ഹൈദരാബാദ്: തെലുങ്കാനയിലെ മുതിർന്ന മാവോയിസ്റ്റ് നേതാവും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവുമായ വിശ്വനാഥ് എന്നറിയപ്പെടുന്ന പശുനുറി നരഹരിയും (64) ഭാര്യ ലത എന്നറിയപ്പെടുന്ന മേദാര ദാനമ്മയും തെലുങ്കാന ഡിജിപി മുന്പാകെ കീഴടങ്ങി. നരഹരി സംഘടനയുടെ ബിഹാർ-ജാർഖണ്ഡ് സ്പെഷൽ ഏരിയ കമ്മിറ്റി അംഗമാണ്.
ഇരുവരും ഡെങ്കിപ്പനിയും മലേറിയ ബാധയും മൂലം ശാരീരികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പത്തു ദിവസമായി പോലീസിന്റെ മേൽനോട്ടത്തിൽ ചികിത്സ നൽകിവരികയാണ്. 1982 ലാണ് നരഹരി നക്സൽ പ്രസ്ഥാനത്തിന്റെ ഭാഗമായത്. മൈനുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ ഇയാൾ ഏറെ വിദഗ്ധനായിരുന്നു. 2024 നുശേഷം ഇതുവരെ 822 മാവോയിസ്റ്റുകൾ പോലീസിനുമുന്പാകെ കീഴടങ്ങിയെന്ന് തെലുങ്കാന ഡിജിപി സി.വി. ആനന്ദ് അറിയിച്ചു.
Tags : Maoist leader surrenders Telangana