എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍
Friday, October 9, 2015 6:07 AM IST
മസ്ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ യെല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ ഒന്നിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടുകൂടി ആഘോഷിച്ചു.

ഇടവക മെത്രാപ്പോലീത്തായും പൌരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ മര്‍ക്കോസ് മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച ഫാ. ഡേവിസ് പാറയില്‍ തങ്കച്ചനു യാത്രയപ്പു നല്‍കി. പുതുതായി ഇടവക വികാരിയായി ചാര്‍ജെടുത്ത ഫാ. ജോര്‍ജ് എള്ളുവിളക്ക് സ്വാഗതം ആശംസിച്ചു. ഫാ. എല്‍ദോസ് കറുകപ്പിള്ളി, ഫാ. ബിനോജ് കുര്യാക്കോസ്, ഫാ. ഏബ്രഹാം തോമസ്, കമാണ്ടര്‍ തോമസ് അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പള്ളിവകയായി നാട്ടില്‍ പണിതീര്‍ത്ത അമ്മവീടിന്റെ നറുക്കെടുപ്പും നടന്നു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം