സൗദിയിൽ സബ്സിഡി വിതരണം ഈ മാസം മുതൽ
Monday, October 23, 2017 12:39 PM IST
ദമാം: സാന്പത്തിക പരിഷ്കരണത്തിന്‍റെ ഭാഗമായി സബ്സിഡികൾ വഴിയുള്ള സഹായം നേരിട്ടു അർഹതപ്പെട്ടവരുടെ അക്കൗണ്ടിലേക്കു നൽകുന്ന പദ്ദതിക്കു സൗദിയിൽ ഈ മാസം മുതൽ തുടക്കം കുറിക്കും

വൈദ്യൂതി, ജലം ഇന്ധനം തുടങ്ങിയവക്കുള്ള സബ്സിഡികൾ നിർത്തലാക്കുന്നതോടെ സ്വദേശികളുടെ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനുദ്ദേശിച്ചാണ് സബ്സിഡി വിതരണം ചെയ്യാൻ ധന മന്ത്രാലയം തീരുമാനിച്ചത്.

വരുമാനം നോക്കി അവരവരുടെ അക്കൗണ്ടിലേക്കു നേരിട്ടാണ് സബ്സിഡിയായി ലഭിക്കുന്ന പണം നിക്ഷേപിക്കുന്നത്. വൈദ്യൂതി, ജലം ഇന്ധനം തുടങ്ങിയവയുടെ സബ്സിഡികൾ നിർത്തലാക്കുന്നതു കൂടുതൽ സാന്പത്തിക ബാധ്യതയ്ക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് അർഹതപ്പെട്ടവർക്ക് സബ്സിഡി നല്കാൻ മന്ത്രാലയം തീരുമാനിച്ചത്.

ഇടത്തരക്കാരും വരുമാനം തീരെ കുറഞ്ഞവർക്കുമാണ് സബ്സിഡിക്ക് അർഹത ലഭിക്കുക. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരന്നോ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെന്നോ വ്യത്യാസമുണ്ടാവില്ല. എന്നാൽ വിദേശികൾ സബ്സിഡിക്ക് അർഹരല്ല.

അതേസമയം അർഹതപ്പെട്ടവരുടെ അക്കൗണ്ടുകളിൽ സബ്സിഡി ഇനത്തിലുള്ള പണം നിക്ഷേപിക്കുക ഇന്ധന വിലയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ധന മന്ത്രി അറിയിച്ചു. എന്നാൽ ഒരു നിശ്ചിത വിലയെക്കാൾ ഇന്ധന വില താഴേക്കു പോയാൽ പണം നിക്ഷേപിക്കലുണ്ടാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം