കല കുവൈത്ത് ‘മഴവില്ല് 2016’ ഒരുക്കങ്ങൾ പൂർത്തിയായി
Monday, November 7, 2016 4:46 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല, കുവൈറ്റ്) സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം ’മഴവില്ല് 2016’ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

നവംബർ 11–നു ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ഖൈത്താൻ കാർമൽ സ്കൂളിൽ വച്ചാണു മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. കിന്റർഗാർഡൻ (എൽ.കെ.ജി * യുകെജി), സബ്ജൂനിയർ (ക്ലാസ് ഒന്നു മുതൽ നാലു വരെ), ജൂനിയർ (ക്ലാസ് അഞ്ചു മുതൽ എട്ടു വരെ), സീനിയർ (ക്ലാസ് ഒമ്പതു മുതൽ 12 വരെ) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കുട്ടികളുടെ രക്ഷകർത്താക്കൾക്കും, കുവൈത്തിലെ ചിത്രകാരന്മാർക്കുമായി ഒരു ഓപ്പൺ ക്യാൻവാസും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്കും സമ്മാനങ്ങൽ ഒരുക്കിയിട്ടുണ്ട്.

പ്രമുഖ ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മഴവില്ല് 2016 –ൽ പങ്കെടുക്കുന്ന കുട്ടികൾക്കായി നവംബർ പത്തിനു വൈകിട്ട് ആറിനു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ചു അദ്ദേഹത്തിനെ നേതൃത്വത്തിൽ ഒരു വർക്ക്ഷോപ്പും, കുവൈത്തിലെ ചിത്രകാരന്മാരെ ഉൾപ്പെടുത്തി രാത്രി 8:30–നു മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ചു ഒരു മുഖാമുഖം പരിപാടിയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

പരിപാടിയെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും രജിസ്ട്രേഷനുമായി 97262978, 97683397, 66407670, 66174811 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് www.kalakuwait.com എന്ന വെബ്സൈറ്റ് വഴി പേരുകൾ രജിസ്റ്റർ ചെയ്യവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ