ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദങ്ങൾക്ക് ആറ് പേജുള്ള കത്തിലൂടെ മറുപടി നൽകി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. കേരളത്തിന്റെ ഭരണനേട്ടങ്ങൾ പഴയ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തെലങ്കാനയിലെ പുതിയ ഭരണമാറ്റത്തിന് ശേഷമുള്ള പുരോഗതി പിണറായി വിജയൻ കാണുന്നില്ലെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. കത്തിന്റെ അവസാനം തന്റെ പ്രശസ്തമായ "നീ പോ മോനേ വിജയാ' എന്ന ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
പിണറായി വിജയൻ ഉദ്ധരിച്ച കണക്കുകൾ നിതി ആയോഗിന്റെ 2023-24 വർഷത്തെ റിപ്പോർട്ടിലാണെന്നും അത് തെലങ്കാനയിൽ പുതിയ സർക്കാർ വരുന്നതിന് മുൻപുള്ള കാലയളവിനെയാണ് സൂചിപ്പിക്കുന്നതെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 28 മാസത്തിനിടെ തെലങ്കാന കൈവരിച്ച 10.1 ശതമാനം ജിഎസ്ഡിപി വളർച്ചയും 3.79 ലക്ഷം രൂപയുടെ പ്രതിശീർഷ വരുമാനവും ഇതിന് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ സാക്ഷരതയും വികസനവും മുൻപ് ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെയും പ്രവാസികളുടെയും കൂടി സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധത്തെക്കുറിച്ചും അന്വേഷണത്തിലെ പുരോഗതിയില്ലായ്മയെക്കുറിച്ചും രേവന്ത് റെഡ്ഡി കത്തിൽ പരാമർശിച്ചു. കേരളത്തിൽ ശമ്പളവും പെൻഷനും വൈകുന്നില്ലെന്ന അവകാശവാദം തെറ്റാണെന്നും എന്നാൽ തെലങ്കാനയിൽ കൃത്യസമയത്ത് ഇത് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിലെ യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം, വ്യവസായ വളർച്ചയിലെ കുറവ് എന്നിവ എൽഡിഎഫ് സർക്കാർ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Tags : Revanth Reddy Telangana Latest News