തെങ്ങിനു ഭീഷണിയായ വെള്ളീച്ചകളെ കണ്ടെത്തി
തെങ്ങിനു ഭീഷണിയായ വെള്ളീച്ചകളെ കണ്ടെത്തി
Thursday, December 8, 2016 4:18 PM IST
കായംകുളം: തെങ്ങിനു ദോഷകരമായി ബാധിക്കുന്ന വെള്ളീച്ചകളെ കണ്ടെത്തി. കൃഷ്ണപുരം സിപിസിആർ തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്‌ഞർ നടത്തിയ സർവേയിലാണു വെള്ളീച്ചകൾ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി കണ്ടെത്തിയത്.

തെങ്ങിൽനിന്നു നീരൂറ്റിക്കുടിക്കുന്ന വിഭാഗത്തിൽപ്പെട്ട വെളുത്തനിറത്തിലുള്ള ഈ ചെറുപ്രാണികൾ തെങ്ങോലയുടെ അടിവശത്താണു കൂട്ടമായി വസിക്കുന്നത്. വെള്ളീച്ചബാധയുള്ള തെങ്ങോലയുടെ പുറംഭാഗത്തു കറുത്തനിറത്തിലുള്ള പൂപ്പൽബാധ കൂടുതലായി കണ്ടുവന്നതു കൃഷിക്കാരിൽ ഉത്കണ്ഠ ഉണ്ടാക്കിയിരുന്നു.

വെള്ളീച്ചകൾ പുറപ്പെടുവിക്കുന്ന മധുരസ്രവം ഓലകളുടെ പ്രതലത്തിൽ ചാരപ്പൂപ്പൽ എന്നറിയപ്പെടുന്ന കറുത്തപൂപ്പൽ പാടപോലെ വളരുന്നു. എന്നാൽ, ഈ കടുത്തപാടുകളോ വെള്ളീച്ചകളോ മൂലം കാര്യമായ വിളനഷ്‌ടം ഉണ്ടാകില്ലെന്നും സിപിസിആർ തോട്ടവിള ഗവേഷണ സ്‌ഥാപനത്തിലെ ശാസ്ത്രജ്‌ഞർ വ്യക്‌തമാക്കി.

തെങ്ങോലകളിൽ മാത്രമല്ല വാഴ, കറിവേപ്പ്, പേര, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയ വിളകളിലും വെള്ളീച്ചബാധ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കണ്ടുവരുന്ന വെള്ളീച്ചകൾ ഇടവിളകളെക്കാൾ തെങ്ങോലകളിലാണു കൂടുതലായി അധിവസിക്കുന്നത്. ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്‌ഞർ കുട്ടനാട് പ്രദേശങ്ങളിൽ സർവേ നടത്തിയതിൽനിന്നും പ്രകൃതിയിൽത്തന്നെ കാണപ്പെടുന്ന മിത്രപ്രാണികളായ ‘എൻകാർഡിയ’ വിഭാഗത്തിൽപ്പെട്ട പരാദങ്ങളും ചിലന്തി, ലേഡിബേഡ് വർഗത്തിൽപ്പെട്ട ചെറുവണ്ടുകൾ തുടങ്ങിയവ വെള്ളീച്ചക്കൂട്ടങ്ങളെ നശിപ്പിക്കുന്നതായും കോളനികൾ നീക്കം ചെയ്യപ്പെട്ടതായും കാണപ്പെട്ടു.

ആവശ്യമെങ്കിൽ കറുത്ത നിറത്തിലുള്ള പാടകൾ നീക്കാൻ ഒരു ശതമാനം വീര്യത്തിൽ സ്റ്റാർച്ച് (കഞ്ഞിപ്പശ) തളിച്ചാൽ ചാരപ്പൂപ്പൽ പാളിയായി ഇളകിമാറുമെന്നു ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്‌ഞർ പറഞ്ഞു.

ആവണക്കെണ്ണയോ ഗ്രീസോ മഞ്ഞനിറത്തിലുള്ള കട്ടിക്കടലാസിൽ പുരട്ടി തെങ്ങിൻതടിയിൽ കെട്ടിവയ്ക്കുന്നതു പറന്നുനടക്കുന്ന വെള്ളീച്ചയുടെ വ്യാപനം തടയുന്നതിനു സഹായിക്കും.

0.5 ശതമാനം വീര്യത്തിൽ വേപ്പെണ്ണ സോപ്പ് മിശ്രിതം തളിച്ചാലും വെള്ളീച്ചകളെ നിയന്ത്രിക്കാൻ കഴിയുമെന്നു ശാസ്ത്രജ്‌ഞർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.