സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ സെപ്റ്റംബർ 17ന്
Wednesday, August 31, 2016 6:53 AM IST
സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ സീറോ മലബാർ കുർബാന കേന്ദ്രമായ സ്റ്റീവനേജിൽ സെപ്റ്റംബറിലെ മലയാളം കുർബാന ദിനമായ മൂന്നാം ശനിയാഴ്ച 17 നു പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷിഷിക്കുന്നു.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ആഘോഷവും അതിനൊരുക്കമായി പൗരസ്ത്യസഭകൾ എട്ടുനോമ്പാചരണവും നടത്തുന്ന സെപ്റ്റംബറിൽ പരിശുദ്ധ അമ്മയുടെ തിരുനാൾ ഏറ്റവും വിപുലവും ഭക്‌തിപുരസരവുമായിട്ടാവും സ്റ്റീവനേജിൽ ആഘോഷിക്കുക.

പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധിക്കായുള്ള പ്രാർഥനാദിനമായി ആചരിക്കുന്ന സെപ്റ്റംബർ 17 നു രാവിലെ 9.30നു സ്റ്റീവനേജിലെ സെന്റ് ഹിൽഡാ ദേവാലയത്തിൽ ജപമാല സമർപ്പണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. സെന്റ് ജോസഫ്സ് പാരീഷ് പ്രീസ്റ്റ് ഫാ.വിൻസന്റ് ഡയിക്ക് കൊടിയേറ്റു കർമം നിർവഹിക്കും. സെന്റ് ഹിൽഡാ ദേവാലയ വികാരി ഫാ.മൈക്കിൾ തിരുനാളിന് ആതിഥേയത്വം വഹിച്ച് ആശംശകൾ നേരും. തുടർന്നു സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, ആഘോഷമായ സമൂഹ ബലി, വാഴ്വ്, പ്രദക്ഷിണം സ്നേഹവിരുന്ന് എന്നിവ നടക്കും.

ആഘോഷമായ തിരുനാൾ തിരുക്കർമങ്ങളിൽ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലെയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ മുഖ്യ കാർമികത്വം വഹിക്കും.

തിരുനാളിന്റെ വിജയത്തിനായി ഫാ. സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ വിവിധ കമ്മിറ്റികൾക്കു രൂപം നൽകി.

വിവരങ്ങൾക്ക്: പ്രിൻസൺ പാലാട്ടി (ട്രസ്റ്റി) 07429053226, ടെറീന ഷിജി (ട്രസ്റ്റി) 07710176363.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ