് പിന്നിൽ.
National
ഹൈദരാബാദ്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപുർ പട്ടണത്തിലാണ് സംഭവം.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ യുവാവാണ് സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ ഭാര്യയെ കൊന്നത്. ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പ്രകോപിതനായ യുവാവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നു.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
National
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് യുവതി ജീവനൊടുക്കി. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്.
2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഹൈദരാബാദ് -ബീജാപുർ ദേശീയപാതയിൽ രംഗറെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ ടിപ്പര് ലോറി നിയന്ത്രണം വിട്ട് ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂര്ണമായി തകര്ന്നു. ടിപ്പര് ലോറിയിൽ കല്ലുകളുണ്ടായിരുന്നു. ഇവ യാത്രക്കാരുടെ മേൽ പതിച്ചാണ് ദുരന്തം. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.
National
ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി. കഴിഞ്ഞ ദിവസമാണ് കഴുത്തറുത്ത് രക്തം വാർന്ന് മരിച്ച നിലയിൽ 80കാരനായ സാമിനേനി രാമറാവുവിനെ കണ്ടെത്തിയത്.
മധിര നിയോജകമണ്ഡലത്തിലെ ചിന്തകാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്തർലപാടു ഗ്രാമത്തിലായിരുന്നു കൊലപാതകം. സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടുമെന്നും ശിക്ഷിക്കുമെന്നും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക പറഞ്ഞു.
ക്രമസമാധാനം പാലിക്കാനും കുറ്റവാളികളെ വേഗത്തിൽ പിടികൂടുന്നതിനും വേഗത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പോലീസിന് നിർദേശം നൽകി. രാമറാവുവിന്റെ കുടുംബത്തോട് ഉപമുഖ്യമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്ക്കുമെന്നും ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ സിപിഎം നേതാവിനെ അക്രമികൾ കുത്തിക്കൊന്നു. സാമിനേനി രാമ റാവു (70) ആണു കൊല്ലപ്പെട്ടത്.
പടാർലപാഡ് ഗ്രാമത്തിലെ സ്വന്തം വീട്ടിൽവച്ചാണ് രാമ റാവുവിനെ കുത്തിക്കൊന്നത്. ഖമ്മം പോലീസ് കമ്മീഷണർ സുനിൽ ദത്ത് ഗ്രാമത്തിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കല് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില് 10 പേര് മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പസമൈലാരം വ്യവസായികമേഖലയിലെ സിഗാച്ചി കെമിക്കല് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്ട്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില് വലിയതോതില് തീപടര്ന്നു. ആറുപേര് സംഭവസ്ഥലത്തുവെച്ചും ബാക്കിയുള്ളവര് ആശുപത്രിയില്വെച്ചും മരിച്ചെന്നാണ് വിവരം. വിവിധയിടങ്ങളില്നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്ന്നാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.