യുഎഫ്സി ഫുട്ബോൾ മേള: ഖാലിദിയ, കോർണിഷ്, യുണൈറ്റഡ് എഫ്സി ടീമുകൾ സെമിയിൽ
Monday, November 7, 2016 8:38 AM IST
ദമാം: അൽകോബാർ യുണൈറ്റഡ് എഫ്സിയുടെ എട്ടാം വാർഷികത്തിന്റെ ഭാഗമായി അൽ തറജ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന യുഎസ്ജി ബോറൽ സോക്കർ ഫുട്ബോൾ മേളയിലെ ക്വാർട്ടർ മൽസരങ്ങൾ പൂർത്തിയായി.

കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ സാൻഫോഡ് ഖാലിദിയ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യംഗ്സ്റ്റാർ ടൊയോട്ടയെ പരാജയപ്പെടുത്തിയത്. യാസിർ രണ്ട് ഗോളും മാനാഫ്, സാലിഹ് എന്നിവർ ഒരോ ഗോൾ വീതവും നേടി.

രണ്ടാമത്തെ മത്സരത്തിൽ കോർണിഷ് സോക്കർ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജുബൈൽ മലബാർ എഫ്സിയെ പരാജയപ്പെടുത്തിയത്. കോർണിഷിനുവേണ്ടി ഫുജൈർ, ജോബി ജോസ്, അനീഷ് എന്നിവർ വല ചലിപ്പിച്ചു.

മൂന്നാം മത്സരത്തിൽ യുണൈറ്റഡ് എഫ്സിയും ദമാം സോക്കറും തമ്മിൽ നടന്ന മൽസരത്തിൽ യുഎഫ്സി നാലിനെതിരെ ആറു ഗോളുകൾക്ക് ദമാം സോക്കറിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ഒന്നിനെതിരെ നാല് ഗോളുകൾ സ്കോർ ചെയ്ത് യുഎഫ്സി ശക്‌തമായ മുന്നേറ്റം നടത്തി. രണ്ടാം പകുതിയിൽ ശക്‌തമായ തിരിച്ചുവരവിലൂടെ ദമാം സോക്കർ മൂന്ന് ഗോളുകൾ തിരിച്ചടിച്ചെങ്കിലും കളിയുടെ അവസാനനിമിഷം യുഎഫ്സി ലീഡ് ആറാക്കി ഉയർത്തി സെമി പ്രവേശനം ഉറപ്പിക്കുകയായിരുന്നു.

ഡീപ് സീഫുഡ് കമ്പനി മാനേജിംഗ് ഡയറക്ടർ ഹംസ കോയ കല്ലൻ (ദുബായ്), മുഹമ്മദ് റസൽ ചുണ്ടക്കാടൻ, മുനീർ റോയൽ, മുജീബ് കുന്നുംപ്പുറം, മഹ്റൂഫ് മഞ്ചേരി, സഹീർ മുസ്ലിയരങ്ങാടി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കളികളിലെ കേമൻമാരായി യാസിർ (ഖാലിദിയ), ഫുജൈർ (കോർണിഷ്), പ്രവീൺ (യുഎഫ്സി) എന്നിവർക്കുള്ള ഉപഹാരങ്ങളും ട്രോഫികളും റിയാസ് പറളി, ഷമീർ കൊടിയത്തൂർ, സുധീർ ആലുവ, ഖലീൽ, റഷീദ് വയനാട്, സിദ്ദീഖ് കണ്ണൂർ, ഷബീർ വാഴക്കാട് എന്നിവർ വിതരണം ചെയ്തു. ക അ ബ് അഴിഞ്ഞിലം, ശംസു പട്ടേലത്ത്, ഫൈസൽ വട്ടാർ, ഷബീബ്, ഹാരിസ് വയനാട് എന്നിവർ മത്സത്തിന് നേതൃത്വം നൽകി.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ കോർണിഷ് സോക്കർ സാൻഫോഡ് ഖാലിദിയയേയും യൂത്ത് ക്ലബ് കോബാർ യുണൈറ്റഡ് എഫ്സിയേയും നേരിടും. നവംബർ 18നാണ് കലാശപോരാട്ടം.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം