ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ജർമനി നടപടി തുടങ്ങി
Friday, November 4, 2016 10:17 AM IST
ബർലിൻ: ചൈനീസ് വ്യവസായികൾ വൻ തോതിൽ ജർമൻ സ്‌ഥാപനങ്ങൾ ഏറ്റെടുക്കുന്നതിനെതിരെ ജർമനി നടപടി തുടങ്ങി. ഇവിടെ എല്ലാം വില്പനയ്ക്കു വച്ചിരിക്കുകയല്ല എന്ന വ്യക്‌തമായ സന്ദേശത്തോടെ സ്വീകരിക്കുന്ന നടപടികൾ ചൈനയുടെ അതൃപ്തി ക്ഷണിച്ചുവരുത്തുമെന്നുറപ്പ്.

ജർമൻ വൈസ് ചാൻസലറും ഇക്കോണമി മന്ത്രിയുമായ സിഗ്മർ ഗബ്രിയേൽ ചൈന സന്ദർശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. ഈ വർഷം ചൈനീസ് വ്യവസായികൾ ഏറ്റെടുത്ത ജർമൻ ടെക് കമ്പനികളുടെ എണ്ണം റിക്കാർഡ് ഭേദിച്ചിരുന്നു. ജർമനിയുടെ ബൗദ്ധിക സ്വത്തുക്കൾ പോലും വിദേശത്തേക്കു കടത്തുന്നതിനു തുല്യമായാണ് ഇതു വിലയിരുത്തപ്പെട്ടത്.

ജർമനിയിലെ തുറന്ന വിപണിയാണ് ഇത്തരത്തിലുള്ള ഏറ്റെടുക്കലുകൾക്ക് ചൈനയ്ക്ക് വഴിയൊരുക്കിക്കൊടുത്തത്. ഈ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം.

ചൈനക്കാരെ ജർമനി സംശയദൃഷ്‌ടിയോടെയാണ് കാണുന്നതും. ഭാവി ഏറ്റെടുക്കലുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഗബ്രിയേൽ വ്യക്‌തമാക്കി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ