കുവൈത്തിൽ "ഒഥല്ലോ' ചരിത്രം കുറിച്ചു
Saturday, April 21, 2018 7:17 PM IST
കുവൈത്ത്: കുവൈത്തിലെ നാടക കൂട്ടായ്മയായ കല്പക് 29-ാമത് വാർഷികത്തോടനുബന്ധിച്ചു നടത്തിയ നാടകം "ഒഥല്ലോ’ ചരിത്രമായി. അവതരണ മികവുകൊണ്ടും രംഗസജീകരണങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തിയ നാടകത്തിൽ, പ്രവാസ ജീവിതത്തിലെ പരിമിതികളിൽ നിന്നു കൊണ്ട് അഭിനയപ്രതിഭകൾ മത്സരിച്ചഭിനയിച്ചപ്പോൾ നാടകം കാണികൾക്ക് ദൃശ്യാനുഭാവമായി.

മൂന്നു മാസത്തെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് നാടകം അരങ്ങിൽ എത്തിയത്. 35 കലാകാരന്മാരും 30ൽ പരം കലാ സ്നേഹികളും മറ്റു സങ്കേതിക പ്രവർത്തകരും പ്രതിസന്ധികളെ ദൃഡനിശ്ചയം കൊണ്ടും ആത്മാർപ്പണംകൊണ്ടും ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ കുവൈത്തിലെ നാടക ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആലേഖനം ചെയ്യപ്പെട്ടു.

11 സെറ്റുകളിലായി 18 രംഗങ്ങൾ, 70 അടി വീതിയിൽ സുജാതൻ മാസ്റ്റർ ഒരുക്കിയ ഗംഭീര രംഗപടം, കർട്ടൻ മറയില്ലാതെ കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്കൂളിന്‍റെ തുറന്ന വേദിയിൽ അവതരണം, 2 കുതിരകളിൽ ഒഥല്ലോയും കാസിയോയും. അങ്ങനെ വ്യത്യസ്തതകളാൽ സന്പുഷ്ടമായിരുന്നു കല്പകിന്‍റെ ഒഥല്ലോ. രണ്ടു ദിവസങ്ങളിലായി 5000 ത്തിൽപരം കാണികൾ നാടകം ആസ്വദിച്ചു.

കല്പകിനുവേണ്ടി ബാബുജി ബത്തേരി സംവിധാനവും കലാരത്നം സുജാതൻ മാസ്റ്റർ രംഗപടവും പൂജപ്പുര ശശി വസ്ത്രാലങ്കാരവും നിർവഹിച്ചു. അലക്സ് സണ്ണി (സ്കൂൾ ഓഫ് ഡ്രാമ) വെളിച്ച സംവിധാനങ്ങൾ ഒരുക്കി ശശി കോഴഞ്ചേരി, ജോണി കുന്നിൽ സഹാസംവിധാനവും മുസ്തഫ അന്പാടി സംഗീത സംവിധാനവും പൗർണമി സംഗീത നൃത്ത സംവിധാനവും ഉദയൻ അഞ്ചലും മനോജ് മാവേലിക്കരയും പശ്ചാത്തല സംഗീതവും ഒരുക്കി. സിബി. എ.വി.ആർ ദീപവിന്യാസവും വർഗീസ് പോൾ ശബ്ദവിന്യാസവും നിർവഹിച്ചു.

കല്പകിന്‍റെ അഭ്യുദയകാംക്ഷിയായ എൻബിറ്റിസി ചെയർമാൻ കെ.ജി. എബ്രഹാം സംവിധായകൻ ബാബുജി ബത്തേരി, കലാ രത്നം സുജാതൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. വർഗീസ് പോൾ സുവനീർ പ്രകാശനം നിർവഹിച്ചു, കല്പക് സെക്രട്ടറി പ്രദീപ് മേനോൻ നന്ദി പറഞ്ഞു. ഷൈജു പള്ളിപ്പുറം, പ്രദീപ് വെങ്ങോല, സിജോ വലിയപറന്പിൽ, ടീന തെരേസ, പൗർണമി സംഗീത്, സ്നേഹ സുരേഷ്, ചന്ദ്രൻ പുത്തൂർ, ജോസഫ് കണ്ണംകര, വത്സൻ ജോർജ്, പ്രമോദ് മേനോൻ, ലിജോ ജോസ്, ജോമോൻ നാട്ടകം, അക്സ ജോമോൻ, അജിത്, ബാപ്ടിസ്റ്റ്, ടോമി, ശ്രീജിത്ത്, സീനു, സന്തോഷ്, മാക്സി, രമേശ്, ഫ്രഡി തുടങ്ങിയവർ അരങ്ങിലെത്തി.

റിപ്പോർട്ട്: സേവ്യർ കാവാലം