കൈയെഴുത്തു നോട്ടീസും ബാനറുമായി ഒരു വേനൽശിബിരം
Thursday, July 19, 2018 11:33 PM IST
ദുബായ്: സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തിവരുന്ന വേനൽശിബിരത്തിന്‍റെ പ്രചാരണം പതിവു കാഴ്ചകളിൽ നിന്നും വ്യത്യസ്ത പുലർത്തി.

കൗതുകം ഉണർത്തുന്ന തുണിയിൽ എഴുതിയ ബാനറും കൈയെഴുത്ത് നോട്ടീസും കേരള തനിമയും മനുഷ്യൻ പ്രകൃതിയോടിണങ്ങി ചേർന്നു ജീവിച്ച കഴിഞ്ഞകാലവും അനുസ്മരിപ്പിക്കുന്നു.

യുഎഇ സർക്കാരിന്‍റെ ആഹ്വാന പ്രകാരം രാജ്യത്തു നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധം ഉണർത്തുന്ന വിവിധ പരിപാടികളുടെ ചുവടുപിടിച്ചാണ് ഇത്തവണത്തെ വേനൽശിബിരം ഹരിതാഭമായി തുടക്കം കുറിക്കാൻ സംഘാടകർ ആലോചിച്ചത്. സാധാരണ കോട്ടണ്‍ തുണിയിൽ ജലഛായവും പശയും ചേർത്തു യുവജനപ്രസ്ഥാന പ്രവർത്തകർ ചുരുങ്ങിയ സമയം കൊണ്ട് തീർത്തതാണ് വേനൽ ശിബിരത്തിന്‍റെ ബാനർ. നോട്ടീസാകട്ടെ തികച്ചും പെൻസിലും സ്കെച്ചിപെനും ഉപയോഗിച്ച് കൈപ്പടയിൽ രചിച്ചതും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഫ്ളക്സ് ബോർഡുകൾ ഇല്ലാതെയും പ്ലാസ്റ്റിക്കിൻറെയും കടലാസിന്‍റേയും ഉപയോഗം കുറച്ചു കൊണ്ടുമുള്ള യുവജന പ്രസ്ഥാനത്തിൻറെ പ്രവർത്തനം സമൂഹത്തിനു മാതൃകയാവുകയാണ്.

ഗൾഫിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറകളിലേക്ക് പ്രവേശിച്ച മലയാളികൾക്ക് സ്വന്തം നാടിൻറെ ഓർമ്മയും ഗൃഹാതുരതയും പകരുന്നതാണ് ഓരോ വർഷത്തേയും വേനൽശിബിര കാഴ്ചകൾ. ജനിച്ചു വളർന്ന നാടിനേയും മലയാള ഭാഷയേയും അതിൻറെ പൈതൃകത്തേയും പുതുതലമുറക്ക് പകർന്നു നൽകുവാനുള്ള ഇടമായി വേനൽ ശിബിരം ഇതിനോടകം മാറിക്കഴിഞ്ഞു. പതിവു വിദ്യാലയ ശൈലികളിൽ നിന്നും വ്യത്യസ്തമായി കേരളീയ കലകളിലൂടെയും നാടൻപാട്ടുകളിലൂടെയും കളികളിലൂടെയുമാണ് യുവാക്കൾ കുട്ടികളുമായി സംവേദിക്കുന്നത്. 2004 മുതൽ തുടർച്ചയായി നടത്തിവരുന്ന വേനൽ ശിബിരം പതിനാലാം വർഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്.

യുഎഇ യുടെ സായിദ് വർഷവും ഇടവകയുടെ അൻപതാം വർഷവും പരിഗണിച്ച് സഹിഷ്ണതയും മാനവീകതയുമാണ് ഇത്തവണത്തേ വേനൽശിബിരത്തിന്‍റെ പഠനവിഷയങ്ങൾ. അസമത്വവും വർഗീയതയും നടമാടുന്ന സാമൂഹ്യ ചുറ്റുപാടിൽ ജാതിമത അതിർ വരന്പുകൾക്ക് അതീതമായി മനുഷ്യൻറെ ചുമതലകളെ ഓർമിപ്പിക്കുകയാണ് വേനൽശിബിരം.

ജൂലൈ 20 ന് (വെള്ളി) രാവിലെ കത്തീഡ്രലിൽ വിശുദ്ധ കുർബാനക്കുശേഷം 10 മുതൽ 5 വരെയാണ് വേനൽശിബിരം ക്രമീകരിച്ചിട്ടുള്ളത്. വിവിധ പ്രായത്തിലുള്ള കുട്ടികളേ തരംതിരിച്ച് അഞ്ചു മൂലകളിലായിട്ടാണ് വേനൽശിബിരം നടക്കുക. കഥകളും കവിതകളും പഠന ക്ലാസുകളും ശാസ്ത്ര പരീക്ഷണങ്ങളും ഗണിതസൂത്രകടംകഥകളും അഭിനയവും തുടങ്ങി വൈവിധ്യമാർന്ന പഠനമുറകളാണ് സംഘാടകർ വേനൽശിബിരത്തിനായി ഒരുക്കിയിരിക്കുന്നത്. സമാന്തരമായി മാതാപിതാക്കൾക്കുവേണ്ടി സെമിനാറും ക്രമീകരിച്ചിട്ടുണ്ട്. സെമിനാറിൽ യു.എ.ഇയിലേ നിയമങ്ങളും ഇന്ത്യൻ കോണ്‍സുലേറ്റ് നൽകുന്ന നിയമപരിരക്ഷയേയും പറ്റി അഡ്വ.ബിന്ദു എസ്.ചേറ്റൂരും കുട്ടികളുടെ മനഃശാസ്ത്ര സംബന്ധമായ വിഷയത്തിൽ ഡോ. ഷാജു ജോർജും ക്ലാസുകൾ നയിക്കും.

വിവരങ്ങൾക്ക് : 050 6856531

റിപ്പോർട്ട് : അനിൽ സി. ഇടിക്കുള