കല്‍ക്കരെ ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി
Monday, February 1, 2016 10:10 AM IST
ബംഗളൂരു: കല്‍ക്കരെ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളിന് തുടക്കമായി.

ജനുവരി 29ന് വൈകുന്നേരം 6.30ന് കൊടിയേറ്റ് കര്‍മത്തിനും ദിവ്യബലി ക്കും വികാരി ഫാ. സജി കളപ്പുരയ്ക്കല്‍ എംസിബിഎസ്, ഫാ. വര്‍ഗീസ് പൊടിപാറ എംസിബിഎസ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

മൂന്നാം തിരുനാള്‍ ദിവസമായ ഇന്നു രാവിലെ ഒമ്പതിന് ദിവ്യബലിക്ക് ഹുള്ളാഹള്ളി ക്രൈസ്റ് ദ കിംഗ് ഇടവക വികാരി ഫാ. ബെന്നി പെങ്ങിപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. 11ന് ഇടവകയില്‍ നിന്ന് ജോസഫ് നിവാസ് സ്പെഷല്‍ സ്കൂളിലേക്ക് സന്ദര്‍ശനവും നടത്തും.

ഫെബ്രുവരി ആറിന് വൈകുന്നേരം നാലിന് ദിവ്യബലിക്കും സ്ഥൈര്യലേപന സ്വീകരണ കര്‍മങ്ങള്‍ക്കും മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 6.30ന് പ്രദക്ഷിണവും 7.30ന് പൊതു സമ്മേളനവും നടക്കും. 9.30ന് സ്നേഹവിരുന്ന് നടക്കും.

പ്രധാന തിരുനാള്‍ ദിവസമായ ഏഴിന് രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് മാണ്ഡ്യ ബിഷപ്സ് ഹൌസ് സെക്രട്ടറി ഫാ. ജോബിഷ് നരിപ്പാറ മുഖ്യകാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് 12ന് പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കുമെന്ന് വികാരി ഫാ. സജി കളപ്പുരയ്ക്കല്‍ എംസിബിഎസ്, ഫാ. പയസ് ചൂരപ്പൊയ്കയില്‍ എംസിബിഎസ് എന്നിവര്‍ അറിയിച്ചു.

മരിയനഹള്ളി ദേവാലയത്തില്‍ തിരുനാള്‍

ബംഗളൂരു: മരിയനള്ളി ചിക്കഗുബ്ബി സെന്റ് അഗസ്റിന്‍ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവം നടത്തി. ജനുവരി 23ന് നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ ഫാ. നിജോ നെയ്ശേരില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു. പ്രധാന തിരുനാള്‍ ദിവസമായ 24ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. അനീഷ് കരിമാലൂര്‍ ഒ.പ്രേം, ഫാ. ജ്യോതിഷ് കാരക്കടയില്‍ ഒ.പ്രേം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടിക സിഎംഐ വചനസന്ദേശം നല്കി. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും കലാസന്ധ്യയും നടന്നു.

സ്വര്‍ഗറാണി ദേവാലയത്തില്‍ തിരുനാള്‍

ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു. ജനുവരി 24ന് രാവിലെ 8.45ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് നവവൈദികന്‍ ഫാ. ജോസ്മോന്‍ എംഎസ്എഫ്എസ് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ബിനു കുന്നത്ത് സഹകാര്‍മികനായിരുന്നു.

ദിവ്യബലിക്കു ശേഷം, രണ്ടുവര്‍ഷമായി ഡീക്കന്‍, സബ് ഡീക്കന്‍ എന്നീ നിലകളില്‍ ഇടവകയില്‍ സേവനമനുഷ്ഠിച്ച് വൈദികനായി അഭിഷിക്തനായ ഫാ. ജോസ്മോന് മതബോധന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.