ഇസ്കോൺ 2016: നവംബർ 11, 12 തീയതികളിൽ ഖുർത്വുബയിൽ
Wednesday, November 9, 2016 6:07 AM IST
കുവൈത്ത്: അഞ്ചാമത് ഇസ് ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോൺ 2016) നവംബർ 11, 12 തീയതികളിൽ (വെള്ളി, ശനി) ഖുർത്വുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസിൽ ഇസ് ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി അരങ്ങേറും.

‘അറിവ് സമാധാനത്തിന്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. അറിവിന്റെ ചക്രവാളങ്ങൾ അങ്ങേയറ്റം വികസിക്കുകയും അതിന്റെ സ്രോതസുകളും സാധ്യതകളും മുമ്പെന്നത്തെക്കാളും വൈവിധ്യമാർജിക്കുകയും ചെയ്തിട്ടും ആധുനികസമൂഹത്തിന് അറിവിന്റെ യഥാർഥ പ്രയോജനം കൈവരിക്കാനായിട്ടില്ല. ക്ഷണികജീവിതത്തിലെ സ്വാർത്ഥ താത്പര്യങ്ങൾക്കും അധികാരമത്സരങ്ങൾക്കും അഹങ്കാര പ്രകടനങ്ങൾക്കുമപ്പുറം സ്വന്തത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും സമാധാനത്തിനും ഉപയുക്‌തമാവുമ്പോഴാണ് അറിവ് പ്രയോജനപ്രദമാകുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമകാലലോകത്ത് നമുക്ക് വായിച്ചെടുക്കാനാവുന്നത് അശാന്തിയുടെയും അസഹിഷ്ണുതയുടെയും അനീതിയുടെയും അവഗണനയുടെയും പൊള്ളുന്ന പാഠങ്ങളാണ്. അറിവിനൊപ്പം തിരിച്ചറിവു കൂടി ഉണ്ടെങ്കിലേ ഈ ദുരവസ്‌ഥക്ക് മാറ്റം വരുത്തി അശാന്തി പുകയുന്ന സമൂഹത്തിൽ സമാധാനത്തിന്റെ നല്ല നാളുകൾ തിരിച്ചുപിടിക്കാനാകൂ.

ഇളംതലമുറയുടെ വ്യക്‌തിത്വവികാസം കൂടി ലക്ഷ്യമാക്കുന്ന ഈ സംരംഭം വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താനുതകും വിധം സെന്ററിന്റെ വിദ്യാർഥി വിഭാഗമായ കുവൈത്ത് ഇസ് ലാഹി സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ കൂടി ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

കൗമാരക്കാരായ ഇന്ത്യൻ വിദ്യാർഥികളെ മുൻകൂട്ടിയുളള രജിസ്ട്രേഷന്റെ അടിസ്‌ഥാനത്തിലാണ് സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്. ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ചും സോഷ്യൽ സർക്കിളുകൾ മുഖേനയും വിദ്യാർഥികൾ തന്നെയാണ് രജിസ്ട്രേഷന് നേതൃത്വം നൽകുന്നത്.

ഇസ് ലാമികമൂല്യങ്ങൾക്കും സാമൂഹികാവബോധത്തിനും വിദ്യാഭ്യാസതൊഴിൽ മാർഗദർശനത്തിനും വ്യക്‌തിത്വവികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് വിവിധവിഷയങ്ങളിൽ പരസ്പരവിനിമയത്തിന് അവസരമുളള അവതരണശൈലിയിലാണ് കുട്ടികൾക്കുളള ക്ലാസുകൾ സംവിധാനിക്കുന്നത്. കൊച്ചുകുട്ടികൾക്കായി കളിച്ചങ്ങാടം എന്ന പേരിൽ വിനോദവിജ്‌ഞാന ശില്പശാലയും ഉണ്ടായിരിക്കും. ഇസ് ലാമിന്റെ തനതായ നിലപാടുകളെ പൊതുജനങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുന്ന പൊതുസമ്മേളനവും ഇസ്കോണിന്റെ ഭാഗമായിരിക്കും.

ഷെഷ്ഖ് ദാവൂദ് അൽഅസൂസി (അണ്ടർ സെക്രട്ടറി കൾചറൽ അഫയേഴ്സ്, ഔഖാഫ് മന്ത്രാലയം), ഷെയ്ഖ് താരിഖ് സ്വാമി അൽ ഈസ (ചെയർമാൻ ജംഇയത് യഹിയത്റാസ് അൽ ഇസ്ലാമി), മുജാഹിദ് ബാലുശേരി (ഇന്ത്യ), താജുദ്ദീൻ സ്വലാഹി (ഇന്ത്യ), അർഷദ് താനൂർ (ഇന്ത്യ), ഷെയ്ഖ് മുഹമ്മദ് നഖ്വി (കുവൈത്ത്), ഷെയ്ഖ് മുഹമ്മദ് റൂമിഹ് (കുവൈത്ത്), ഡോ. അമീർ (കുവൈത്ത്), മുഹമ്മദ് ഫൈസൽ (ഖത്തർ) എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ പി.എൻ. അബ്ദുൾ ലത്തീഫ് മദനി (ചെയർമാൻ), ടി.പി.മുഹമ്മദ് അബ്ദുൾ അസീസ് (ജനറൽ കൺവീനർ), മുഹമ്മദ് അസ്ലം കാപ്പാട് (കൺവീനർ), പി.എൻ. അബ്ദുറഹ്മാന് അബ്ദുൾ ലത്തീഫ് (പ്രസിഡന്റ് കിസ്മ), സക്കീർ കൊയിലാണ്ടി (ജോയിന്റ് സെക്രെട്ടറി), ഷബീർ നന്തി (ചെയർമാൻ പബ്ലിക് റിലേഷൻ), ടി.പി. അൻവർ (സെക്രട്ടറി പബ്ലിക് റിലേഷൻ), എൻ.കെ. അബ്ദുസലാം (കൺവീനർ, പബ്ലിക് റിലേഷൻ) എന്നിവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ