സൗദി സ്വദേശികളിൽ 28.1 ശതമാനത്തിലേറെ പേർക്കും യൂണിവേഴ്സിറ്റി വിദ്യാഭ്യാസ യോഗ്യത
Monday, January 15, 2018 11:01 PM IST
സൗദിയിൽ 25 വയസിനുമുകളിൽ പ്രായമുള്ള സ്വദേശികളിൽ പകുതിയിലേറെയും സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരെന്നു ജനറൽ സ്റ്റാറ്റിസ്റ്റിക് അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2017 അവസാനം വരെയുള്ള കണക്കുപ്രകാരം സ്വദേശികളിൽ 28.1 ശതമാനത്തിലേറെ പേർക്കും യൂണിവേഴ്സിറ്റി വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്നു അഥോറിറ്റി കണ്ടെത്തി. ഇതിൽ ആണ്‍കുട്ടികളാണ് സെക്കൻഡറി തലം വരെ വിദ്യഭ്യാസം നേടുന്നവരിൽ കുടുതലും.

വിവിധ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്ന പശ്ചാത്തലത്തിലാണ് സ്വദേശികളുടെ വിദ്യാഭ്യാസ യോഗ്യത ജനറൽ സ്റ്റാറ്റിസ്റ്റിക് അഥോറിറ്റി പുറത്തുവിട്ടത്.

സ്വദേശികളുടെ വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴിൽ കണ്ടത്തി നൽകുന്നതിനു വിവിധ മന്ത്രാലയങ്ങൾ വിപുലമായ പദ്ധതികളാണ് ആസുത്രണം ചെയ്തിട്ടുള്ളത്.

പഠനം പൂർത്തിയാക്കുന്ന മുറക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി സെക്കൻഡറി തലത്തിൽ തന്നെ സ്വദേശികൾക്കു വിവിധ തൊഴിലുകളിൽ പരിശീലനം നൽകിവരുന്നു. വിദേശികൾ ചെയ്യുന്ന പല തൊഴിൽ മേഘലയിലും സ്വദേശികളെ പ്രാപ്തരാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

സ്വദേശിവത്കരണ പ്രക്രിയയുടെ ഭാഗമായും മറ്റും അഞ്ചു ലക്ഷം വിദേശികൾക്ക് കഴിഞ്ഞവർഷം തൊഴിൽ നഷ്ടമായിട്ടുണ്ടെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷ്വറൻസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇതേ കാലയളവിൽ ഒന്നരലക്ഷം സ്വദേശികൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. ഈ വർഷം കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാവുമെന്നാണ് വിലയിരുത്തൽ

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം